ശബരിമല ദർശനംകഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

#ന്യൂസ് ഡെസ്ക്
Photo: Screengrab/ MathrubhumiNews
Photo: Screengrab/ MathrubhumiNews

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാൻ അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞ് മലപ്പുറം തിരൂരിലേക്ക് പോകുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാനാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

നിയന്ത്രണംവിട്ട വാഹനം പത്തനംതിട്ട പെരുന്നാട് വയറൻമരുതിയിലുള്ള എസ്.എൻ.ഡി.പി. ശാഖാ കെട്ടിടത്തിന്റെ ശുചിമുറിയുടെ മുകളിലേക്കാണ് മറിഞ്ഞത്. വൈകുന്നേരം 3.45 ഓടെയായിരുന്നു അപകടം.

യാത്രയ്ക്കിടെ അൽപനേരം വിശ്രമിച്ചശേഷം വാഹനം മുന്നോട്ടെടുത്തതായിരുന്നു. 200 മീറ്റർ സഞ്ചരിച്ചപ്പോഴേക്കും വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് റോഡരികിലെ ബാരിക്കേഡ് ഇടിച്ചു തകർത്തശേഷം കെട്ടിടത്തോട് ചേർന്നുള്ള ശുചിമുറിയുടെ മുകളിലേക്ക് മറിഞ്ഞു.

16 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ല. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.

Content Highlights: A van carrying Sabarimala pilgrims from Tirur met with an accident in Pathanamthitta., The accident occurred due to brake failure after traveling 200 meters from a rest stop., Five people, including a child, sustained injuries, with the child's condition reported as serious.