ശബരിമല: രാഷ്ട്രപതി വന്നുപോയി, ശിവദാസിന് ദേവസ്വംവക കടം 26 ലക്ഷം; മരാമത്ത് കരാറിന്റെ കുടിശ്ശിക കോടികൾ

#ജി. രാജേഷ് കുമാർ
രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ, മന്ത്രി വി.എൻ. വാസവൻ സമീപം
രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ, മന്ത്രി വി.എൻ. വാസവൻ സമീപം

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തിയപ്പോൾ, ദേവസ്വംബോർഡിന്റെ വാക്ക് വിശ്വസിച്ച് അടിസ്ഥാന സൗകര്യമൊരുക്കിയ ശിവദാസിന് കിട്ടാനുള്ളത് 26 ലക്ഷംരൂപ. കഴിഞ്ഞ ഒക്ടോബർ 22-നാണ് രാഷ്ട്രപതി സന്നിധാനത്തെത്തിയത്. ഒരുമാസത്തിനകം പണം കൊടുക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ നാലുമാസം പിന്നിട്ടു.

2014 മുതൽ ദേവസ്വത്തിന്റെ മരാമത്ത് ജോലികൾചെയ്ത ഇനത്തിൽ രണ്ടരക്കോടി രൂപ കാഞ്ഞിരപ്പള്ളി പന്തപ്ലാക്കൽ ശിവദാസിന് കൊടുക്കാനുള്ളപ്പോഴായിരുന്നു രാഷ്ടപതി സന്ദർശനംകൂടി ഏൽപ്പിച്ചത്. പരാതിയുമായി ശിവദാസ് ഇപ്പോഴത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെ സമീപിച്ചിരിക്കുകയാണ്.

തൊട്ടുമുമ്പത്തെ ബോർഡാണ് ഈ ബാധ്യതകൂടി വരുത്തിവെച്ചതെങ്കിലും സംവിധാനത്തിന്റെ ഭാഗമായതിനാൽ ഒഴിഞ്ഞുമാറാൻ കെ. ജയകുമാറിനായില്ല. പണം കൊടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥതലത്തിലേക്ക് നിർദേശം നൽകിയിട്ട് ഇപ്പോൾ രണ്ടാഴ്ച പിന്നിട്ടു.

കട്ടിൽ, ഫ്രിഡ്ജ്, ഓവൻ...

രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പ്ലാൻ എ, ബി, സി എന്നീ വിഭാഗങ്ങളിലായിട്ടാണ് സാധനങ്ങൾ വാങ്ങിയത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവയാണവ. രാഷ്ട്രപതി ഭവനിലെ പ്രോട്ടക്കോൾ ഓഫീസർ നിർദേശിച്ച പ്രകാരമായിരുന്നു വാങ്ങൽ. ആറുലക്ഷം രൂപയുടെ സാധനങ്ങളേ വാങ്ങേണ്ടിവരൂവെന്നാണ് ദേവസ്വം ഭാരവാഹികൾ ശിവദാസിനെ അറിയിച്ചത്. എന്നാൽ, വാങ്ങിവന്നപ്പോൾ 26 ലക്ഷത്തിലേക്കെത്തി.

ഫർണിച്ചറുകളെല്ലാം തേക്കുതടിയിലുള്ളതാണ്. കോട്ടയം കഞ്ഞിക്കുഴിയിൽ നിന്നാണ് ഫർണിച്ചറുകൾ വാങ്ങിയത്. ജി.എസ്.ടി. ചേർത്ത ബില്ലുകളാണ് ശിവദാസ് ദേവസ്വത്തിന് നൽകിയത്. ഫാമിലികട്ടിൽ, മെത്ത, ടീപോയ്, ടി.വി. സ്റ്റാൻഡ്, മേശ, രണ്ട് കസേര, ഡ്രസിങ് അലമാര, മൂന്ന് സ്റ്റൂൾ, ഫ്രിഡ്ജ്, ഓവൻ എന്നിവയാണ് പമ്പയിലേക്ക് വാങ്ങിയത്.

സന്നിധാനത്ത് ഫാമിലിക്കട്ടിൽ, മെത്ത, ടീപോയ്, മേശ, കസേര, ആറ് കസേരയുള്ള ഡൈനിങ് ടേബിൾ എന്നിവ വാങ്ങി. നിലയ്ക്കലിലേക്ക് ഫാമിലി കട്ടിലും മെത്തയുംവാങ്ങി.

പാത്രങ്ങൾ വാങ്ങി, വാടകയ്ക്കുമെടുത്തു

പമ്പയിലും സന്നിധാനത്തും ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങളും വാങ്ങി. എന്നാൽ രാഷ്ട്രപതിക്കുള്ള ഭക്ഷണം തിരുവനന്തപുരത്ത് ലോക്ഭവനിൽനിന്ന് തയ്യാറാക്കി കൊണ്ടുവരുകയായിരുന്നു. പമ്പയിൽ വെച്ചാണ് കഴിച്ചത്. രാഷ്ട്രപതിക്കൊപ്പം 51 പേരാണ് വന്നത്. 

Content Highlights: Contractor Sivadas faces 26 lakh debt after Presidential visit arrangements. Total outstanding dues for Devaswom works since 2014 amount to 2.5 crores., High-end furniture and appliances were procured per protocol officer instructions. Devaswom President K. Jayakumar has initiated action to clear the arrears.