ശബരിമലയിലെ തിരക്ക് കുറവിലെ അസ്വാഭാവികത; പരിശോധിക്കാൻ സർക്കാർ, അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി

#ന്യൂസ് ഡെസ്ക്
ശബരിമല ക്ഷേത്രം | Photo: PTI
ശബരിമല ക്ഷേത്രം | Photo: PTI

തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് കുറവിലെ അസ്വാഭാവികത പരിശോധിക്കുമെന്ന് സർക്കാർ. വെർച്വൽ ക്യൂ ബുക്കിങ് പരിശോധിക്കണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനോടും എഡിജിപി പി. വിജയനോടും ആവശ്യപ്പെട്ടു. മുൻവർഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ശബരിമലയിലെ തിരക്ക് ഗണ്യമായ തോതിൽ കുറഞ്ഞിട്ടുണ്ടെന്നും അതിൽ അസ്വാഭാവികതയുണ്ട് എന്നുമാണ് സർക്കാരിന് സംശയം.

അതിന്റെ കാരണം എന്താണ് എന്ന് പരിശോധിക്കണമെന്നാണ് സർക്കാർ ഇപ്പോൾ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. വെർച്വൽ ക്യൂ ബുക്കിങ്ങിലെ സർക്കാരിന്റെ സംശയം ഉന്നയിച്ചതിന് പിന്നാലെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനോട് ഇത് സംബന്ധിച്ച് പരിശോധന നടത്തണമെന്ന് ദേവസ്വംമന്ത്രി പ്രത്യേകം നിർദേശം നൽകിയത്.

ദേവസ്വം ബോർഡ് പ്രസിഡന്റിനോടും വിഷയത്തിൽ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് മന്ത്രി കത്ത് നൽകിയിട്ടുണ്ട്. മുൻവർഷങ്ങളിൽ ആഴ്ചയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സാധാരണയായി ശബരിമലയിൽ വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ ഈ ദിവസങ്ങളിൽ ഇത്തവണ സാധാരണയേക്കാൾ വളരെ കുറഞ്ഞ അളവിലാണ് ബുക്കിങ് ഉണ്ടായിട്ടുള്ളത്.

17-ാം തീയതി ചൊവ്വാഴ്ച, ഏകദേശം അൻപത്തിയാറായിരത്തിലധികം പേരാണ് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്. എന്നാൽ നാൽപത്തി എട്ടായിരത്തോളം പേർ മാത്രമാണ് ദർശനത്തിനെത്തിയത്. ബുക്ക് ചെയ്യുന്നവരിൽ ഇരുപതിനായിരം മുതൽ മുപ്പത്തയ്യായിരം വരെ കുറവുണ്ടാകുന്നു. മാത്രമല്ല, ഇത്തരത്തിൽ ബുക്ക് ചെയ്തിട്ട് ദർശനത്തിന് എത്താത്തവർക്ക് പകരമായി മറ്റ് ഭക്തർക്ക് ബുക്ക് ചെയ്യാൻ സാധിക്കുന്നില്ല എന്ന് ഒരു പ്രശ്‌നവും ഉണ്ട്.

ബുക്ക് ചെയ്യുന്നവർ വരുന്നില്ല, മറ്റുള്ളവർക്ക് ഈ സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുന്നുമില്ല എന്നതിലാണ് സർക്കാർ അസ്വാഭാവികത സംശയിക്കുന്നത്. ഇക്കാര്യം പരിശോധിക്കണം എന്നാണ് എഡിജിപി പി. വിജയനോടും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനോടും ദേവസ്വം മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

Content Highlights: The government is investigating the unusual decrease in crowd numbers at Sabarimala, suspecting irregularities in the virtual queue booking system. Devaswom Minister K. Muraleedharan has requested ADGP P. Vijayan and Devaswom Board President K. Jayakumar to conduct a thorough investigation into the matter. Despite high virtual bookings, actual attendance is significantly lower, and the inability to reallocate unused slots to other devotees is a concern.