ശബരിമലയിൽ സ്വർണക്കിരീടവും കവർന്നു; സ്ട്രോങ്റൂമിലുള്ളത് മുക്കുപണ്ടം; അന്നുവില 26 ലക്ഷം, ഇന്ന് 62 ലക്ഷം

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്‌ട്രോങ്‌റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ല. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽനിന്നുള്ള ഭക്തർ 2012 ഓഗസ്റ്റിലാണ് കിരീടം സമർപ്പിച്ചത്. രജിസ്റ്ററിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്‌ട്രോങ്‌റൂമിലുള്ളത് അന്നുകിട്ടിയതിന്റെ അതേരൂപത്തിലും വലുപ്പത്തിലുമുള്ള മുക്കുപണ്ടംകൊണ്ടുള്ള കിരീടമാണ്. വജ്രത്തിന് സമാനമായ വെള്ളക്കല്ല് പതിച്ചിട്ടുണ്ട്.
ഭക്തർ സമർച്ചിച്ചതിന് അന്ന് 445.78 ഗ്രാമാണ് ആകെ തൂക്കം രേഖപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ ഉള്ള മുക്കുപണ്ടകിരീടത്തിന് 240 ഗ്രാംമാത്രം.
ആറന്മുളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്‌ട്രോങ്‌റൂമിൽ നിന്ന് നാലുപവന്റെ സ്വർണമാലയും കാണാതായിട്ടുണ്ട്. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിനടുത്തുള്ള ഒ.ടി.സി. ഹനുമാൻ ക്ഷേത്രത്തിലെ രത്നങ്ങൾ പതിച്ച വെള്ളിക്കൊമ്പുകൾ കാണാതായ സംഭവവും പുറത്തുവന്നിട്ടുണ്ട്. അന്വേഷിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഉത്തരവിട്ടു.
ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിൽ ശബരിമലയിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിലാണ്.
കിരീടം 2012-ൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഭക്തർ സമർപ്പിച്ചത്
2012 ഓഗസ്റ്റ് 17-ന് ചിങ്ങപ്പുലരിയിൽ നടതുറന്നപ്പോൾ തമിഴ്‌നാട്ടിൽനിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാരായ അയ്യപ്പഭക്തരാണ് കിരീടം നടയ്ക്കുവെച്ചത്. ഇതിന് രസീത് നൽകുകയും ചെയ്തു. ശ്രീകോവിലിലേക്ക് കൊണ്ടുപോയി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി പിന്നീട് സന്നിധാനത്തെ സ്‌ട്രോങ്‌റൂമിലേക്കു മാറ്റി. റൂമിന് സി.സി.ടി.വി. നിരീക്ഷണമില്ല.
ശബരിമലയിൽ ലഭിക്കുന്ന വിലകൂടിയ വസ്തുക്കൾ സന്നിധാനത്തെ സ്‌ട്രോങ് റൂമിൽ താത്കാലികമായിട്ടാണ് സൂക്ഷിക്കാറുള്ളത്. ഇവ ആറന്മുളയിലെ ദേവസ്വംബോർഡിന്റെ സ്‌ട്രോങ്‌റൂമിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്. എന്നാൽ ഈ സ്വർണക്കിരീടം ആറന്മുളയിലേക്ക് മാറ്റിയിരുന്നില്ല. പിന്നീട് കിരീടത്തിന് എന്തുസംഭവിച്ചുവെന്ന് വിശദ അന്വേഷണത്തിലേ കണ്ടെത്താനാവൂ. ശബരിമലയിലെ അഡ്മിനിസ്‌ട്രേറ്റർ, എക്സിക്യുട്ടീവ് ഓഫീസർ തസ്തികകളിൽ ഓരോവർഷം വീതമാണ് നിയമനം. പകൽസമയത്തേ സ്‌ട്രോങ് റൂം തുറക്കാവൂ എന്നാണ് ചട്ടം. സ്‌ട്രോങ്‌റൂമിന്റെ ചുമതലക്കാരനായ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ പക്കലാണ് താക്കോൽ. എക്സിക്യുട്ടീവ് ഓഫീസറുടെ സാന്നിധ്യത്തിലാണ് തുറക്കേണ്ടത്. തുറക്കുമ്പോൾ മുതൽ അടയ്ക്കുന്നതുവരെ നടക്കുന്ന എല്ലാകാര്യങ്ങളും മഹസറിൽ രേഖപ്പെടുത്തുകയും വേണം. ദേവസ്വം ഗാർഡും ഒപ്പമുണ്ടാകണം.
Content Highlights: A 55.72 sovereign gold crown donated by Tamil Nadu devotees in 2012 is missing from the Sabarimala strongroom., A fake gold crown weighing only 240 grams was found in place of the original., Gold necklace missing from Aranmula strongroom and silver horns missing from OTC Hanuman temple., Travancore Devaswom Board President K. Jayakumar ordered a probe into the incidents.