ശബരിമല സ്വർണക്കൊള്ള: പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

#മാതൃഭൂമി ന്യൂസ്
ശബരിമല |  ഫോട്ടോ: മാതൃഭൂമി
ശബരിമല | ഫോട്ടോ: മാതൃഭൂമി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം അതിവേഗത്തിലാക്കുന്നു. കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നതിനും ഉൾപ്പെടെയുള്ള കർശനമായ നടപടികളിലേക്കാണ് കേന്ദ്ര ഏജൻസി കടക്കുന്നത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ്, ഗോവർധൻ എന്നിവർ തമ്മിലുള്ള ഇടപാടുകളാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇതിനകംതന്നെ അന്വേഷണസംഘം ശേഖരിച്ചു കഴിഞ്ഞു. സ്വർണ്ണം വേർതിരിച്ചെടുക്കുകയും അത് വിൽക്കുകയും ചെയ്തതിലൂടെ ലഭിച്ച പണം ആരിലൊക്കെ എത്തിയെന്നും ആ പണം പോയ വഴികൾ ഏതൊക്കെയാണെന്നും കണ്ടെത്തുകയാണ് ഇഡിയുടെ ലക്ഷ്യം.

കേസിൽ ഉൾപ്പെട്ട എ. പത്മകുമാർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിനായി ഇഡി കോടതിയെ സമീപിക്കും. പ്രതികൾ നിലവിൽ റിമാൻഡിലായതിനാൽ കോടതി അനുമതിയോടെ മാത്രമേ ഈ നടപടികൾ സാധ്യമാകൂ. പ്രതികളുടെ സ്വത്തുക്കളിൽ അസ്വാഭാവികമായ വർധന ഉണ്ടായിട്ടുണ്ടോ എന്ന് ഇഡി പരിശോധിക്കും. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ചാണോ ഈ സ്വത്തുക്കൾ വാങ്ങിയത് എന്ന് കണ്ടെത്താനാണ് നീക്കം.

നിലവിൽ പ്രത്യേക അന്വേഷണ സംഘം കുറ്റകൃത്യത്തിന്റെ ക്രിമിനൽ വശങ്ങളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. എന്നാൽ, ഇഡി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഈ കുറ്റകൃത്യത്തിലൂടെ ആർക്കൊക്കെ സാമ്പത്തികനേട്ടം ഉണ്ടായി എന്നതിലാണ്. സ്വർണ്ണം വേർതിരിക്കൽ നടന്ന ഇടങ്ങളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടി ഉണ്ടാകുമെന്നാണ് സൂചന.

Content Highlights: ED probes Sabarimala gold row case, freezes assets & bank accounts of accused. Uncovers financial trail & beneficiaries. Urgent action against culprits.