ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിലേക്ക് ഇടിച്ചുകയറി, പരിക്കേറ്റവരുമായി പോയ വാഹനവും അപകടത്തിൽപ്പെട്ടു; 6 പേർക്ക് പരിക്ക്

കോട്ടയം: മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. പരിക്കേറ്റവരുമായി പോയ വാഹനം അര കിലോമീറ്റർ ദൂരത്തിൽ വീണ്ടും അപകടത്തിൽ പെട്ടു. ഡ്രൈവറുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.
മുണ്ടക്കയം അമരാവതിക്ക് സമീപമാണ് തീർത്ഥാടകരുടെ വാഹനം ആദ്യം അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ഒമിനി വാൻ റോഡിന്റെ വശത്തെ മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തെ തുടർന്ന് ഡ്രൈവറും മുൻ സീറ്റിൽ സഞ്ചരിച്ചിരുന്ന തീർത്ഥാടകനും വാഹനത്തിൽ കുടുങ്ങി. നാട്ടുകാരും പോലീസും ചേർന്ന് ഏറെനേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് ഇവരെ വാഹനത്തിൽ നിന്നും പുറത്ത് എത്തിച്ചത്.
അപകടത്തിൽ പരിക്കേറ്റവരുമായി പോയ കാർ കരിനിലത്തിന് സമീപം മറ്റൊരു തീർത്ഥാടന വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ഇരു വാഹനങ്ങൾക്കും സാരമായ കേടുപാട് സംഭവിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. മുണ്ടക്കയം പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് മുൻകൈയെടുത്തു.
Content Highlights: Two consecutive accidents involving a Sabrimala pilgrim vehicle in Mundakayam. Six people sustained injuries. Learn more about the rescue efforts.