സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ഒത്താശയോടെ ശബരിമലയിൽ ആചാര ലംഘനം നടന്നു - ഡോ. സിറിയക് തോമസ്

കോട്ടയം: ശബരിമലയിൽ ആചാര ലംഘനം നടന്നുവെന്നും സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ഒത്താശയോടെയാണ് അത് നടന്നതെന്നുമുള്ള വിമർശനവുമായി ദേശീയ ന്യൂനപക്ഷ കമ്മിഷൻ അംഗം ഡോ. സിറിയക് തോമസ്. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് 149-ാമത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്നം ജയന്തിയും മാരാമൺ കൺവെൻഷനും മധ്യകേരളത്തിലെ അദ്ഭുതങ്ങളാണെന്നും പെരുന്നയിലെ ജനസാഗരം പ്രകമ്പനം തീർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്നവും കെ. കേളപ്പനും ഗാന്ധിഭക്തരായിരുന്നു എന്ന കാര്യം കോൺഗ്രസ് മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. രാജ്യത്ത് ഗാന്ധിനിന്ദ വർധിച്ചു വരുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം അതിനെതിരേ ഇടതുപക്ഷവും കൂടെ നിൽക്കണമെന്നും ആവശ്യപ്പെട്ടു. ഗാന്ധിയുടെ മൂല്യങ്ങൾ നിലനിർത്താൻ കോൺഗ്രസിനും ഇടതുപക്ഷത്തിനും തുല്യ ബാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻഎസ്എസും ഇതിനായി മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ശബരിമലയിൽ ആചാരലംഘനം നടന്നു. സർക്കാരിന്റെ സഹായത്തോടെയാണെന്ന് അതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. ഇത് മുഖ്യമന്ത്രിയുടെ വാക്കുകൾ കടമെടുത്തു പറയുകയാണെന്നും ഡോ. സിറിയക് തോമസ് വ്യക്തമാക്കി.
ശബരിമലയിലെ ആചാരലംഘനത്തിനെതിരേ എൻഎസ്എസ് നാമജപ ഘോഷയാത്ര നടത്തി പ്രതിഷേധിച്ചിരുന്നു. അന്ന് ജി. സുകുമാരൻ നായർ ശക്തി സ്രോതസായി മാറി. ഒരു രാഷ്ട്രീയവും ഇല്ലാത്ത സ്വാഭാവികമായി ഉയർന്നു വന്ന പ്രതിഷേധമായിരുന്നു അതെന്നും എന്നാലത് ചരിത്ര സംഭവമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നീട് പലരും രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രതിഷേധങ്ങൾ ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയെ രാജ്യത്തെ രാഷ്ട്രീയ മനസിൽ പുനപ്രതിഷ്ടിക്കുന്നതിന് എൻഎസ്എസിന് കഴിയും. ഗാന്ധിജിയെ തിരിച്ചെത്തിക്കുന്നതിനുള്ള വിമോചനസമരത്തിന്റെ കേളികൊട്ടാകണം മന്നം ജയന്തി ആഘോഷമെന്നും ഡോ. സിറിയക് തോമസ് പറഞ്ഞു. അങ്ങനെയെങ്കിൽ രാജ്യം മുഴുവൻ അവർക്ക് മുന്നിൽ തലകുനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: National Commission for Minorities member Dr. Ciriac Thomas criticizes alleged ritual violations at Sabarimala, blaming government and Left support. NSS Golden Jubilee speech.