ശബരിമലയിൽ ഇനി 24 മണിക്കൂറും മുറി ബുക്കുചെയ്യാം, പഴുതടച്ച് പോർട്ടൽ വരുന്നു

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ മുറികളുടെ ഓൺലൈൻ ബുക്കിങ് ദേവസ്വം ബോർഡ് പോർട്ടൽ പരിഷ്കരിക്കുന്നു. 2016-ൽ നിലവിൽവന്ന tdbonline.org പോർട്ടലിൽ പഴുതുകളുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. സംസ്ഥാന ഐ.ടി. അടിസ്ഥാനസൗകര്യ കമ്പനിയായ കിറ്റ്ഫ്രയുടെ (കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) മേൽനോട്ടത്തിലാണ് നവീകരണം.
കറന്റ് ബുക്കിങ്ങിന് സൗകര്യമുണ്ടാകും
പുതിയ പോർട്ടലിൽ 500 മുറികൾ ഓൺലൈൻ ബുക്കിങ്ങിലൂടെ ലഭ്യമാക്കും. 24 മണിക്കൂറും ബുക്കുചെയ്യാം. പുതിയ പോർട്ടലിൽ റെയിൽവേയിലേതുപോലെ കറന്റ് ബുക്കിങ്ങിന് സൗകര്യമുണ്ടാകും.
കഴിഞ്ഞമാസം ബുക്കിങ് തുടങ്ങി ഒരു മണിക്കൂറിനകം 400 മുറികളും ട്രാവൽ ഏജൻസികളും ഇടനിലക്കാരും കൈക്കലാക്കിയതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഏതെങ്കിലുമൊരു ഐ.ഡി. നൽകി ആർക്കും എത്ര മുറിവേണമെങ്കിലും ബുക്കുചെയ്യാമെന്നതാണ് നിലവിലെ പോരായ്മ.
ക്യു.ആർ. കോഡ് മതി
അക്കോമഡേഷൻ ഓഫീസിൽ പണമടച്ച് രസീതുമായി മുറിയിലേക്ക് പോകുന്ന ഇപ്പോഴത്തെ രീതിമാറും. പകരം ബുക്കുചെയ്തതിന്റെ ഡിജിറ്റൽ രേഖയുമായി നേരേ മുറിയിലേക്ക് ചെല്ലാം. ഓരോ കെട്ടിടത്തിലും ടാബുമായി കെയർടേക്കർമാരുണ്ടാകും. ക്യു.ആർ. കോഡ് സ്കാൻ ചെയ്താലേ മുറിയിലേക്ക് പ്രവേശിക്കാനാവൂ. 60 വയസ്സും അതിനു മുകളിലുമുള്ളവർക്കും താഴത്തെ നിലയിലെ മുറി ലഭിക്കുന്ന ക്രമീകരണവും പോർട്ടലിലുണ്ടാകും.
മുറികൾ തീർന്നാൽ അലർട്ടിനായി രജിസ്റ്റർ ചെയ്യാം. മുറി ഒഴിയുമ്പോൾ അറിയിപ്പ് ലഭിക്കും. ബുക്കിങ് റദ്ദാക്കാനും സൗകര്യവുമുണ്ടാകും. മണ്ഡലകാല തീർഥാടനം തുടങ്ങിയശേഷമേ നവീകരിച്ച പോർട്ടൽ നിലവിൽവരൂ.
Content Highlights: Sabarimala's online room booking portal is being revamped to enhance user experience, offering 500 rooms with 24-hour booking and current booking options.