സ്വർണക്കൊള്ള അന്വേഷണം കൂടുതൽ പേരിലേക്ക്; വാതിലിൽ ശാസ്ത്രീയ പരിശോധന; അന്വേഷണ സംഘത്തിൽ രണ്ടുപേർകൂടി

#ന്യൂസ് ഡെസ്ക്ക്
പങ്കജ് ഭണ്ഡാരി, ​ഗോവർധൻ, ഉണ്ണികൃഷ്ണൻ പോറ്റി
പങ്കജ് ഭണ്ഡാരി, ​ഗോവർധൻ, ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ പഴയ വാതിലിന്റെയും പ്രഭാമണ്ഡലത്തിന്റെയും ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) അനുമതി നൽകി ഹൈക്കോടതി. എസ്‌ഐടിയിലേക്ക് ഡിവൈഎസ്പി, സിഐ എന്നിങ്ങനെ രണ്ടുപേരെ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തു. സ്വർണക്കൊള്ള സംബന്ധിച്ച അന്വേഷണം എത്രയുംവേഗം പൂർത്തീകരിക്കാനാണ് ഹൈക്കോടതി നിർദേശം. ഇടക്കാല ഉത്തരവിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളത്.

2019 മാർച്ചിൽ പുതിയ വാതിലുകൾ പണിതതോടെ ശ്രീകോവിലിലെ പഴയ വാതിലുകൾ സന്നിധാനത്തെ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണിപ്പോൾ. 1998-ൽ സ്വർണം പൊതിഞ്ഞ വാതിലും പ്രഭാമണ്ഡലവുമാണ് സ്‌ട്രോങ് റൂമിലുള്ളത്. ഇവയുടെ ശാസ്ത്രീയ പരിശോധന നടത്താനാണ് എസ്‌ഐടിക്ക് ഹൈക്കോടതി അനുമതി നൽകിയത്. വാതിലും പ്രഭാമണ്ഡലവും പരിശോധിച്ച് സ്വർണം പൊതിഞ്ഞത് സംബന്ധിച്ച കണക്കെടുക്കും. കേസിൽ മൂന്നുപേരുടെ പങ്കാളിത്തം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ കേസിലെ 16 പ്രതികളിൽ 11 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ഇവ കൂടാതെയാണ് മറ്റു മൂന്നുപേരുടെകൂടെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. വിഎസ്എസ്‌സി റിപ്പോർട്ട് അടിസ്ഥാനത്തിലാണ് കോടതി ഇക്കാര്യങ്ങളെല്ലാം നിർദേശിച്ചത്.

1998-ൽ സ്വർണം പൊതിഞ്ഞത് 2019-ൽ ഇളക്കിമാറ്റി എന്നത് വിഎസ്എസ്‌സി റിപ്പോർട്ടോടുകൂടി സ്ഥിരീകരിച്ചിരിക്കുകയാണ് കോടതി. കെമിക്കൽ പരിശോധനയിൽ രണ്ട് പാളികളിലും വ്യത്യാസമുണ്ടെന്നും വിഎസ്എസിയിൽ നടത്തിയപരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച് വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞരുടെ മൊഴി വിശദമായി രേഖപ്പെടുത്തും. സ്വർണക്കൊള്ള ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു എന്നതാണ് റിപ്പോർട്ടിലെ പ്രധാന കാര്യം. വിഎസ്എസസിയിൽ നടത്തിയ പരിശോധനയിൽ ക്രമേക്കേട് കണ്ടെത്തിയതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. ഇത് കേസിൽ വളരെ നിർണായകമാകും.

തന്ത്രിയുടെ വീട്ടിൽനിന്ന് വാചിവാഹനം കണ്ടെത്തിയ കാര്യവും എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 2017-ൽ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചപ്പോൾ പഴയതിലെ വാചിവാഹനം പ്രസിഡന്റും അംഗങ്ങളും തന്ത്രി കണ്ഠരര് രാജീവർക്ക് കൈമാറിയിരുന്നെന്നാണ് പറയുന്നത്. തന്ത്രിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അത് കണ്ടെത്തിയെന്നും ജനുവരി 13-ന് കൊല്ലത്തെ കോടതിയിൽ അത് സമർപ്പിച്ചെന്നും എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. പഞ്ചലോഹത്തിൽ നിർമിച്ച, പുറത്ത് സ്വർണം പൊതിഞ്ഞിട്ടുള്ള വാചിവാഹനമാണ് ഇതെന്നണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇതിന് 10.68 കിലോഗ്രാം തൂക്കം വരുമെന്നും എസ്‌ഐടി ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Sabarimala Devaswom Probe Intensifies: High Court Orders Scientific Examination of Lord Ayyappa's Sanctum Sanctorum Relics