ഉമർ ഫൈസിയുടെ വിവാദപ്രസ്താവന: വിട്ടുവീഴ്ചയില്ലാതെ ലീഗ് അനുകൂലികളും വിരുദ്ധരും, സമസ്തയിൽ ചേരിപ്പോര്

#കെ.പി. ഷൗക്കത്തലി
ഉമര്‍ ഫൈസി മുക്കം | Screengrab - Mathrubhumi news
ഉമര്‍ ഫൈസി മുക്കം | Screengrab - Mathrubhumi news

കോഴിക്കോട്: സമസ്തയിലെ മുസ്‌ലിം ലീഗ് അനുകൂലികളും വിരുദ്ധരും തമ്മിലുള്ള അഭിപ്രായഭിന്നത ഒരിടവേളയ്ക്കുശേഷം വീണ്ടും രൂക്ഷമാവുന്നു. മുക്കം ഉമർ ഫൈസിയെ സമസ്ത മുശാവറയിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ലീഗ് അനുകൂലികളായ സമസ്തയുടെ പോഷകസംഘടനാ ഭാരവാഹികൾ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള എം.ടി. അബ്ദുള്ള മുസ്‌ല്യാർ എന്നിവർക്ക് കത്തുനൽകി.

ഓഗസ്റ്റ് 23-ന് മലപ്പുറം ജില്ലാ സി.പി.എം. ‘വഖഫ് നിയമവും യു.ഡി.എഫ്. കീഴടങ്ങലും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിലാണ് ഉമർ ഫൈസിയുടെ വിവാദപ്രസ്താവന. രണ്ട് അമുസ്‌ലിങ്ങളെവെക്കാത്ത വഖഫ് േബാർഡ് ശരിയല്ലെന്നും അത് പിരിച്ചുവിടുകയാണെങ്കിൽ രണ്ട് ആർ.എസ്.എസുകാരെവെച്ച് പരിഹരിച്ചുകൊള്ളാമെന്ന് സർക്കാർ കോടതിയിൽ പറഞ്ഞെന്നുമാണ് ഉമർ ഫൈസി പ്രസംഗിച്ചത്.

ഈ പരാമർശം കളവാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് ലീഗ് അനുകൂല വിഭാഗത്തിന്റെ വിമർശനം. ഉമർ ഫൈസിക്കെതിരേ ശക്തമായ എതിർപ്പുമായി മുന്നോട്ടുപോവാനാണ് ഇവരുടെ തീരുമാനം. സി.പി.എം. അനുകൂലിയായ ഉമർ ഫൈസിയെ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുമ്പോൾ ഒഴിവാക്കുമെന്നുറപ്പാണെന്നും അത് മുൻകൂട്ടിക്കണ്ടാണ് അദ്ദേഹം സർക്കാരിനും ലീഗിനുമെതിരേ വിവാദപ്രസ്താവന നടത്തിയതെന്നുമാണ് എതിർപക്ഷത്തിന്റെ ആരോപണം. ഉമർ ഫൈസിയാണ് സമസ്തയിലെ ലീഗ്‌വിരുദ്ധ പക്ഷത്തിന് നേതൃത്വം നൽകിയത്. സമസ്തയിലെ ലീഗ് വിരുദ്ധരായ ഒരുവിഭാഗം നേതാക്കളുടെ പിന്തുണയും സമസ്ത ജോയിന്റ് സെക്രട്ടറികൂടിയായ ഉമ്മർ ഫൈസിക്കുണ്ട്.

എൽ.ഡി.എഫ്. സർക്കാരിന്റെകാലത്ത് വഖഫ് നിയമനം പി.എസ്.സി.ക്കു വിട്ടതുമായി ബന്ധപ്പെട്ടാണ് ലീഗും സമസ്തയും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായത്. പിന്നീട് അത് രൂക്ഷമായി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ പരസ്യപ്രസ്താവനയ്ക്കുപിന്നാലെ ഉമർ ഫൈസിയെ നീക്കണമെന്ന് അന്ന് എതിർപക്ഷം ആവശ്യപ്പെട്ടിരുന്നു. പക്ഷേ, സമസ്ത ഈ വിഷയത്തിൽ ഉമർ ഫൈസിയെ താക്കീതുചെയ്ത് നടപടി അവസാനിപ്പിച്ചു. പിന്നീട് 2025 ഡിസംബറിലെ തദ്ദേശതിരഞ്ഞെടുപ്പിനുമുൻപായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ താത്‌കാലിക അനുരഞ്ജനമായിരുന്നു. നേതാക്കളുടെ പരസ്യപ്രസ്താവന വിലക്കുകയും ചെയ്തു. മാസങ്ങൾക്കുശേഷമാണ് സി.പി.എമ്മിന്റെ വേദിയിൽ വിവാദപ്രസ്താവന നടത്തി ഉമർ ഫൈസിതന്നെ പുതിയ തർക്കത്തിന് തുടക്കമിട്ടത്. അടുത്ത സമസ്ത മുശാവറ േയാഗം ഇൗ പ്രശ്നം ചർച്ചചെയ്യുമെന്നാണ് സൂചന. അവിടെയും നടപടിയാവശ്യമുയരും. പരസ്യപ്രസ്താവനകൾ നടത്തി സമസ്തയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട്.

ചൂണ്ടിക്കാണിച്ചത് ആർ.എസ്.എസുകാർ വരാനുള്ള സാധ്യത- ഉമർ ഫൈസി

കോഴിക്കോട്: രണ്ട് അമുസ്‌ലിങ്ങളെ വഖഫ് ബോർഡിൽ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിമുൻപാകെ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടാൽ നിയമിക്കപ്പെടുന്നവർ ആർ.എസ്.എസുകാരാകാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിച്ചതെന്ന് ഉമർ ഫൈസി മുക്കം. ഹൈക്കോടതി രേഖകൾ പരിശോധിച്ചാൽ ഇത് വ്യക്തമാവുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

തന്റെ പ്രസംഗത്തിന്റെപേരിൽ നടപടിയാവശ്യപ്പെട്ടവർ ഉന്നയിച്ച ആരോപണങ്ങൾ വാസ്തവവിരുദ്ധമാണ്. മുനമ്പം വഖഫ് ഭൂമി വിഷയത്തിലും സംസ്ഥാന വഖഫ് ബോർഡുമായി ബന്ധപ്പെട്ടും തനിക്കെതിരേ നടക്കുന്ന പ്രചാരണങ്ങളുടെ യഥാർഥ വസ്തുത സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുകൊണ്ടാണ് പരിപാടിയിൽ സംബന്ധിച്ചത്. മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉൾപ്പെടെ വിവിധ സംഘടനാ പ്രതിനിധികളും സംബന്ധിച്ചിരുന്നു.

ആർ.എസ്.എസിനും ബി.ജെ.പി. നേതാവിനും അനുകൂലമായി സംസ്ഥാനസർക്കാർ സത്യവാങ്മൂലം ഫയൽചെയ്തപ്പോഴും സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആർ.എസ്.എസിന് അനുകൂലമായി നിലപാട് സ്വീകരിച്ചപ്പോഴും മൗനംപാലിച്ചവരാണ് ഇപ്പോൾ തനിക്കെതിരേ പരാതിയുമായി രംഗത്തുവന്നിട്ടുള്ളതെന്നും ഉമർ ഫൈസി പറഞ്ഞു.

Content Highlights: League-supporters in Samastha demand the removal of Umar Faizy Mukkam from the Mushawara., The controversy stems from Faizy's remarks at a CPM seminar regarding non-Muslims in the Waqf Board., Umar Faizy defended his statement, claiming it highlighted the possibility of RSS members entering the board., Previous reconciliations brokered by leaders like Sadiqali Shihab Thangal are now under threat.