ശബരിമലയിലേക്ക് കുടുംബശ്രീയും കോഫിഹൗസും; ഭക്ഷണത്തിന് ഗുണവും വൃത്തിയും ഉറപ്പാക്കും

#എം.കെ. സുരേഷ്
ശബരിമല പാണ്ടിത്താവളത്തിൽ വിരിവച്ചവർക്കായുള്ള അന്നദാനം | ഫോട്ടോ: സി. സുനിൽകുമാർ
ശബരിമല പാണ്ടിത്താവളത്തിൽ വിരിവച്ചവർക്കായുള്ള അന്നദാനം | ഫോട്ടോ: സി. സുനിൽകുമാർ

തിരുവനന്തപുരം: ശബരിമലയിലെ ഹോട്ടലുകളിൽ വിളമ്പുന്ന ഭക്ഷണത്തിന് ഗുണവും വൃത്തിയും ഉറപ്പാക്കാൻ കടുത്ത നടപടികളിലേക്ക്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ടെൻഡർ വ്യവസ്ഥകൾ പരിഷ്‌കരിക്കുന്നതിനൊപ്പം സന്നിധാനത്തും പമ്പയിലും ഹോട്ടൽമേഖലയിലേക്ക്‌ കുടുംബശ്രീ, ഇന്ത്യൻ കോഫി ഹൗസ്, കെ.ടി.ഡി.സി. എന്നിവയെക്കൂടി എത്തിക്കും. ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അടങ്ങുന്ന ചെക്ക്‌ലിസ്റ്റ് ടെൻഡറിന്റെ ഭാഗമാക്കും. നിർദേശങ്ങൾ പാലിക്കാത്ത ഭക്ഷണവിതരണ കേന്ദ്രങ്ങൾ പൂട്ടുകയും ചെയ്യും.

ഹോട്ടലുകളെപ്പറ്റി പരാതികിട്ടിയാൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയും പിഴയീടാക്കലുമാണ് ഇപ്പോഴത്തെ ശിക്ഷ. ജീവനക്കാരിൽ പലർക്കും ഹെൽത്ത് കാർഡില്ല. ഹോട്ടലിലും പരിസരത്തും വൃത്തിയില്ല. ബോർഡ് അനുവദിക്കുന്നതിനേക്കാൾ സ്ഥലം കൈയടക്കുന്നുമുണ്ട്. വിഷൻ ശബരിമലയുടെ ഭാഗമായി ഇതിനൊക്കെ മാറ്റംവരുത്തും.

ലേലത്തിൽ പങ്കെടുക്കുന്ന ഹോട്ടലുകളെ പൂർണമായി ഒഴിവാക്കില്ല; നിർദേശങ്ങൾ ലംഘിക്കില്ല എന്നുറപ്പാക്കും. ശബരിമലയിൽ അടുത്തിടെ പരിശോധനയ്‌ക്കെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന് നിയമലംഘനം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ് നടപടികൾ.

മാലിന്യസംസ്‌കരണത്തിലും വലിയ വീഴ്ചയാണ്. ഹോട്ടലുകൾ ലേലംകൊള്ളാൻ ദീർഘകാലമായി ലോബി പ്രവർത്തിക്കുന്നുണ്ട്. ഉയർന്ന തുകയാണെന്നുപറഞ്ഞ് ലേലംകൊള്ളാതെ കരാറുകാർ മാറിനിൽക്കുമ്പോൾ തീർഥാടനത്തിനോട് അടുത്തദിവസങ്ങളിൽ നിരക്കുകുറച്ച് ലേലം ഉറപ്പിക്കാറുണ്ട്. ഇനിയതുണ്ടാകില്ല. ഹോട്ടലുകളുടെ ലേലം പൂർണമായും ഇ-ടെൻഡർവഴിയാക്കുന്നതടക്കമുള്ള കാര്യങ്ങളും ബോർഡ് പരിഗണിക്കുന്നു.

രണ്ടുമാസത്തെ മണ്ഡല -മകരവിളക്ക് തീർഥാടനകാലത്തും മാസപൂജയ്ക്കും ദേവസ്വം ബോർഡിന്റെ അന്നദാനമുണ്ട്. എങ്കിലും സന്നിധാനത്തും പമ്പയിലും ഹോട്ടലുകളടക്കമുള്ള ഭക്ഷണശാലകളെ തീർഥാടകർ ആശ്രയിക്കും. തീർഥാടകർക്ക് നടക്കാൻപോലുമാകാത്തവിധം സ്റ്റാളുകളുണ്ട്. തീർഥാടകരുടെ സൗകര്യത്തിനാണ് മുൻഗണനയെന്ന്‌ ജയകുമാർ പറഞ്ഞു.

കുടുംബശ്രീ സ്ത്രീകളുടെ കൂട്ടായ്മയായതിനാൽ ശബരിമലയിൽ പ്രവേശനവിലക്കുള്ളവർക്ക് പമ്പയിൽ ഭക്ഷണശാല നടത്താം. പ്രായപരിധി ബാധകമാകാത്ത കുടുംബശ്രീക്കാർക്ക് സന്നിധാനത്തും. വിശ്വാസ്യതയുള്ള സ്ഥാപനങ്ങളായതിനാലാണ് കുടുംബശ്രീയെയും കോഫിഹൗസിനെയും കെ.ടി.ഡി.സി.യെയും പരിഗണിക്കുന്നത്.

Content Highlights: Introduction of strict e-tender processes for hotel contracts., Mandatory health cards for all hotel staff., Inclusion of Kudumbashree, KTDC, and Indian Coffee House to improve service quality., Zero tolerance policy for hygiene violations and unauthorized space encroachment., Elimination of contractor lobbies through transparent bidding.