സദ്യയ്ക്ക് ചെലവേറും, ബിരിയാണിക്കും; നിരക്ക് കൂട്ടാനൊരുങ്ങി കാറ്ററിങ് അസോസിയേഷനുകൾ

#ഗീതു ബാബു

കാസർകോട്: അവശ്യസാധനങ്ങളുടെ വില ഉയരുന്നിതിനാൽ, കാറ്ററിങ് സേവനങ്ങളുടെ നിരക്കും കൂട്ടാനൊരുങ്ങി കാറ്ററിങ് അസോസിയേഷനുകൾ. ക്രിസ്മസ് കാലം മുതൽ കാറ്ററിങ് നിരക്കിൽ 20 ശതമാനംവരെ വർധന വരുത്താനാണ് അസോസിയേഷനുകളുടെ തീരുമാനം. ഭക്ഷ്യോത്പന്നങ്ങളുടെ ദിനംപ്രതിയുള്ള വിലക്കയറ്റവും പാചകച്ചെലവിലുണ്ടായ വർധനയും കണക്കിലെടുത്താണ് നിരക്ക് പുതുക്കുന്നത്.

നിലവിൽ 250 രൂപ നിരക്കിൽ നൽകുന്ന ചിക്കൻബിരിയാണി 40 രൂപ വർധിപ്പിച്ച് 290 രൂപയാക്കാനാലോചിക്കുന്നെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വിമൽകുമാർ പറഞ്ഞു. പായസമുൾപ്പെടെ 23 വിഭവങ്ങളുള്ള ഒരു സദ്യയുടെ വില 400 രൂപയിലേക്കെത്തിയാൽ മാത്രമേ വിലക്കയറ്റത്തിനൊപ്പം മേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 220 രൂപയാണ് ഈടാക്കുന്നത്.

കൈമ അരിയുടെ വില 110 രൂപയിൽനിന്ന് 215 രൂപയായി. 60 രൂപയുണ്ടായിരുന്ന നെയ്ച്ചോറ് അരിക്ക് 95 രൂപ നൽകണം. അരിക്കുപുറമേ പച്ചക്കറികൾക്കും വിലകൂടി. സവാളയുടെ വില 18-ൽനിന്ന് 55 രൂപയായി ഉയർന്നു. വെളുത്തുള്ളിയും 180 രൂപയിൽനിന്ന് 240-ലേക്കെത്തി. 120 രൂപയ്ക്ക് ലഭിച്ചിരുന്ന സൂര്യകാന്തി എണ്ണയ്ക്ക് 175 രൂപ നൽകണം. അരി, പച്ചക്കറി, എണ്ണ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മേഖലയെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതിനുപുറമേ തൊഴിലാളികളുടെ കൂലിയും ഗതാഗതച്ചെലവും വർധിച്ചു. വാണിജ്യ പാചകവാതക സിലിൻഡറുകളു‍ടെ വിലവർധന ഇതിനുപുറമേയാണ്.

വിലക്കയറ്റത്തിനനുസരിച്ച് നിരക്ക് പുതുക്കേണ്ടിവരുമെന്ന നിലപാടിലാണ് കേരള കാറ്ററേഴ്സ് അസോസിയേഷനും. വിവാഹം, ജന്മദിനാഘോഷം തുടങ്ങി എല്ലാ ആഘോഷങ്ങൾക്കും കാറ്ററിങ് സേവനങ്ങളെ ആശ്രയിക്കുന്നവരാണിന്ന് ഭൂരിഭാഗവും. കാറ്ററിങ് സ്ഥാപനങ്ങൾ നിരക്ക് കൂട്ടുന്നതോടെ സദ്യവട്ടങ്ങളുടെ ചെലവ് കൂടും.

വരവിനേക്കാൾ ചെലവ് കൂടുതൽ

ദിനംപ്രതിയുള്ള വിലക്കയറ്റത്തിൽ കാറ്ററിങ് മേഖല കടുത്ത പ്രതിസന്ധിയിലാണ്. അരി, പച്ചക്കറി, എണ്ണ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം മേഖലയിൽ വരവിനേക്കാൾ ചെലവ് വർധിപ്പിക്കുന്നു. ലാഭമില്ലാതെ പ്രവർത്തിക്കേണ്ടിവരുന്ന അവസ്ഥയിലേക്കാണ് കാറ്ററിങ് മേഖല നീങ്ങുന്നത്. അതിനാൽ വില വർധിപ്പിച്ചാൽ മാത്രമേ മേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയൂ.

ജിതിൻ വിൽസെന്റ്

മലബാർ കാറ്ററിങ് ഉടമ, ചിറ്റാരിക്കൽ

​

കാറ്ററിങ് മേഖല തകരുന്നു

അവശ്യസാധനങ്ങളുടെ വിലക്കയറ്റം കാരണം കാറ്ററിങ് മേഖല തകരുകയാണ്. കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന സാധനങ്ങൾ ഇരട്ടിവില നൽകി വാങ്ങേണ്ട അവസ്ഥയാണ്. വിലക്കയറ്റം തുടരുന്നതിനാൽ, കാറ്ററിങ് സേവനങ്ങൾക്കുള്ള നിരക്ക് കൂട്ടിയാൽ മാത്രമേ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകനാകൂ.

-ബി.എച്ച്. അബ്ദുൾ ഖാദർ,

പോളോ കാറ്ററിങ് ഉടമ, ചെമ്മനാട്

Content Highlights: Rising costs of essentials lead Kerala caterers to increase sadya and biriyani prices, affecting celebrations like weddings and birthdays.