'ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്നു', നേതാജിയെ അപമാനിച്ച് SCERT കൈപ്പുസ്തകം; വിവാദമായപ്പോള്‍ തിരുത്തി

തിരുവനന്തപുരം: പുതിയ പാഠപുസ്തകങ്ങള്‍ കുട്ടികളെ പഠിപ്പിക്കാനായി അധ്യാപകര്‍ക്ക് SCERT തയ്യാറാക്കിനല്‍കുന്ന കൈപ്പുസ്തകത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് തെറ്റായ പരാമര്‍ശം. നാലാംക്ലാസ് പരിസരപഠനം കൈപ്പുസ്തകത്തിലാണ് ഗുരുതരപിഴവ് വന്നത്. വിവാദമായതോടെ അധികൃതര്‍ ഇടപെട്ട് തിരുത്തി.
'കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്ന നേതാജി പിന്നീട് ആ സ്ഥാനം രാജിവെച്ച് ഫോര്‍വേഡ് ബ്ലോക്ക് എന്ന പുതിയ പാര്‍ട്ടി രൂപവത്കരിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജര്‍മനിയിലേക്ക് പലായനംചെയ്ത അദ്ദേഹം പിന്നീട് ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന സൈന്യസംഘടന രൂപവത്കരിച്ച് ബ്രിട്ടനെതിരേ പോരാടി' - ഇതായിരുന്നു കുറിപ്പിലെ ഉള്ളടക്കം.
അധ്യാപകരും സംഘടനകളുമൊക്കെ പരാതിയുമായി SCERTയെ സമീപിച്ചു. നേതാജിയെ ജപ്പാന്‍കാരുടെ ചെരിപ്പുനക്കിയെന്ന് വിശേഷിപ്പിച്ചവരും അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ചവരുമൊക്കെ അദ്ദേഹത്തെ പാഠപുസ്തകത്തിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് എബിവിപിയും രംഗത്തെത്തി.
പിശക് ശ്രദ്ധയില്‍പ്പെട്ടതോടെ, 'ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന്' എന്ന പരാമര്‍ശം ഒഴിവാക്കി പുതിയ കൈപ്പുസ്തകം പുറത്തിറക്കി. പിശക് ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍ത്തന്നെ തിരുത്തിയെന്നും പുസ്തകം തയ്യാറാക്കിയവരോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും എസ്സിഇആര്‍ടി ഡയറക്ടര്‍ ഡോ. ആര്‍.കെ. ജയപ്രകാശ് പറഞ്ഞു.
Content Highlights: scert textbook contained factual error about subhas chandra bose corrected following criticism