ശബരിമലയിൽ പേട്ട സംഘത്തോട് പോലീസ് മോശമായി പെരുമാറിയെന്ന് പരാതി; പെരിയോൻ 18-ാംപടിയിൽ മുട്ടിടിച്ച് വീണു

ശബരിമല: ശബരിമല ദർശനത്തിന് എത്തിയ അമ്പലപ്പുഴ പേട്ട സംഘത്തിനോട് പോലീസിന്റെ പരിധിവിട്ട പെരുമാറ്റമെന്ന് പരാതി. പെരിയോൻ ഗോപാലകൃഷ്ണപിള്ള പതിനെട്ടാംപടിയിൽ മുട്ടിടിച്ച് വീഴുകയുംചെയ്തു.
ശബരിമല ക്ഷേത്രവുമായി ആചാരപരമായി ആത്മബന്ധമുള്ളവരാണ് അമ്പലപ്പുഴ സംഘം. എരുമേലി പേട്ട കഴിഞ്ഞാണ് സംഘം സന്നിധാനത്ത് എത്തിയത്. ഇവർ ഒന്നിച്ചാണ് പതിനെട്ടാംപടി ചവിട്ടുന്നത്. ഇത് ആചാരമാണ്.
പെരിയോനും ഒരുസംഘവും ആദ്യമെത്തി പതിനെട്ടാംപടിക്ക് താഴെ ബാക്കിയുള്ളവരെ കാത്തുനിന്നു. അപ്പോൾ ഒരു പോലീസുകാരൻ ഇവരോട് പടി കയറാൻ കയർത്ത് ആവശ്യപ്പെട്ടെന്നാണ് ആക്ഷേപം. തർക്കത്തിന് നിൽക്കാതെ പടി കയറവെ, പെരിയോനെയും കൂടെയുള്ളവരെയും പോലീസ് തള്ളിയെന്നും മർദിച്ചെന്നും അവർ ആരോപിച്ചു. ചിലരുടെ വയറ്റിൽ കുത്തിയെന്നും ആക്ഷേപമുണ്ട്. 'എടാ പോടോ എന്ന് വിളിച്ചാണ് പോലീസുകാർ സംസാരിച്ചത്. അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞപ്പോൾ നിന്നെയൊക്കെ എടാന്ന് വിളിച്ചാൽ എന്തുചെയ്യുമെന്നായിരുന്നു മറുപടി', പേട്ട സംഘം പറഞ്ഞു.
സംഭവത്തിൽ ശബരിമല സ്‌പെഷ്യൽ ഓഫീസർ എഡിജിപി എസ്. ശ്രീജിത്തിന് പരാതി നൽകിയിട്ടുണ്ട്. ആ സമയത്തെ ദൃശ്യങ്ങൾ പരിശോധിച്ച് പോലീസുകാർക്കെതിരേ നടപടിയെടുക്കുമെന്ന് എസ്. ശ്രീജിത്ത് ഉറപ്പുനൽകിയതായും പേട്ടസംഘം പറഞ്ഞു.
Content Highlights: Ambalappuzha Pettah devotees claim police manhandled them at Sabarimala, causing injuries. Complaint filed, probe promised.