ശബരിമല സ്വർണക്കൊള്ള: പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം, പോലീസുമായി ഉന്തും തള്ളും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയും നഗരത്തിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
ദേവസ്വം വകുപ്പ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവരിലേക്ക് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം എത്തണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡിസിസി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം തുടക്കത്തിൽ സമാധാനപരമായിരുന്നുവെങ്കിലും അവസാന ഘട്ടത്തിൽ സംഘർഷഭരിതമായി. പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ എത്തിയ പ്രവർത്തകർ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ നഗരത്തിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
സംഘർഷത്തിനിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരൻ മദ്യപിച്ചിട്ടുണ്ടെന്ന ഗുരുതരമായ ആരോപണം യൂത്ത് കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചു. ഈ പോലീസുകാരനെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചു. സംഘർഷാവസ്ഥയ്ക്ക് നേരിയ അയവ് വന്നിട്ടുണ്ടെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും പിന്മാറാൻ തയ്യാറായിട്ടില്ല.
Content Highlights: Youth Congress protests Sabarimala gold heist in Pathanamthitta. Clashes with police, traffic disruption. Demand investigation into ex-minister Kadakampally Surendran.