ലീഗ് നേതൃത്വത്തിന്റെ പിന്തുണയോടെ സമസ്തയില്‍ വീണ്ടും സമവായനീക്കം; ഒന്‍പതംഗസമിതിയെ നിയമിച്ചു

സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ, ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ തുടങ്ങിയവര്‍ ചര്‍ച്ചയില്‍
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ, ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ തുടങ്ങിയവര്‍ ചര്‍ച്ചയില്‍

മലപ്പുറം: സമസ്തയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമവായനീക്കവുമായി നേതൃത്വം. ഫെബ്രുവരിയില്‍ കാസര്‍കോട്ട് നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമം. ഇതിന് ഒന്‍പതംഗ സമിതിയെ നിയോഗിച്ചു.

മുസ്‌ലിംലീഗ് നേതൃത്വത്തിന്റെ പിന്തുണയോടെയാണ് സമവായശ്രമം. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തെത്തി നില്‍ക്കുമ്പോള്‍ സമസ്തയിലെ ഒത്തുതീര്‍പ്പ് ലീഗിനും പ്രധാനമാണ്.

സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങളും ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും വ്യാഴാഴ്ച മലപ്പുറത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എയും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇവര്‍ക്കുപുറമേ എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, മൂസക്കുട്ടി ഹസ്രത്ത്, സൈനുല്‍ ആബിദീന്‍ സഫാരി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരാണ് സമിതിയംഗങ്ങള്‍.

ഇരുവിഭാഗങ്ങളെയും വിളിച്ച് മുന്‍പ് പലതവണ നേതൃത്വം ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും തര്‍ക്കംതീര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അഭിപ്രായഭിന്നത നൂറാം വാര്‍ഷികാഘോഷത്തെയും ബാധിച്ചതോടെയാണ് വീണ്ടും സമവായനീക്കം തുടങ്ങിയത്.

ഫെബ്രുവരി നാലു മുതല്‍ എട്ടുവരെ കാസര്‍കോട് കുണിയയിലാണ് നൂറാം വാര്‍ഷിക സമ്മേളനം.

Content Highlights: Samastha leadership initiates reconciliation efforts to resolve internal disputes before its centennial celebration in Kasaragod