മുസ്തഫല്‍ ഫൈസിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചേക്കും: ഭിന്നതകള്‍ പരിഹരിക്കാൻ ലീഗ്-സമസ്ത യോഗത്തിൽ ധാരണ

കോഴിക്കോട്: സമസ്തക്കകത്തെ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ സമസ്ത - ലീഗ് നേതൃത്വം കൂടിക്കാഴ്ച നടത്തി. ഇതുവരെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യോഗത്തില്‍ പൊതുധാരണയായി. ഇത് സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ നടത്താനും യോഗം തീരുമാനിച്ചു.
സമസ്തയിലെ ലീഗ് അനുകൂല - വിരുദ്ധ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രശ്‌ന പരിഹാര കൂടിക്കാഴ്ച. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാന്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ ധാരണയായി. സമസ്ത മുശാവറ അംഗം മുസ്തഫല്‍ ഫൈസിയെ സസ്‌പെന്‍ഡ് ചെയ്തതും വിശദ ചര്‍ച്ചയായി. ഈ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുമാണ് പൊതുധാരണ.
ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ നടന്ന കൂടിക്കാഴ്ചയില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍, എംടി അബ്ദുല്ല മുസ്ല്യാര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു .
ഇന്നത്തെ സമസ്ത ലീഗ് ചര്‍ച്ചയില്‍ പൊതുധാരണയായി എന്നും മാര്‍ച്ച് ഒന്നിന് മറ്റൊരു യോഗം ചേരുമെന്നും എല്ലാവരെയും ഉള്‍പ്പെടുത്തി ഈ യോഗത്തോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു
Content Highlights: samastha-muslim league leadership met to resolve internal differences