ശബരിമല തീർഥാടനത്തിനായി പുതിയ വിഷൻ, പ്രത്യേകബജറ്റ്

ശബരിമലയിൽ മകരജ്യോതി ദർശനം നടത്തുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ശബരിമലയിൽ മകരജ്യോതി ദർശനം നടത്തുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

തിരുവനന്തപുരം: പ്രത്യേക ബജറ്റ് തയ്യാറാക്കുന്നതുൾപ്പെടെ ശബരിമല തീർഥാടനത്തിന് പുതിയ വിഷനുമായി തിരുവിതാംകൂർ ദേവസ്വംബോർഡ്. സുരക്ഷ, ശുചിത്വം, സേവനങ്ങൾ, ആകർഷകമായ അന്തരീക്ഷം, ആശയവിനിമയവും പബ്ലിക് റിലേഷൻസും എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളായി തിരിച്ചാണ് ബോർഡിന്റെ സമീപനരേഖയെന്ന് കഴിഞ്ഞ തീർഥാടനം അവലോകനം ചെയ്ത യോഗത്തിനുശേഷം പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. ഇടനിലക്കാരെയും സ്വയം പ്രത്യക്ഷപ്പെടുന്ന സ്പോൺസർമാരെയും ഒഴിവാക്കും.

ശബരിമലയിലെ വരുമാനത്തിന്റെ കണക്കുമാത്രമേ പുറത്തുവരുന്നൂള്ളൂ, ചെലവിന്റേത് ആരും അറിയുന്നില്ല. അതുകൊണ്ടാണ് മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് പ്രത്യേകം ബജറ്റ് തയ്യാറാക്കുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റിന്റെ നേതൃത്വത്തിൽ തത്സമയംതന്നെ കണക്ക് ഓഡിറ്റ് ചെയ്യും. മകരവിളക്കിനുശേഷം മൂന്നാഴ്ചയ്ക്കുള്ളിൽ കണക്ക് പ്രസിദ്ധീകരിക്കും.

ജീവനക്കാർക്ക് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി പരിശീലനവും നൽകും. ഇത്രയധികം താത്കാലിക ജീവനക്കാർ വേണോയെന്നത് പരിശോധിക്കും. മണ്ഡല-മകരവിളക്ക് ഉത്സവത്തിനായുള്ള ഫെസ്റ്റിവൽ കൺട്രോൾ ഓഫീസ് ഏപ്രിലിൽത്തന്നെ പമ്പയിൽ ആരംഭിക്കും. മാരാമത്ത് ജോലികളെല്ലാം ഒക്ടോബർ 30-നകം പൂർത്തിയാക്കും.

വഴിപാടുകൾ ഡിജിറ്റലാക്കും. ഡോണർമാരുമായി ചർച്ചചെയ്ത് അവരുടെ കൈവശമുള്ള മുറികൾ ഭക്തർക്കുകൂടി ലഭ്യമാക്കും. മറ്റുവകുപ്പുകൾ, കച്ചവടക്കാർ, ഉദ്യോഗസ്ഥർ എന്നിവർ കൈയടക്കിവച്ചിട്ടുള്ള എല്ലാ മുറികളും വീണ്ടെടുക്കും. എല്ലാകടകൾക്കും ഏകീകൃത ഡിസൈൻ നിർബന്ധമാക്കും. ഹരിവരാസനം പാടിത്തീരുന്ന മുറയ്ക്ക് ലൈറ്റുകൾ അണയുന്നരീതി വരും. ഉച്ചഭാഷിണി വഴിയുള്ള അറിയിപ്പുകൾ അരമണിക്കൂറോ ഒരുമണിക്കൂറോ ഇടവിട്ടാക്കുന്നതും ഡിജിറ്റൽ ബോർഡുകൾ സ്ഥാപിച്ച് വിവരങ്ങൾ തീർഥാടകരെ അറിയിക്കുന്നതും മൊബൈൽ ചാർജിങ് ബൂത്തുകൾ സ്ഥാപിക്കുന്നതും പരിഗണനയിലാണ്.

ദേവസ്വംബോർഡ് അംഗങ്ങളായ കെ. രാജു, പി.ഡി. സന്തോഷ്‌കുമാർ, ബോർഡ് സെക്രട്ടറി പി.എൻ. ഗണേശ്വരൻ പോറ്റി, വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസർ വി. സുനിൽകുമാർ, ചീഫ് എൻജിനിയർ രഞ്ജിത്ത് കെ. ശേഖർ, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ഒ.ജി. ബിജു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Content Highlights: Travancore Devaswom Board unveils a new vision for Sabarimala pilgrimage, including a special budget, enhanced security, sanitation, and digital services.