പൂജ്യം മാർക്ക് ലഭിച്ച SFI നേതാവിന് മാർക്ക് കൂട്ടിക്കൊടുത്ത് ജയിപ്പിക്കാൻ നീക്കം; ഗവർണർക്ക് നിവേദനം

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ. നേതാവിന്റെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. പൂജ്യം മാർക്ക് ലഭിച്ച എസ്എഫ്ഐ നേതാവായ കെ. ആകാശിന് ഇന്റേണൽ പരീക്ഷയിൽ ആറ് മാർക്ക് കൂട്ടിക്കൊടുത്ത് ബി.എസ്.സി. പരീക്ഷ ജയിപ്പിക്കാൻ തീരുമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയത്.
അക്കാദമിക് കൗൺസിലിന്റെ റെഗുലേഷന് വിരുദ്ധമായാണ് ഇന്റേണൽ മാർക്ക് കൂട്ടി നൽകിയതെന്ന് മാർക്ക് ദാനം സംബന്ധിച്ച ചോദ്യത്തിന് നിയമസഭയ്ക്ക് സർവ്വകലാശാല മറുപടി നൽകിയിരുന്നു. ഇപ്പോൾ എസ്എഫ്ഐയുടെ മറ്റൊരു നേതാവിന് ആറു മാർക്ക് കൂട്ടിനൽകി വിജയിപ്പിച്ചതും സർവകലാശാല റെഗുലേഷന് വിരുദ്ധമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സർവകലാശാല സിൻഡിക്കേറ്റ് പരിശോധിച്ചു തള്ളിക്കളഞ്ഞ മാർക്ക് ദാന അപേക്ഷയാണ് ഇപ്പോൾ നിലവിലിരിക്കുന്ന നോമിനേറ്റഡ് സിൻഡിക്കേറ്റ് അനധികൃതമായി അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സർവ്വകലാശാലയുടെ അക്കാദമിക് കൗൺസിലിനല്ലാതെ, കോളേജ് പ്രശ്ന പരിഹാര സമിതിക്കോ സിൻഡിക്കേറ്റിനോ റെഗുലേഷനിൽ ഇളവ് അനുവദിക്കാൻ അധികാരമില്ല. ചട്ട വിരുദ്ധ നടപടികൾ തടയാൻ ബാധ്യസ്ഥനായ വൈസ് ചാൻസിലർ മാർക്ക് തട്ടിപ്പുകൾക്ക് കൂട്ടുനിൽക്കുകയാണെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.
Content Highlights: save university campaign committee on mark issue