സ്വർണക്കിരീടം കളവുപോയെങ്കിൽ അത് വലിയ വിഷയം, ശബരിമലയിൽ സിസ്റ്റത്തിന്റെ പരാജയം- കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്‌ട്രോങ്‌റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായ സംഭവത്തിൽ പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. കിരീടം കാണാതായെന്ന് മാധ്യമങ്ങളിൽനിന്നാണ് അറിഞ്ഞത്. കിരീടം ശബരിമലയിൽ സൂക്ഷിക്കേണ്ടതാണോ ആറന്മുളയിലേക്ക് കൊണ്ടുപോകേണ്ടതാണോ എന്നൊന്നും റിപ്പോർട്ടിൽനിന്ന് മനസ്സിലാക്കിയിട്ടില്ല. അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് വീണ്ടുമൊരു ഞെട്ടലിലേക്ക് നയിക്കും. വിഷയം പഠിച്ചിട്ടില്ല. പഠിച്ചശേഷം വൈകുന്നേരത്തോടെ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കളവ് പോയെങ്കിൽ അത് വളരെ വലിയ വിഷയംതന്നെയാണെന്നും ജയകുമാർ പറഞ്ഞു. സ്വർണക്കിരീടം ശബരിമലയിലെ സട്രോങ് റൂമിൽ ഇല്ലെങ്കിൽ ആറന്മുളയിലാണ് കാണേണ്ടത്. വേറെ എവിടെയും പോകാൻ പാടില്ല. ചിലപ്പോൾ നിത്യനിദാനപൂജകൾക്ക് ആവശ്യമാണെന്നോ മറ്റോ തന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശബരിമലയിൽ സൂക്ഷിക്കണം. അല്ലെങ്കിൽ അത് ആറന്മുളയിൽ കൊണ്ടുവെക്കണം, അദ്ദേഹം കൂട്ടിച്ചേർത്തു.
ജസ്റ്റിസ് ശങ്കരന്റെ കണക്കെടുപ്പിലാണ് ഇക്കാര്യം (സ്വർണക്കിരീടം കാണാതായത്) ബോധ്യമായത്. ആറന്മുളയിൽ കിരീടം ഇല്ലെങ്കിൽ അത് ശബരിമലയിലെ സിസ്റ്റത്തിന്റെ പരാജയമാണ്. സ്വർണം പോലുള്ള ഉരുപ്പടികൾ കൈകാര്യം ചെയ്യുമ്പോൾ കർശനമായ പ്രോട്ടോക്കോൾ പാലിക്കണം. ഈ സംഭവംകൊണ്ട് ദേവസ്വംബോർഡിൽ നിയന്ത്രണങ്ങളൊന്നുമില്ല എന്ന് പറഞ്ഞുകൂടാ. എത്രയോ ക്ഷേത്രങ്ങളിലെ സ്വർണം എടുക്കുകയും വെക്കുകയും ചെയ്യുന്നു. അതിന് മാനദണ്ഡങ്ങളുണ്ട്. ശബരിമലയിൽ ഇത് ആരാണ് എടുത്തുകൊണ്ടുപോയത്, എങ്ങനെയാണ് എന്ന് അന്വേഷണത്തിലൂടെ മാത്രമേ മനസ്സിലാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽനിന്ന് ഒന്നിനുപിറകേ ഒന്നായി മോഷണവാർത്തകൾ വരുമ്പോൾ ഉള്ളിലൊരു ആശങ്കയില്ലേ എന്ന ചോദ്യത്തിന് ജയകുമാർ നൽകിയ മറുപടി ഇങ്ങനെ- സ്വർണക്കൊള്ളയെക്കുറിച്ചൊന്നും എനിക്ക് ആശങ്കയില്ല. കാരണം നമ്മൾ സ്വർണം എടുക്കുന്നില്ലല്ലോ. പക്ഷേ, അവിടുത്തെ സിസ്റ്റം പരാജയപ്പെടുന്നതിനെ കുറിച്ച് ആശങ്കയുണ്ട്. ഇങ്ങനെ പോയാൽ എങ്ങനെയാണ്. ആളുകൾ വിശ്വാസപൂർവം കൊണ്ടുവരുന്ന സാധനങ്ങൾ സൂക്ഷിക്കാൻ ശബരിമല അസമർഥമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ തീർച്ചയായും ഉയരും. അതിന് അവിടുത്തെ സമ്പ്രദായങ്ങൾ കുറ്റമറ്റതാക്കണം. കോടതിയുടെ നിരീക്ഷണമുണ്ട്, സ്‌പെഷൽ കമ്മിഷണറുണ്ട്, വിജിലൻസുണ്ട്, ദേവസ്വം ബോർഡ് വിജിലൻസുണ്ട്. എല്ലാം ഉണ്ടായിട്ടും ഇങ്ങനെ സംഭവിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
2012-ൽ തമിഴ്‌നാട്ടിൽനിന്നുള്ള ഭക്തർ സമർപ്പിച്ച കിരീടമാണ് കാണാതായത്. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇപ്പോൾ സ്‌ട്രോങ് റൂമിലുള്ളത് അന്നുകിട്ടിയതിന്റെ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടംകൊണ്ടുള്ള കിരീടമാണ്. വജ്രത്തിന് സമാനമായ വെള്ളക്കല്ല് പതിപ്പിച്ചിട്ടുമുണ്ട്.
Content Highlights: A gold crown weighing 55.72 sovereigns is missing from the Sabarimala strong room, and Travancore Devaswom Board President K. Jayakumar learned about it through the media, expressing concern over the incident.