സ്കൂൾ കലോത്സവം: വിദ്യാർഥിനിയെ ജാതീയമായി അധിക്ഷേപിച്ച് വിധികർത്താവ്; കർശന നടപടി ആവശ്യപ്പെട്ട് മന്ത്രി ഡിജിപിക്ക് കത്തു നൽകി

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിനിടെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 17-കാരിയായ വിദ്യാർഥിനിയെ ജാതിപ്പേരുവിളിച്ചും നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരിലും വിധികർത്താവ് അധിക്ഷേപിച്ചെന്ന പരാതിയിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.എ.തുളസി ഡി.ജി.പി.ക്കു കത്തു നൽകി. പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.
കാട്ടാക്കട താലൂക്കിലെ വീരണകാവ് സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനിക്കാണ് ദുരനുഭവമുണ്ടായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാതാപിതാക്കൾ മന്ത്രിക്കു പരാതി നൽകി. കുട്ടിക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം കുറ്റക്കാർക്കെതിരേ നിയമാനുസൃതമായ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ബന്ധപ്പെട്ടവർക്കു നിർദേശം നൽകി.
സംഭവത്തെത്തുടർന്ന് മാനസികമായി തളർന്ന വിദ്യാർഥിനിക്ക് ആത്മവിശ്വാസവും പിന്തുണയും നൽകുന്നതിന്റെ ഭാഗമായി ഡിസംബർ ആറിന് നടക്കുന്ന പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെ തനത് ഭവനനിർമാണ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ നൃത്താവതരണത്തിന് അവസരം നൽകാനും തീരുമാനിച്ചു. ഇക്കാര്യം മന്ത്രിതന്നെ നേരിട്ട് വിദ്യാർഥിനിയെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു.