സാങ്കേതിക തകരാർ മൂലം ജിദ്ദ വിമാനം റദ്ദാക്കി, വലഞ്ഞ് യാത്രക്കാർ; ഇനി യാത്രയ്ക്ക് ദിവസങ്ങൾ വൈകും

#ന്യൂസ് ഡെസ്‌ക്
Photo: x.com/SaudiAirlinesEn
Photo: x.com/SaudiAirlinesEn

നെടുമ്പാശ്ശേരി: സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം റദ്ദാക്കിയതിനാൽ സൗദി എയർലൈൻസ് യാത്രക്കാർ വലഞ്ഞു. അടുത്ത ദിവസങ്ങളിലെ വിമാനങ്ങളിലെല്ലാം ബുക്കിങ് ഉള്ളതിനാൽ പലർക്കും ദിവസങ്ങൾ വൈകിയാണ് യാത്ര അനുവദിച്ചിരിക്കുന്നത്. ഇത് ജോലിയെയും മറ്റും ബാധിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ.

വ്യാഴാഴ്ച പുലർച്ചെ 3.40-ന് കൊച്ചിയിൽനിന്ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന ജിദ്ദ വിമാനത്തിൽ പോകാനെത്തിയ യാത്രക്കാരാണ് വലഞ്ഞത്. പുറപ്പെടാനായി വിമാനത്തിൽ കയറ്റിയിരുത്തിയെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം റദ്ദാക്കിയതായി അറിയിച്ച് യാത്രക്കാരെ എല്ലാവരെയും പുറത്തിറക്കി.

രാവിലെ എട്ടുമണിയോടെ ഇവരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി. പിന്നീട് പല സമയങ്ങളിൽ വിമാനം പുറപ്പെടുമെന്ന് അധികൃതർ മാറിമാറി പറഞ്ഞെങ്കിലും സർവീസ് ഉണ്ടായില്ല.

എപ്പോഴാണ് പോകേണ്ടി വരുന്നതെന്നറിയാതെ യാത്രക്കാരിൽ പലരും ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു. പിന്നീട് വിമാനക്കമ്പനി ഓഫീസിലെത്തി ബഹളം വെച്ചതോടെയാണ് പലർക്കും അടുത്ത ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകൾ അനുവദിച്ചിരിക്കുന്നത്. കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ രണ്ടുദിവസമായി ദുരിതത്തിലാണെന്ന് യാത്രക്കാർ പറഞ്ഞു.

കൊച്ചിയിൽ 39 ഗൾഫ് സർവീസുകൾ

കൊച്ചി വിമാനത്താവളത്തിൽ വെള്ളിയാഴ്ച 39 ഗൾഫ് സർവീസുകൾ നടന്നു. 20 വിമാനങ്ങൾ കൊച്ചിയിലേക്കെത്തി. 19 വിമാനങ്ങൾ കൊച്ചിയിൽനിന്ന് ഗൾഫിലേക്കും പറന്നു. കൊച്ചിയിൽനിന്ന് അബുദാബിയിലേക്കും തിരികെയും എട്ടു സർവീസുകൾ വീതം ഉണ്ടായിരുന്നു.

ദുബായിൽനിന്നും തിരികെയും മൂന്ന് സർവീസുകൾ വീതവും ദോഹ, ഷാർജ എന്നിവിടങ്ങളിൽനിന്നും തിരികെയും രണ്ടു സർവീസുകൾ വീതവും നടത്തി. ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽനിന്നും തിരികെയും ഓരോ സർവീസുകളും ഉണ്ടായിരുന്നു. മസ്‌കറ്റിൽനിന്ന് കൊച്ചിയിലേക്ക് മൂന്ന് സർവീസുകളും കൊച്ചിയിൽനിന്ന് മസ്‌കറ്റിലേക്ക് രണ്ട് സർവീസുകളും ഉണ്ടായിരുന്നു.

Content Highlights: Technical failure led to the cancellation of the Saudi Airlines Jeddah-bound flight., Passengers faced significant delays with rebooking options pushed to later dates in 2026., Airport authorities provided temporary hotel accommodation after initial confusion., Cochin International Airport maintains high traffic with 39 Gulf services daily.