എട്ടുമണിക്കൂർ നീണ്ട പരിശോധന, രേഖകൾ പിടിച്ചെടുത്തു; കണ്ഠര് രാജീവരുടെ വീട്ടിൽനിന്ന് SIT സംഘം മടങ്ങി

#News Desk
ചെങ്ങന്നൂരിലെ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ എസ്ഐടി സംഘം പരിശോധന നടത്തുമ്പോൾ പുറത്ത് കാവൽനിൽക്കുന്ന പോലീസുകാർ | ഫോട്ടോ: സി.ബിജു
ചെങ്ങന്നൂരിലെ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ എസ്ഐടി സംഘം പരിശോധന നടത്തുമ്പോൾ പുറത്ത് കാവൽനിൽക്കുന്ന പോലീസുകാർ | ഫോട്ടോ: സി.ബിജു

ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) നടത്തിയ പരിശോധന പൂർത്തിയായി. എട്ടു മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് എസ്‌ഐടി സംഘം മടങ്ങിയത്. ബന്ധുക്കളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ അന്വേഷണസംഘം, സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട രേഖകൾ, ഇലക്ട്രോണിക് രേഖകൾ എന്നിവയെല്ലാം പരിശോധിച്ചു. വീട്ടിൽനിന്ന് ഇത്തരം ചില രേഖകൾ പിടിച്ചെടുത്തുവെന്നാണ് വിവരം.

ഒരു സ്വർണപ്പണിക്കാരനെയും എസ്‌ഐടി ഉദ്യോഗസ്ഥർ ഇവിടേക്ക് എത്തിച്ചിരുന്നു. വീട്ടിലെ സ്വർണ ഉരുപ്പടികൾ ഉൾപ്പെടെ പരിശോധിച്ചു. വീട്ടിലുള്ളവർ ഉപയോഗിക്കുന്ന സ്വർണത്തിന്റെ പഴക്കവും മൂല്യവും കണക്കാക്കി, ഇവ എവിടെനിന്ന് ലഭിച്ചു എന്നുൾപ്പെടെ വിശദമായ പരിശോധനയാണ് നടന്നത്. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാണ് എസ്‌ഐടി പ്രധാനമായും അമ്പേഷിക്കുന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് 2.50 യോടെയാണ് പരിശോധന തുടങ്ങിയത്. വീട്ടിൽ ഈ സമയം കണ്ഠരുടെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമുണ്ടായിരുന്നു. എട്ടുപേരടങ്ങിയ എസ്‌ഐടി സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. വൻ പോലീസ് സന്നാഹത്തിന്റെ അകമ്പടിയും ഉണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കണ്ഠര് രാജീവരെ എസ്‌ഐടി സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.

Content Highlights: SIT searches Tantri Kandar Rajeevar`s residence in Chengannur for 8 hours. Documents seized in connection with the Sabarimala gold smuggling case. Details inside.