450 കോടിയുടെ ശബരിമല റോഡ് പാക്കേജ്: നവംബറിനു മുൻപ് പണി തീർക്കും; വീഴ്ചവരുത്തുന്നവർക്കെതിരേ നടപടി

തിരുവനന്തപുരം: ശബരിമല തീർഥാടനം ആരംഭിക്കുംമുൻപ് റോഡുവികസന ജോലികൾ പൂർത്തിയാക്കാൻ നാലുഘട്ട കർമപദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. 450 കോടിയുടെ സമഗ്ര പാക്കേജിന്റെ ഭാഗമായുള്ള പ്രവൃത്തികൾ ജൂലായ് മുതൽ നവംബർ ആദ്യംവരെ ഘട്ടംഘട്ടമായി പൂർത്തിയാക്കും. മണ്ഡല-മകരവിളക്ക് സീസൺ തുടങ്ങും മുൻപ് മുഴുവൻ ജോലികളും തീർക്കുമെന്ന് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. സമയബദ്ധമായി നിർമാണം പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതി നടപ്പാക്കൽ
ജൂലായ്-ഓഗസ്റ്റ്
പുതിയപദ്ധതികൾ തയ്യാറാക്കും. മുൻവർഷങ്ങളിലെ പൂർത്തിയാകാത്ത പ്രവൃത്തികളുടെ പട്ടിക തയ്യാറാക്കും. ഭരണാനുമതിയും ടെൻഡർ നടപടികളും പൂർത്തിയാക്കും. പൊതുമരാമത്ത് വകുപ്പ്, ദേശീയപാതാ അതോറിറ്റി, ജല അതോറിറ്റി എന്നിവയുടെ സംയുക്തയോഗവും എം.എൽ.എ.മാരുടെ പ്രത്യേകയോഗവും.
ഓഗസ്റ്റ്-സെപ്റ്റംബർ
മുൻഗണനാ പ്രവൃത്തികൾക്ക് ഊന്നൽ. കഴിഞ്ഞ വർഷങ്ങളിലെ ബാക്കി ജോലികൾ പൂർത്തിയാക്കും. റോഡ് സുരക്ഷയ്ക്ക് മാറ്റിവെച്ച 15 കോടിയുടെ പദ്ധതികൾ നടപ്പാക്കും. അപകടസാധ്യതയുള്ള ഭാഗങ്ങളിൽ ക്രാഷ് ബാരിയർ, സ്പീഡ് ബ്രേക്കർ, റിഫ്ളക്ടർ, സൈൻബോർഡ് എന്നിവ സ്ഥാപിക്കും.
സെപ്റ്റംബർ-ഒക്ടോബർ
പ്രധാന തീർഥാടനപാതകളിൽ ബി.എം.ബി.സി./ബി.സി. ഉപരിതല പ്രവൃത്തികളും ഓവുചാൽ സംവിധാനങ്ങളും ഒരുക്കും. ജലജീവൻ മിഷൻ പ്രവൃത്തികളെത്തുടർന്ന് തകർന്ന റോഡുകൾ പുനരുദ്ധരിക്കും. റസ്റ്റ് ഹൗസുകളുടെ നവീകരണം പൂർത്തിയാക്കും. ഒക്ടോബർ അവസാനവും നവംബർ ആദ്യവുമായി ഗുണനിലവാര പരിശോധനയും സുരക്ഷാ ക്രമീകരണ വിലയിരുത്തലും നടത്തി എല്ലാ പ്രവൃത്തികളും പൂർത്തിയാക്കും.
Content Highlights: Comprehensive 450-crore road development package for Sabarimala 2026., Four-phase execution plan from July to November., Installation of safety features including crash barriers and reflectors., Strict deadline adherence mandated by the PWD Minister., Restoration of roads damaged by Jal Jeevan Mission works.