വാജിവാഹനം കൈമാറിയത് എൻ്റെ അറിവോടെയല്ല, ഉത്തരവാദിത്വം പ്രയാറിനും അജയ് തറയിലിനും- മുൻ അംഗം കെ. രാഘവൻ

#മാതൃഭൂമി ന്യൂസ്
കെ. രാഘവന്‍, അജയ് തറയില്‍
കെ. രാഘവന്‍, അജയ് തറയില്‍

ആലപ്പുഴ: ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് കൈമാറിയതിന്റെ ഉത്തരവാദിത്വം കോൺഗ്രസ് പ്രതിനിധികളായിരുന്ന പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലിനുമാണെന്ന് ദേവസ്വം ബോർഡ് മുൻ അംഗം കെ. രാഘവൻ. വാജിവാഹനം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഒരുചർച്ചയും താൻ പങ്കെടുത്ത ബോർഡ് യോഗങ്ങളിൽ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

''ഞാൻ ദേവസ്വംബോർഡിൽ വരുന്നതിന് മുമ്പാണ് പഴയ കൊടിമരം മാറ്റാനും പുതിയ കൊടിമരം സ്ഥാപിക്കാനുമുള്ള തീരുമാനമെടുത്തത്. ആ യോഗങ്ങളിലൊന്നും ഞാനില്ലായിരുന്നു. അന്ന് പ്രയാറും അജയ് തറയിലുമാണ് ദേവസ്വംബോർഡിന്റെ ഭരണകർത്താക്കൾ. വാജിവാഹനം കൈമാറുന്നതുമായി ബന്ധപ്പെട്ടോ, കൊടിമരനിർമാണമായി ബന്ധപ്പെട്ടോ യാതൊരു കാര്യങ്ങളും ദേവസ്വംബോർഡിന്റെ യോഗങ്ങളിൽവന്നിട്ടില്ല. എനിക്ക് അതുസംബന്ധിച്ച് യാതൊരു വിവരവും ഇല്ല'', സിപിഎം പ്രതിനിധിയായി ബോർഡിലുണ്ടായിരുന്ന കെ. രാഘവൻ പറഞ്ഞു.

വാജിവാഹനം തന്ത്രിക്ക് കൈമാറിയത് കീഴ്‌വഴക്കമനുസരിച്ചാണെന്നും ബോർഡിലെ സിപിഎം അംഗമായിരുന്ന രാഘവന്റെയും അറിവോടു കൂടിയാണെന്നും അജയ് തറയിൽ മുൻപ് പറഞ്ഞിരുന്നു. എന്നാൽ, കോൺഗ്രസ് പ്രതിനിധികൾക്ക് ബോർഡിൽ ഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ പല തീരുമാനങ്ങളും താനറിയാതെയാണ് കൈക്കൊണ്ടതെന്നാണ് രാഘവന്റെ പ്രതികരണം.

ദേവസ്വം ബോർഡിന്റെ വസ്തുവകകൾ പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്ന കർശനമായ ഉത്തരവ് നിലനിൽക്കെയാണ് വാജിവാഹനം തന്ത്രിക്ക് കൈമാറിയതെന്നാണ് വിലയിരുത്തൽ. നിലവിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വാജിവാഹനം കൈമാറിയ വിഷയവും പരിശോധിക്കുന്നുണ്ട്. വാജിവാഹനം തന്റെ പക്കലുണ്ടെന്നും അത് തിരികെനൽകാൻ തയ്യാറാണെന്നും തന്ത്രി നേരത്തെ അറിയിച്ചിരുന്നു. പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ച സാഹചര്യത്തിൽ, അജയ് തറയിലിന്റെ വിശദീകരണം ഈ കേസിൽ നിർണായകമാകും. അതിനിടെ, ഫീനിക്‌സ് ഗ്രൂപ്പ് പൂർണ്ണമായും സ്‌പോൺസർ ചെയ്ത കൊടിമരത്തിന്റെ പേരിൽ പ്രത്യേക പണപ്പിരിവ് നടന്നതായും ആരോപണമുണ്ട്. 

Content Highlights: Former Devaswom Board member K. Raghavan implicates Congress leaders Pravar Gopakrishnan and Ajay Tharayil in the transfer of the `Vajivahanam` to the Sabarimala Tantri. He denies knowledge of any such decision.