'എല്ലാം സഖാവ് പറയും, ഞാൻ ഒപ്പിട്ടു'; ശബരിമല സ്വർണക്കൊള്ളയിൽ പത്മകുമാറിനെതിരേ വിജയകുമാറിന്റെ മൊഴി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരേ നൽകിയ മൊഴികളിലുറച്ച് എൻ. വിജയകുമാർ. പത്മകുമാർ സഖാവാണ് ബോർഡിലെ പ്രധാനകാര്യങ്ങൾ പറയാറുള്ളതെന്നും സ്വർണപ്പാളികൾ കൊണ്ടുപോകുന്നതും ബോർഡിൽ പറഞ്ഞത് പത്മകുമാറാണെന്നുമാണ് വിജയകുമാർ ആവർത്തിച്ച് മൊഴി നൽകിയത്.
ശബരിമലയിലെ സ്വർണപ്പാളികൾ ചെമ്പാണെന്നു രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയ കേസിൽ മുൻ ഭരണസമിതി അംഗമായ എൻ. വിജയകുമാറിനെ (അഡ്വ. പാറവിള വിജയകുമാർ) കഴിഞ്ഞദിവസമാണ് എസ്‌ഐടി അറസ്റ്റ്‌ചെയ്തത്. കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ കോന്നി എംഎൽഎയുമായ എ. പത്മകുമാറിനൊപ്പം 2019-ലെ ഭരണസമിതിയിലുണ്ടായിരുന്ന സിപിഎം നേതാവാണ് വിജയകുമാർ. നേരത്തേ വിജയകുമാറിനെയും ദേവസ്വം ബോർഡ് അംഗമായിരുന്ന കെ.പി. ശങ്കർദാസിനെയും എസ്‌ഐടി ചോദ്യംചെയ്തിരുന്നു. ഈ ചോദ്യംചെയ്യലിന് പിന്നാലെയാണ് എ. പത്മകുമാറിനെ കേസിൽ അറസ്റ്റ്‌ചെയ്തത്. ഇതിനുപിന്നാലെയാണ് എൻ. വിജയകുമാറും കേസിൽ അറസ്റ്റിലായത്.
സ്വർണക്കൊള്ളയിൽ ബോർഡിലെ അംഗങ്ങൾക്ക് പങ്കൊന്നുമില്ലെന്നാണ് വിജയകുമാറിന്റെ മൊഴി. എല്ലാകാര്യവും തീരുമാനിക്കുന്നത് പത്മകുമാറായിരുന്നു. 2019-ൽ പത്മകുമാർ അധ്യക്ഷനായ ഭരണസമിതിയിൽ അദ്ദേഹത്തിന്റെ അപ്രമാദിത്വമായിരുന്നു. ബോർഡിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നതും തീരുമാനമെടുക്കുന്നതും പത്മകുമാറാണ്. സ്വർണപ്പാളി അറ്റക്കുറ്റപ്പണിക്ക് കൊണ്ടുപോകുന്നതായി പറഞ്ഞതും അദ്ദേഹമാണ്. പത്മകുമാർ സഖാവാണ് എല്ലാകാര്യങ്ങളും പറഞ്ഞത്. മിനിട്‌സ് വായിച്ചുനോക്കാതെ ഒപ്പിടുക മാത്രമാണ് താൻ ചെയ്തത്. ഇത് പ്രശ്‌നമാകുമെന്ന് അറിഞ്ഞില്ല. അല്ലാതെ സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നും വിജയകുമാറിന്റെ മൊഴിയിലുണ്ട്.
Content Highlights: N. Vijayakumar, arrested in the Sabarimala gold scam, implicates former Travancore Devaswom Board President A. Padmakumar, claiming he made all key decisions.