'രാഹുലിനെ കൈയ്യൊഴിയാൻ കഥമെനഞ്ഞത് വി.ഡി സതീശൻ, കളി കൈയിൽനിന്ന് പോയി, രാഹുലും കെണിയൊരുക്കിയിട്ടുണ്ട്'

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കെണിയൊരുക്കിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആണെന്ന ആരോപണവുമായി സിപിഎം നേതാവ് പി. സരിൻ. താൻ കൈയൊഴിയാൻ ആഗ്രഹിക്കുന്ന രാഹുലിനെതിരേ വി.ഡി. സതീശൻ കഥകളെടുത്ത് ജനങ്ങളുടെ മുമ്പിലിട്ടുവെന്നും എന്നാൽ കളി സതീശന്റെ കൈയിൽനിന്ന് പോയെന്നും പി. സരിൻ മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈമിൽ പറഞ്ഞു.
പൊതുസമൂഹത്തിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരമില്ലാതെയാകുമ്പോൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനംകൂടി ഒഴിവാക്കിയെടുക്കാം എന്ന് കോൺഗ്രസ് കരുതും. എന്നാൽ, അങ്ങനെവന്നാൽ രാഹുൽ പഠിച്ച സ്കൂളിലെ ഹെഡ്മാഷ് ആയിട്ടുള്ള ഷാഫി പെടും. സ്കൂൾ നടത്തുന്ന മാനേജരായ വി.ഡി. സതീശൻ പെടും. വിദ്യാർഥിയായ രാഹുൽ മാങ്കൂട്ടത്തിലിനെ സ്കൂളിൽനിന്ന് ടിസി കൊടുത്ത് പറഞ്ഞുവിടാമെന്ന കോൺഗ്രസിന്റെ ന്യായത്തെ കേരള പൊതുസമൂഹം തുറന്ന് ചർച്ചചെയ്യും. ആ അപകടത്തിലേക്ക് കോൺഗ്രസ് സ്വയം വഴുതി വീണുകൊണ്ടിരിക്കുകയാണ്, സരിൻ പറഞ്ഞു.
പറവൂർ മണ്ഡലത്തിൽ തന്നെ പിതൃതുല്യനായി കാണുന്ന റിനി എന്ന പെൺകുട്ടിയെ കൊണ്ടുതന്നെ വി.ഡി സതീശൻ, താൻ കൈയൊഴിയാനാഗ്രഹിക്കുന്ന രാഹുലിനെതിരേ കൃത്യമായി ജനങ്ങളുടെ മുമ്പിലേക്ക് കഥകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടത് പ്രകാരം അവരത് ചെയ്തു. എന്നാൽ, വിഡി സതീശൻ പോലും പ്രതീക്ഷിക്കാത്ത വിധം റിനിയെ സൈബറിടത്തിൽ തേജോവധം ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട എം.പി. അൽപ്പവസ്ത്രധാരിയെന്നും നാമവസ്ത്രധാരിയെന്നും പറഞ്ഞ് വ്യക്തിഹത്യചെയ്യുന്നു. സതീശന്റെ കൈയിൽനിന്ന് കളി പോകുന്നു. ആര് ആർക്കൊക്കെയാണ് പാരവെക്കുന്നത്, ആര് ആർക്കൊക്കെയാണ് പിന്നിൽ നിന്ന് കുത്തുന്നത് എന്ന് അറിയാതെ പാവം അണികൾ ഓരോരുത്തരേയും ഏറ്റുപിടിക്കേണ്ടിവരുന്നു, സരിൻ പറഞ്ഞു.
കേരളത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിന് ഇനി പിടിച്ചുനിൽക്കാൻ പറ്റാത്ത വിധത്തിൽ ഒന്നൊന്നായി കഥകൾ പുറത്തുവരും. അങ്ങനെ പുറത്തുവരുന്ന കഥകളിൽ നേതാക്കളുടെ മക്കളുണ്ടാകാം പെങ്ങന്മാരുണ്ടാകാം ഭാര്യമാരുണ്ടാകാം. ഇതെങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്നുപറഞ്ഞ് രാഹുലിനെ ബലിയാടാക്കിക്കളയാമെന്ന് വിചാരിച്ചാൽ അത് നടക്കില്ല. ബലിയാടാകാൻ മനസ്സില്ലെന്ന് പറഞ്ഞ് വീഴ്ത്താൻ രാഹുൽ ഒരുക്കിയ മറ്റൊരു കെണിയുണ്ട്, പി. സരിൻ പറഞ്ഞു.
Content Highlights: CPM Alleges Congress Leader Orchestrated Trap Against Rahul Mankootathil