ശബരിമല: സ്പോട്ട് ബുക്കിങ് ഒഴിവാക്കുന്നത് ഇതരസംസ്ഥാന തീര്‍ഥാടകര്‍ക്ക് തിരിച്ചടി

#സ്വന്തം ലേഖകന്‍
ശബരിമല (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
ശബരിമല (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കുന്നത് ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് തിരിച്ചടിയാകും. സന്നിധാനത്ത് എത്തുന്നവരില്‍ ഏറിയപങ്കും തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. ഇവരില്‍ത്തന്നെ ഭൂരിഭാഗവും ഗ്രാമീണമേഖലയില്‍നിന്നുള്ളവരും. ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ നിര്‍ബന്ധമാണെന്നറിയാതെയോ സാങ്കേതിക തടസ്സങ്ങളാല്‍ ബുക്കുചെയ്യാന്‍ കഴിയാതെയോ എത്തുന്നവര്‍ക്ക് അനുഗ്രഹമായിരുന്ന സ്പോട്ട് ബുക്കിങ് സൗകര്യമാണ് സര്‍ക്കാര്‍ വേണ്ടെന്നുവെച്ചത്.

കുമളി, ഏരുമേലി, മുണ്ടക്കയം, ആലുവ, ഏറ്റുമാനൂര്‍, ചെങ്ങന്നൂര്‍, പന്തളം, നിലയ്ക്കല്‍, പമ്പ, കൊട്ടാരക്കര എന്നിവിടങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. നിലയ്ക്കലില്‍ പത്തും പമ്പയില്‍ അഞ്ചും കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം ഒറ്റയടിക്കു വേണ്ടെന്നുവെച്ചത് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന ആശങ്ക ദേവസ്വം ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളും ദേവസ്വം ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.

വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വംബോര്‍ഡാണ് ഇപ്പോള്‍ കൈകാര്യംചെയ്യുന്നത്. ഇതില്‍ ഒരുദിവസം 80,000 ഭക്തര്‍ എന്ന പരിധിനിശ്ചയിച്ചത് ട്രാവല്‍ ഏജന്‍സികള്‍ക്കായി ബുക്കുചെയ്താല്‍ സാധാരണ തീര്‍ഥാടകര്‍ക്ക് അവസരം കിട്ടാതെയുംവരും.

സന്നിധാനത്ത് എത്തുന്നവരുടെ കണക്കും വിവരവും സുരക്ഷയ്ക്ക് ആവശ്യമാണെന്നും തിരുപ്പതി ക്ഷേത്രമാതൃകയില്‍ ശബരിമലയിലെ ദര്‍ശനം ക്രമീകരിക്കണമെന്നുമുള്ള ലക്ഷ്യത്തോടെയാണ് ദേവസ്വംബോര്‍ഡിന്റെ പുതിയക്രമീകരണങ്ങള്‍. എന്നാല്‍, മാസപൂജയ്ക്ക് അഞ്ചുദിവസം വീതവും മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് രണ്ടുമാസത്തോളവുംമാത്രം തുറക്കുന്ന കാനനക്ഷേത്രമായ ശബരിമലയെ എന്നും ദര്‍ശനമുള്ള തിരുപ്പതിയുമായി താരതമ്യം ചെയ്യാനാവില്ല.
 

Content Highlights: Sabarimala Spot Booking Ban, Trouble for Pilgrims?