ദേവികുളം തിരഞ്ഞെടുപ്പ് കേസ്: കണ്ണൻദേവൻ ഹിൽ പ്ലാന്റേഷൻ രേഖ നിർണായകം; കേസ് വിധിപറയാൻ മാറ്റി

ന്യൂ ഡൽഹി: ദേവികുളം എം.എൽ.എ. എ. രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതി വിധി പറയാനായി മാറ്റി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, എ. അമാനുള്ള, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വാദംകേട്ടത്. തന്റെ മുത്തശ്ശി പുഷ്പം 1950-ന് മുമ്പ് കേരളത്തിലെത്തിയതാണെന്ന് തെളിയിക്കാൻ എ. രാജ ഹാജരാക്കിയ കണ്ണൻദേവൻ ഹിൽ പ്ലാന്റേഷൻ കമ്പനിയുടെ രേഖയാണ് കേസിൽ നിർണായകമാകുക.
രാജയുടെ പിതാവിന്റെ മാതാപിതാക്കൾ 1940-കളിലാണ് ഇടുക്കി കുണ്ടള എസ്റ്റേറ്റിലെ ജോലിക്കുവേണ്ടി തമിഴ്‌നാട്ടിൽനിന്ന് മൂന്നാറിലേക്ക് കുടിയേറിയത്. കുടിയേറുന്ന സമയത്ത് തമിഴ്നാട്ടിൽ സംവരണത്തിന് അർഹത ഉണ്ടായിരുന്ന ഹിന്ദു പറയർ വിഭാഗക്കാരായിരുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ (പട്ടിക ജാതി) ഉത്തരവ് നിലവിൽവന്ന 1950 ഓഗസ്റ്റ് 10-ന് മുമ്പ് കുടിയേറിയതിനാൽ തമിഴ് നാട്ടിലെ സംവരണത്തിന് ഉണ്ടായിരുന്ന അർഹത കേരളത്തിലും ഇവർക്ക് ഉണ്ടെന്ന് രാജക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ഗിരിയും അഭിഭാഷകൻ ജി. പ്രകാശും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഭരണഘടനയിലെ (പട്ടിക ജാതി) ഉത്തരവ് നിലവിൽവന്ന 1950 ഓഗസ്റ്റ് 10-ന് മുമ്പാണോ രാജയുടെ പിതാവിന്റെ മാതാപിതാക്കൾ കുടിയേറിയതെന്ന് തെളിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് തന്റെ അച്ഛന്റെ അമ്മ പുഷ്പം 1950-ന് മുമ്പ് കേരളത്തിൽ എത്തിയത്തിന്റെ രേഖകൾ രാജ സുപ്രീം കോടതിയിൽ ഹാജരാക്കിയത്. 1949 മുതൽ പുഷ്പം ടാറ്റയുടെ ഉടമസ്ഥയിലുള്ള മൂന്നാറിലെ കണ്ണൻദേവൻ പ്ലാന്റേഷനിൽ ജോലിചെയ്തിരുന്നതിന്റെ രേഖകളാണ് സുപ്രീം കോടതിക്ക് കൈമാറിയത്. 1949 ഫെബ്രുവരി 21-ന് പുഷ്പം ടാറ്റ എസ്റ്റേറ്റിൽ ജോലിക്ക് പ്രവേശിച്ചെന്ന് വ്യക്തമാക്കി 2021-ൽ കണ്ണൻ ദേവൻ പ്ലാന്റേഷനിലെ ജനറൽ മാനേജർ നൽകിയ സർട്ടിഫിക്കറ്റാണ് കോടതിക്ക് കൈമാറിയിരുന്നത്. ഇതോടെയാണ് ഈ കേസിൽ കണ്ണൻദേവൻ പ്ലാന്റേഷൻ നൽകിയ രേഖകൾ നിർണായകമാകുക.
അതേസമയം, സംവരണ സമുദായങ്ങളെ ഓരോ സ്ഥലത്തെയും സാഹചര്യങ്ങൾക്കനുസരിച്ചാണ് തീരുമാനിക്കുന്നതെന്ന് കേസിലെ എതിർ കക്ഷിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഡി. കുമാറിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നരേന്ദ്ര ഹുഡയും അഭിഭാഷകൻ അൽജോ കെ. ജോസും വാദിച്ചു. തമിഴ് നാട്ടിൽ സംവരണത്തിന് അർഹത ഉണ്ടെന്ന കാരണത്താൽ കേരളത്തിൽ അത് ലഭിക്കണമെന്നില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
എ. രാജയുടെ അച്ഛൻ ആന്റണിയും അമ്മ ഈശ്വരി (എസ്തറും) ഉൾപ്പടെ മുഴുവൻ കുടുംബവും 1992-ൽ ക്രിസ്തുമതത്തിലേക്ക് മതം മാറിയതായാണ് കുണ്ടള എസ്റ്റേറ്റിലെ സി.എസ്.ഐ. പള്ളി രേഖകളിൽ വ്യക്തമാക്കിയിരിക്കുന്നത് എന്നും കുമാറിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. കേസിലെ ഇരു കക്ഷികൾക്കും വാദം എഴുതിനൽകാൻ സുപ്രീം കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
Content Highlights: SC reserves order on A Raja plea against quashing of his election