സമസ്ത ശതാബ്ദി വിളംബരസമ്മേളനം ഇന്ന്; സുന്നി ഐക്യം സംബന്ധിച്ച നിലപാട് കാന്തപുരം പ്രഖ്യാപിക്കും

കോട്ടയ്ക്കൽ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി വാർഷിക മഹാസമ്മേളനത്തിന്റെ വിളംബരം ശനിയാഴ്ച കോട്ടയ്ക്കൽ പുത്തൂരിലെ 'ബഹറുൽ ഉലൂം ഒ.കെ. ഉസ്താദ് നഗരി'യിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽഖാദിർ മുസ്ലിയാർ പതാക ഉയർത്തി.
പതിനായിരത്തോളം പണ്ഡിതൻമാരുടെയും കാൽലക്ഷത്തിലധികം പ്രവർത്തകരുടെയും സാന്നിധ്യത്തിൽ വൈകുന്നേരം 4.30-ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മഹാസമ്മേളന പ്രഖ്യാപനം നടത്തും. വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികളും ശനിയാഴ്ച പ്രഖ്യാപിക്കും.
ഇരുസമസ്തകളുടെയും ഐക്യവുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിക്കുന്നതിനുപിന്നാലെ നടക്കുന്ന പരിപാടിയായതിനാൽ സമ്മേളനത്തിന് പ്രാധാന്യമേറെയാണ്. മാതൃസംഘടനയിൽ നിന്ന് വിട്ടുപോയവർ തിരിച്ചുവരണമെന്ന് ഞായറാഴ്ച കാസർകോട് കുണിയയിൽ നടന്ന സമസ്ത ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപനസമ്മേളനത്തിൽ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആഹ്വാനം ചെയ്തിരുന്നു. ഇതോടെ സമസ്തകൾക്കിടയിലെ മഞ്ഞുരുകുകയാണെന്നും ഇ.കെ., എ.പി. സുന്നികളുടെ ഐക്യത്തിനുള്ള വഴിയൊരുങ്ങുകയാണെന്നും സൂചനയുണ്ടായി. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി എ.പി. വിഭാഗം പ്രതികരിച്ചില്ല. ജിഫ്രി തങ്ങളുടെ ആഹ്വാനത്തോടുള്ള നിലപാട് ശനിയാഴ്ചത്തെ സമ്മേളനത്തിൽ കാന്തപുരം വ്യക്തമാക്കുമെന്നാണ് കരുതുന്നത്. ഇക്കാര്യം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാക്കളായ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽബുഖാരിയും പേരോട് അബ്ദുറഹ്‌മാൻ സഖാഫിയും കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു.
സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ സമ്മേളനം ആരംഭിക്കും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും. കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, സി. മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, അബ്ദുല്ല അഹ്സനി ചെങ്ങാനി, സുലൈമാൻ സഖാഫി മാളിയേക്കൽ, അബ്ദുൽ ജലീൽ സഖാഫി ചെറുശോല, അലവി സഖാഫി കൊളത്തൂർ എന്നിവർ പ്രസംഗിക്കും.
വെള്ളിയാഴ്ച നടന്ന പതാക ഉയർത്തൽ ചടങ്ങിൽ. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് ജഅ്ഫർ തുറാബ് പാണക്കാട്, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ, സയ്യിദ് ശിഹാബുദ്ധീൻ അഹ്സനി കല്ലറക്കൽ, സയ്യിദ് സൈനുൽ ആബിദീൻ മൂച്ചിക്കൽ, ഇബ്രാഹീം ബാഖവി മേൽമുറി, അലി ബാഖവി ആറ്റുപുറം, അബ്ദുൽനാസർ ഹാജി ഓമച്ചപ്പുഴ, ബാവഹാജി സ്വാഗതമാട്, പറവണ്ണ അബ്ദുറസാഖ് മുസ്ലിയാർ, അലവി സഖാഫി കൊളത്തൂർ, ഊരകം അബ്ദുറഹ്‌മാൻ സഖാഫി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, അബ്ദുൽ മജീദ് അഹ്‌സനി ചെങ്ങാനി, ബഷീർ പറവന്നൂർ, മുനീർ പാഴൂർ, സുലൈമാൻ ഇന്ത്യനൂർ തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Get ready for the Samastha Kerala Jamiyyathul Ulama`s centenary conference announcement. Discover plans for education, social, and cultural development. Key leaders to speak.