അറ്റകുറ്റപ്പണികള്‍ സന്നിധാനത്ത് തന്നെ ചെയ്യാമായിരുന്നു; പിന്നിൽ ഇടനിലക്കാർ | ശിൽപ്പിയുമായി അഭിമുഖം

#കെ.ആര്‍. പ്രഹ്‌ളാദന്‍
ശബരിമല |  ഫോട്ടോ: മാതൃഭൂമി
ശബരിമല | ഫോട്ടോ: മാതൃഭൂമി

1998-ല്‍ വിജയ് മല്യ സമര്‍പ്പിച്ച പാളിയല്ല ഇപ്പോള്‍ ദ്വാരപാലക വിഗ്രഹങ്ങളില്‍ കാണുന്നതെന്ന് ശബരിമല ക്ഷേത്രവിഗ്രഹം നിര്‍മ്മിച്ച ശില്‍പ്പി കുടുംബത്തിലെ ചെങ്ങന്നൂര്‍ തട്ടാവിള മഹേഷ് പണിക്കര്‍ മാതൃഭൂമിയോട് പറഞ്ഞു. പാളികള്‍ അഴിച്ചും മാറ്റിയും തുടര്‍പരിപാടി നടത്തിയത് അതിന്റെ കച്ചവടത്തിനാവാമെന്ന് അദ്ദേഹം പറയുന്നു.

ശബരിമല ദ്വാരപാലകശില്‍പ്പങ്ങളുടെ ചെമ്പ്, സ്വര്‍ണപ്പാളികള്‍ ഇപ്പോള്‍ വിവാദത്തിലാണ്. ഈ രംഗത്തെ വിദഗ്ധന്‍ എന്ന നിലയില്‍ എങ്ങനെ കാണുന്നു?

സ്വര്‍ണത്തിന്റെ തകിട് പൊതിയല്‍ ഗോള്‍ഡ് ഫോയിലിങ് രീതിയാണ് സന്നിധാനത്ത് ഉണ്ടായിരുന്നത്. വിജയ് മല്യയുടെ സ്ഥാപനം അതാണ് ചെയ്തത്. 20 മൈക്രോണ്‍ കനത്തില്‍ 300 മില്ലീഗ്രാമാണ് ഒരു തകിടില്‍ വരുന്നത്. ഇത് 10 സെന്റീമീറ്റര്‍ ചതുരത്തില്‍ ഒട്ടകത്തോലില്‍ വെച്ച് അടിച്ച് പരത്തി എടുക്കും. നാലോ അഞ്ചോ പാളികള്‍ രസം ഉപയോഗിച്ച് ചെമ്പ് തകിടില്‍ പതിപ്പിക്കും. ചൂടാക്കുമ്പോള്‍ രസം നഷ്ടമാകും. അതോടെ പാളി പിടിച്ചിരിക്കും.

പ്ലേറ്റിങ് എന്നത് മറ്റൊരു രീതിയാണ്. സയനൈഡ് ലായിനിയില്‍ വൈദ്യുതി കടത്തിവിട്ട് തങ്കം ചെമ്പിന്റെ പ്രതലത്തിലേക്ക് എത്തിക്കുന്നതാണ് ഇത്. ഒരു ചതുരശ്ര അടിക്ക് അര ഗ്രാം മാത്രം സ്വര്‍ണം മതിയാകും. ഇപ്പോള്‍ ചെന്നൈയില്‍ കൊണ്ടുപോയി ചെയ്തത് ചെമ്പ് പാളിയില്‍ നിക്കല്‍ പ്രതലം സജ്ജമാക്കി അതില്‍ സ്വര്‍ണം പൂശുകയെന്നതാണ്. എത്തിച്ചപ്പോഴുള്ള തൂക്കം, പൂശിയതിന് ശേഷമുള്ള തൂക്കം എന്നിവയിലെ വ്യത്യാസത്തില്‍ നിന്ന് ഉപയോഗിച്ച സ്വര്‍ണത്തിന്റെ അളവ് പറയുന്നു. പക്ഷേ ഇവിടെ നിക്കലിന്റെ തൂക്കം എവിടെ. അത് പരിശോധിക്കപ്പെടേണ്ടതാണ്.

നിങ്ങള്‍ ഏത് രീതിയാണ് ചെയ്യുന്നത്?

ക്ഷേത്രങ്ങളില്‍ പരമ്പരാഗത രീതിയാണ്. ഒന്ന് ഇലക്ട്രോ പ്ലേറ്റിങ്. രണ്ട് സ്വര്‍ണവും രസവും ചേര്‍ത്ത് അരച്ച് അത് ചെമ്പ് പാളിയില്‍ തൂക്കുന്ന രീതി. ചൂടാക്കുമ്പോള്‍ രസം നഷ്ടമാകും. സ്വര്‍ണം അവശേഷിക്കും. വിഗ്രഹങ്ങളില്‍ അത് പറ്റും.

വിജയ് മല്യ സ്ഥാപിച്ചതും 2019-ല്‍ നവീകരിച്ച് സ്ഥാപിച്ചതും ഒരേ പാളിയാണോ?

അല്ല. രണ്ടും രണ്ടാണ്. രണ്ട് പ്രവൃത്തിയാണ്. പാളികളിലെ സൂക്ഷാംശം നോക്കിയാല്‍ മനസിലാകും. അഴിച്ചുകൊണ്ടുപോയതല്ല ഇപ്പോഴത്തേത്. പഴയ പാളിയില്‍ നിന്ന് സ്വര്‍ണം വേര്‍തിരിക്കാന്‍ ആസിഡില്‍ നിക്ഷേപിക്കണം. അല്ലെങ്കില്‍ ചുരണ്ടി എടുക്കണം. അപ്പോഴൊക്കെ അടിസ്ഥാന ചെമ്പു പാളി മോശമാകും. പുതിയ പാളി തന്നെ വേണ്ടിവരും. യാതൊരു കാരണവശാലും കൊണ്ടുപോയതില്‍ നിന്ന് ഭാരം കുറയേണ്ടതില്ല. അതും കണ്ടെത്തണം. പുതിയ ഒരു പീഠം വേണ്ടിവന്നത് എന്തുകൊണ്ടാണ്. പഴയ പാളി അല്ല എന്നതുതന്നെ കാരണം.

വാതിലിലും കട്ടിളയിലും പഴയ പാളി നവീകരിച്ചതാണോ?

രണ്ടും പുതിയതാണ്. ഈ വാതില്‍ ഉള്ളപ്പോള്‍ അതേ പോലെ മറ്റൊരെണ്ണം പണിതു. പഴയ വാതില്‍ മാറ്റിയെന്ന് ഉറപ്പാണ്. വാതില്‍ സ്ഥാപിച്ച ശേഷം കട്ടിളയുടെ പാളി ഇളക്കി. അതേ സമയത്ത് കട്ടിളയുടെ പണി നടന്നിട്ടുണ്ട്.

ദ്വാരപാലകശില്‍പ്പം ചെന്നൈയില്‍ എത്തിക്കാന്‍ 39 ദിവസം എടുത്തു. എന്താകാം കാരണം?

പുതിയ ചെമ്പ് പാളി ഉണ്ടാക്കുകയായിരുന്നു അത്രയും സമയം കൊണ്ട്. മോള്‍ഡ് ഉണ്ടാക്കാന്‍ സമയം വേണ്ടിവന്നിരിക്കാം.

വിജയ് മല്യ നടത്തിയത് സ്വര്‍ണം പൂശലാണോ സ്വര്‍ണം പൊതിയലാണോ. വലിയ തര്‍ക്കം നടക്കുന്നുണ്ട്?

ഗോള്‍ഡ് ഫോയിലിങ്. തകിട് രസം ഉപയോഗിച്ച് പതിപ്പിക്കുന്ന രീതി. സ്വര്‍ണം പൊതിയുക എന്നും പറയും. വിഗ്രഹങ്ങളില്‍ രസവും സ്വര്‍ണവും അരച്ച് പതിപ്പിച്ചാകും. ഇലക്ടോപ്ലേറ്റിങ് അന്ന് നടത്തിയിട്ടില്ല.

ക്ഷേത്രജോലികളില്‍ എന്തെല്ലാം ആചാരം പാലിക്കണം?

ദേവന്റെ അനുജ്ഞ വാങ്ങണം. പണി ആയുധം കൊടുത്ത് പൂജിച്ച് വാങ്ങും. ഇത്ര ദിവസത്തിനകം പണി തീര്‍ക്കും എന്ന് പറയും. 2025-ല്‍ ചന്ദ്രഗ്രഹണ രാത്രിയില്‍ അഴിച്ചതൊക്കെ ശരികേടാണ്.

40 വര്‍ഷം വാറണ്ടിയുള്ള പ്രവൃത്തിയാണ് നടത്തിയതെന്ന് വിജയ് മല്യ പറയുന്നു. അത് ശരിയാണോ?

ശരിയാണ്. സ്വര്‍ണപ്പാളികള്‍ക്ക് ഒരിക്കലും ഒന്നും പറ്റില്ല. പക്ഷേ 2019-ല്‍ സിറാമിക് കോട്ടിങ് പാളികളില്‍ ഉപയോഗിച്ചു. അത് മോശമാകും. ഇത് ഇനിയും മോശമായിക്കൊണ്ടിരിക്കും. അപ്പോള്‍ മാറ്റേണ്ടിവരും. അത് തുടരും. പക്ഷേ നമ്മള്‍ ലോഹം തന്നെയാണ് മുഴുവന്‍ ഉപയോഗിക്കുക. അത് മങ്ങില്ല, മാറില്ല. പാളി മാറ്റല്‍ സന്നിധാനത്ത് തന്നെ ചെയ്യാം. സ്ഥലം മാറ്റേണ്ടതില്ല.

ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണപ്പാളി കൂടുതല്‍ ഉണ്ടാകും. അത് പൂമുഖത്താണല്ലോ. അത് മങ്ങുകയേ ഇല്ല. സ്വര്‍ണം കാര്യമായി തേഞ്ഞു പോകും എന്നത് ആര് വിശ്വസിക്കും. സ്ത്രീകള്‍ ജീവിതകാലം മുഴുവന്‍ ഒരേ താലി ധരിക്കുന്നുണ്ടല്ലോ. അത് തേയുന്നുണ്ടോ. നിറത്തില്‍ ചെറിയവ്യത്യാസം വരാം. അത് തുടച്ച് വ്യത്തിയാക്കാം.

അഴിച്ചുപണി, നവീകരണം വേണ്ടതില്ല എന്നാണോ?

വേണ്ടതില്ലായിരുന്നു. വേണമെങ്കില്‍ അവിടെതന്നെ ചെയ്യാമായിരുന്നു. ഇത് പാളി കൊണ്ടുപോകാനുള്ള വഴിയാണ്. വിശ്വാസപരമായി ചൂഷണം ചെയ്യാന്‍ ഇത് ഉപയോഗിക്കുന്നു. ക്ഷേത്രത്തിലെ മണ്ണ് കൊണ്ടുപോകുന്നവരെ കണ്ടിട്ടുണ്ട്. അതേപോലെ ക്ഷേത്രത്തിലെ ഒരു ഭാഗം എന്ന നിലയില്‍ അവര്‍ക്ക് കൈമാറുന്നതാകാം. രാഷ്ട്രീയക്കാര്‍, സിനിമക്കാര്‍ ഒക്കെ ഇത് ആവശ്യപ്പെടുന്നതാകാം. ഇടനിലക്കാര്‍ മാര്‍ക്കറ്റ് ഉണ്ടാക്കി ഇതൊക്കെ നടത്തുന്നു. വീണ്ടും വീണ്ടും പാളി അഴിച്ച് കൊണ്ടുപോകുന്നത് അതുകൊണ്ടാണ്.

Content Highlights: An expert from the sculptor family that built the Sabarimala idol explains the gold sheet controversy, questioning the removal and replacement of the temple`s golden coverings.