ദ്വാരപാലക പാളികൾ ചെന്നൈയിലെത്തിച്ച് പോറ്റിയുമായി വ്യാജ കരാറുണ്ടാക്കി; മുദ്രപ്പത്രം ബെല്ലാരിയിൽനിന്ന്

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലകശില്പങ്ങൾ 2025-ൽ സ്വർണം പൂശാൻ രഹസ്യമായി ഇളക്കിയത് പുറംലോകമറിഞ്ഞപ്പോൾ മുൻതീയതിവെച്ച് വ്യാജക്കരാറുണ്ടാക്കിയെന്ന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) കണ്ടെത്തി. പാളികൾ ചെന്നൈയിൽ എത്തിച്ചശേഷമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പൂർണചെലവിൽ സ്വർണം പൂശുമെന്ന കരാറുണ്ടാക്കിയത്.
ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും തിരുവാഭരണം കമ്മിഷണർ റജിലാലുമാണ് കരാറിലേർപ്പെട്ടത്. 2025 സെപ്റ്റംബർ എട്ടിന് പാളികൾ ഇളക്കിയ വിവരം ഹൈക്കോടതി അറിഞ്ഞെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്നീട് നടന്നതെല്ലാം.
ബെംഗളൂരുവിൽ താമസക്കാരനായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പേരിൽ ബെല്ലാരിയിൽനിന്ന് എട്ടാംതീയതി കാണിച്ചാണ് മുദ്രപ്പത്രം വാങ്ങിയത്. ഇതിനുപിന്നിൽ ഗോവർധൻ, പങ്കജ് ഭണ്ഡാരി എന്നിവരുടെ ഇടപെടലുണ്ടായെന്നാണ് വിവരം. എട്ടിന് വാങ്ങിയ മുദ്രപ്പത്രം ചെന്നൈയിലെത്തിയത് 10-നാണ്. അന്നുതന്നെ വ്യാജക്കരാർ തയ്യാറാക്കി. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ എത്തുംമുൻപ് കരാർ തയ്യാറാക്കിയെന്ന് വരുത്താനുള്ള ശ്രമമാണ് നടന്നത്. ഒൻപതിന് പുലർച്ചെയാണ് പാളികൾ സ്മാർട്ട് ക്രിയേഷൻസിലെത്തിയത്.
2025 സെപ്റ്റംബർ ഏഴിന് രാത്രിയാണ് ദ്വാരപാലക പാളികൾ അഴിച്ചത്. ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർക്ക് പിറ്റേന്ന് വിവരം കിട്ടി. അദ്ദേഹം ദേവസ്വത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അന്ന് വൈകീട്ട് അഞ്ചരയോടെയാണ് ദേവസ്വം ബോർഡിന്റെ റിപ്പോർട്ട് സ്പെഷ്യൽ കമ്മിഷണർക്ക് കിട്ടിയത്. അപ്പോഴേക്കും പാളികളുമായുള്ള വാഹനം കേരളം വിട്ടിരുന്നു. അന്നുതന്നെ സ്പെഷ്യൽ കമ്മിഷണർ വിവരം ഹൈക്കോടതിക്ക് റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ ഒൻപതിന് വാർത്ത പുറത്തുവന്നു. രഹസ്യമായി കൊണ്ടുപോയതിനെല്ലാം രേഖകൾ കൃത്യമാക്കാനുള്ള നെട്ടോട്ടമായിരുന്നു പിന്നീട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അന്നത്തെ പ്രസിഡന്റ് പി.എസ്. പ്രശാന്തും അംഗം എ. അജികുമാറും ഒപ്പിട്ട് പാസാക്കിയ ബോർഡ് തീരുമാനം മാത്രമാണ് അപ്പോഴും ഉണ്ടായിരുന്നത്. സ്വർണം പൂശുന്നത് പോറ്റിയുടെ ചെലവിൽ വേണമെന്നായിരുന്നു തീരുമാനം. എന്നാൽ, തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ പോറ്റിയുമായി കരാർ ഉണ്ടാക്കേണ്ടത് പാളികൾ ഇളക്കുംമുൻപായിരുന്നു.
Content Highlights: SIT uncovered a backdated fake contract for the gold plating of Sabarimala Dwarapalaka idols., The idols were removed secretly on September 7, 2025, without prior legal agreements., The contract was fabricated in Chennai after the idols had already been transported from Kerala., High Court intervention was triggered by the unauthorized removal of the temple artifacts.