ശബരിമല ആടിയ ശിഷ്ടംനെയ്യ് ക്രമക്കേട്: മൂന്ന് ഓഫീസർമാർ പ്രതികളാകും

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് അഭിഷേകംചെയ്ത നെയ്യിന്റെ (ആടിയ ശിഷ്ടം നെയ്യ്) വിൽപ്പനയിൽ 36 ലക്ഷം രൂപ തട്ടിയെന്ന കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മൂന്ന് സ്‌പെഷ്യൽ ഓഫീസർമാർ പ്രതികളാകും.
കഴിഞ്ഞ മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ടെമ്പിൾ സ്‌പെഷ്യൽ ഓഫീസർമാരാണിവർ. തട്ടിപ്പുനടത്താൻ ജീവനക്കാർക്ക് അവസരം ലഭിച്ചത് ഇവരുടെ അനാസ്ഥകൊണ്ടാണെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വിജിലൻസ് പ്രത്യേക അന്വേഷണസംഘം ഇതുസംബന്ധിച്ച റിപ്പോർട്ട് ബുധനാഴ്ച ഹൈക്കോടതിക്ക് നൽകും.
13-ാം പ്രതി ആലപ്പുഴ അരൂർ സ്വദേശി കെ.ആർ. സുനിൽകുമാർ പോറ്റിയെ(40) ബുധനാഴ്ച വിജിലൻസ് അറസ്റ്റുചെയ്തിരുന്നു. തട്ടിപ്പ് പിടിക്കപ്പെട്ടപ്പോൾ കൗണ്ടറിലുണ്ടായിരുന്നത് സുനിൽകുമാർ ആയിരുന്നു. ബാക്കിപ്രതികളുടെ അറസ്റ്റ് വൈകാതെ ഉണ്ടാകും. 33 പേർ പോലീസ് നിരീക്ഷണത്തിലുണ്ട്.
വ്യാഴാഴ്ച നട തുറന്നശേഷം വിജിലൻസ് സന്നിധാനത്തുനിന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കും. ഹൈക്കോടതി നിർദേശപ്രകാരം രൂപവത്കരിച്ച വിജിലൻസ് എസ്.ഐ.ടി.യാണ് കേസന്വേഷിക്കുന്നത്. പത്തനംതിട്ട വിജിലൻസ് യൂണിറ്റിലെ ഡിവൈ.എസ്.പി. മനോജ് കുമാർ, ഇൻസ്‌പെക്ടർമാരായ രാജീവ്, യു.പി. വിപിൻകുമാർ, ടി. ബിജു എന്നിവരാണ് സംഘത്തിലുള്ളത്.
നെയ്യ് പാക്കറ്റ് വിറ്റശേഷം ലഭിച്ച മുഴുവൻതുകയും ബോർഡിൽ അടയ്ക്കാതെ ജീവനക്കാർ സ്റ്റോക്കിൽ ക്രമക്കേട് നടത്തിയെന്നാണ് കേസ്.
Content Highlights: Three Travancore Devaswom Board special officers implicated in a ₹36 lakh ghee sales scam at Sabarimala Sannidhanam due to negligence. Investigation ongoing.