ശബരിമലയിലെ ദ്വാരപാലക ശില്പപീഠം കാണാതായതില്‍ ദുരൂഹത, സംശയമുനയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി

ശബരിമലയില്‍ ദ്വാരപാലക ശില്പപീഠം
ശബരിമലയില്‍ ദ്വാരപാലക ശില്പപീഠം

തിരുവനന്തപുരം: ശബരിമലയില്‍ ദ്വാരപാലക ശില്പപീഠം കാണാതായത് വഴിത്തിരിവിലേക്ക്. കാണാതായെന്ന് ആരോപണമുന്നയിച്ച സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെഞ്ഞാറമ്മൂട്ടിലെ സഹോദരിയുടെ വീട്ടില്‍നിന്ന് ദേവസ്വം വിജിലന്‍സ് അവ കണ്ടെത്തി. ആരോപണത്തിനുപിന്നില്‍ ദുരൂഹതയുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പീഠവും റിപ്പോര്‍ട്ടും അടുത്തദിവസം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരമാകും തുടര്‍നടപടികള്‍.

2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലാണ് ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിയത്. ആ കാലത്തുതന്നെ ദ്വാരപാലക ശില്പങ്ങള്‍ക്ക് പീഠംകൂടി നിര്‍മിച്ചിരുന്നു. ഇവ ജീവനക്കാരനായ കോട്ടയം ആനിക്കാട് സ്വദേശി വാസുദേവന്‍ വഴി ശബരിമലയിലേക്ക് എത്തിച്ചുവെങ്കിലും അളവിലുള്ള വ്യത്യാസം കാരണം സ്ഥാപിക്കാനായില്ല. പിന്നീട് എവിടെയാണെന്നത് അറിയില്ലെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നത്.

എന്നാല്‍, വാസുദേവന്‍തന്നെ ഇത് സൂക്ഷിക്കുകയായിരുന്നു എന്നാണ് വിവരം. സ്വര്‍ണപ്പാളി വിവാദം വന്നതോടെ അത് ഉണ്ണികൃഷ്ണന്‍ പോറ്റിയെത്തന്നെ ഏല്‍പ്പിച്ചെന്നും തുടര്‍ന്ന് പീഠം സഹോദരിയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു എന്നുമാണ് സൂചന. പീഠം കാണാതായതില്‍ ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് വിജിലന്‍സ് എസ്പി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണമാണ് നടത്തിയത്.

ദേവസ്വംബോര്‍ഡിന്റെ സ്‌ട്രോങ് റൂമുകള്‍ തുറന്ന് പരിശോധന നടത്തിയിരുന്നെങ്കിലും പീഠം കണ്ടെത്താനായില്ല. ഉണ്ണികൃഷ്ണന്‍പോറ്റിയെ ചോദ്യംചെയ്യുകയും അദ്ദേഹത്തിന്റെ തിരുവനന്തപുരം പുളിമാത്തിലെയും ബെംഗളൂരുവിലെയും വീടുകളില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് സഹോദരിയുടെ വീട്ടില്‍നിന്ന് പീഠം കണ്ടെടുത്തത്.

പീഠം വീട്ടില്‍ കൊണ്ടുവന്നത് 25-നെന്ന് സഹോദരി

ഉണ്ണികൃഷ്ണന്‍പോറ്റി പീഠം വീട്ടില്‍ കൊണ്ടുവന്നത് ഈ മാസം 25-നാണെന്ന് സഹോദരി മിനിദേവി മാധ്യമങ്ങളോട് പറഞ്ഞു. ഷീല്‍ഡാണെന്നാണ് പറഞ്ഞിരുന്നത്. ശനിയാഴ്ച രണ്ട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് എടുത്തുകൊണ്ടുപോയതെന്നും മിനിദേവി പറഞ്ഞു. പീഠം കണ്ടെത്താന്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം വിശദമായ അന്വേഷണമാണ് നടത്തിയതെന്നും തുടര്‍ന്നും ഏതുരീതിയിലുള്ള അന്വേഷണത്തെയും ബോര്‍ഡ് സ്വാഗതംചെയ്യുന്നുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

സ്വര്‍ണപ്പാളി തനിയെ കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് വിവരം

പത്തനംതിട്ട: സ്വര്‍ണപ്പാളി ചെന്നൈയിലേക്ക് അറ്റകുറ്റപ്പണിക്കായി താന്‍ സ്വന്തമായി എത്തിക്കാമെന്നാണ് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം അധികൃതരെ അറിയിച്ചത്. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ക്ക് ഒരു വ്യവസ്ഥയുണ്ടെന്നും അത് ഒരു വ്യക്തിയുടെ കൈവശം കൊടുത്തുവിടുന്ന കാര്യത്തെപ്പറ്റി ആലോചിക്കുകയേ വേണ്ടെന്നും ദേവസ്വം അധികൃതര്‍ മറുപടികൊടുക്കുകയായിരുന്നു.

ചെന്നൈയില്‍ ഇവയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായശേഷമാണ് താന്‍ 2019-ല്‍ നല്‍കിയ സ്വര്‍ണംപൂശിയ പീഠങ്ങള്‍ കാണാനില്ലെന്ന ആരോപണവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തെത്തിയത്. ആരോപണം വന്നതോടെ പ്രതിസ്ഥാനത്തായ ബോര്‍ഡ് സത്യം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ദേവസ്വം വിജിലന്‍സിന്റെ നേതൃത്വത്തില്‍ സന്നിധാനത്തെയും ആറന്മുളയിലെയും സ്ട്രോങ് റൂമുകള്‍ 10 ദിവസം അരിച്ചുപെറുക്കി.

മഹസറുകളിലെ ഓരോ സാധനവും സ്ട്രോങ് റൂമിലുണ്ടായിരുന്നു. പീഠങ്ങള്‍ മഹസറിലോ റൂമിലോ ഇല്ലാതെവന്നതോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്ക് സംശയമുന നീണ്ടത്. വര്‍ഷങ്ങള്‍ക്കുമുന്‍പ് സന്നിധാനത്ത് പൂജാരിമാരെ സഹായിക്കാനാണ് അദ്ദേഹം എത്തിയത്. കേരളത്തിനുപുറത്ത് ശബരിമലയുമായി അടുത്തബന്ധമുള്ളയാള്‍ എന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുകയും ചെയ്തു.

Content Highlights: Sabarimala`s missing Dwara Palaka pedestal, alleged by Unnikrishnan Potty, has been found. Devaswom Vigilance suspects foul play and will submit findings to the High Court.