ശബരിമല: തീര്‍ഥാടകരുടെ എണ്ണം ഇരട്ടി;വരുമാനത്തില്‍ വര്‍ധന, വെര്‍ച്വല്‍ക്യൂ ബുക്കിങ് പരിധി ഉയര്‍ത്തില്ല

ശബരിമല: നട തുറന്ന് ഒമ്പതുദിവസം പൂര്‍ത്തിയായപ്പോള്‍ അയ്യപ്പദര്‍ശനത്തിന് സന്നിധാനത്ത് എത്തിയത് 6,12,290 തീര്‍ഥാടകര്‍. ഇക്കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3,03,501 തീര്‍ഥാടകര്‍ കൂടുതലായി എത്തി.
നടവരവിലും വന്‍ വര്‍ധന ഉണ്ടായി. ശനിയാഴ്ച വരെ 41.64 കോടി രൂപയാണ് ലഭിച്ചത്. ഇതു മുന്‍വര്‍ഷത്തേക്കാള്‍ 13.33 കോടി രൂപ കൂടുതലാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
അരവണയില്‍നിന്ന് ഇത്തവണ 17.71 കോടിരൂപ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 11.57 കോടിയായിരുന്നു ഈയിനത്തിലെ വരുമാനം. കാണിക്കയിനത്തിലും വര്‍ധന ഉണ്ടായി-13.92 കോടി. അപ്പം വിറ്റയിനത്തില്‍ 2.12 കോടി രൂപയാണ് വരുമാനം.
ശബരിമലയിലെ വെര്‍ച്വല്‍ക്യൂ ബുക്കിങ് പരിധി ഉയര്‍ത്തില്ലെന്ന് പി.എസ്. പ്രശാന്ത് പറഞ്ഞു. എത്രപേര്‍ എത്തിയാലും ദര്‍ശനസൗകര്യമൊരുക്കും. വണ്ടിപ്പെരിയാര്‍ സത്രം, എരുമേലി, പമ്പ എന്നിവിടങ്ങളില്‍ തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പമ്പ മണപ്പുറത്ത് വിപുലമായ സംവിധാനമാണ് തത്സമയ ബുക്കിങ്ങിന് ക്രമീകരിച്ചിട്ടുള്ളത്. ഇവിടെ ഭക്തര്‍ക്ക് ഒരു ആശങ്കയുടെയും ആവശ്യമില്ല. ഒരാള്‍ക്കുപോലും ദര്‍ശനം കിട്ടാതെ മടങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ല. ഓരോ ഭക്തനും ആധാര്‍ കാര്‍ഡോ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പോ കൈയില്‍ കരുതണം എന്നുമാത്രം-അദ്ദേഹം പറഞ്ഞു.
പതിനെട്ടാംപടി കയറിവരുന്ന ഭക്തരെ ദര്‍ശനത്തിന് മേല്‍പ്പാലത്തില്‍ കയറ്റിവിടാതെ കൊടിമരച്ചുവട്ടിലൂടെ നേരേ കയറ്റിവിടുന്ന കാര്യം പരിഗണനയിലാണെന്ന് പി.എസ്.പ്രശാന്ത് പറഞ്ഞു. ദര്‍ശനം കഴിഞ്ഞെത്തുന്നവരെ മാളികപ്പുറം വഴി ബെയ്ലി പാലത്തിലൂടെ ചന്ദ്രാനന്ദന്‍ റോഡുവഴി മടക്കയാത്ര ക്രമീകരിക്കും. വളരെ ആലോചനയ്ക്കും പരിശോധനയ്ക്കുംശേഷം കോടതി, സര്‍ക്കാര്‍ ,േപാലീസ് എന്നിവരുമായി ആലോചിച്ചും ചര്‍ച്ചകള്‍ നടത്തിയും മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: sabarimala pilgrims doubled increase in income virtual queue booking limit not raised