തിരക്കുകുറഞ്ഞു, ശബരിമലയിൽ സുഖദർശനം

Photo: PTI
Photo: PTI

ശബരിമല: ശബരിമലയിൽ രണ്ടുദിവസമായി തിരക്കുകുറഞ്ഞതോടെ ഭക്തർക്ക് അക്ഷരാർഥത്തിൽ സുഖദർശനം. ശനി, ഞായർ ദിവസങ്ങളിൽ എല്ലാവർക്കും അല്പംപോലും ബുദ്ധിമുട്ടില്ലാതെ ദർശനം നടത്താനായി. ഈ സീസണിൽ ഏറ്റവും കുറവ് ഭക്തർ ദർശനം നടത്തിയത് ഞായറാഴ്ചയായിരുന്നു. പുലർച്ചെ 12 മുതൽ രാത്രി ഏഴുവരെ 50,264 പേർ മാത്രമാണ് ദർശനം നടത്തിയത്. ഈ സീസണിൽ ആകെ വന്ന തീർഥാടകർ 12,47,954 പേർ.

ഞായറാഴ്ച രാവിലെ പല സമയങ്ങളിലും സന്നിധാനത്തിനുതാഴെയുള്ള ക്യൂ കോംപ്ലക്സിൽ വരിനിൽക്കാതെതന്നെ ഭക്തർക്ക് മുമ്പോട്ടുനീങ്ങാവുന്ന അവസ്ഥയായിരുന്നു. പതിനെട്ടാംപടിയിലും ഡ്യൂട്ടിയിലുള്ളവർക്കും ഭക്തർക്കും ഒരുപോലെ ആശ്വാസത്തിന്റെ ദിനങ്ങൾ.

അവധിദിവസങ്ങളായതിനാൽ തിരക്കേറെയാകുമെന്ന ധാരണ ശനി, ഞായർ ദിവസങ്ങളിൽ ഭക്തർ കുറയുന്നതിനുകാരണമാകുന്നുണ്ട്. ഡിറ്റ്‌വ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പുകാരണം ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നുള്ള ഭക്തർ കുറഞ്ഞിട്ടുണ്ടാകാമെന്നും കരുതുന്നു.

വെർച്വൽ ക്യൂ വഴി ബുക്കുചെയ്തവരിൽ പലരും ശബരിമലയിലെത്താത്തതും തിരക്കുകുറയാൻ കാരണമായിട്ടുണ്ടാകാം. ഇതുവരെ 12 ലക്ഷത്തിലേറെപ്പേരാണ് ഈ സീസണിൽ ദർശനം നടത്തിയത്.

കഴിഞ്ഞയാഴ്ചയും അവധിദിവസങ്ങളിൽ ആളുകൾ കുറവായിരുന്നെന്നും തിങ്കളാഴ്ചമുതൽ വീണ്ടും തിരക്കേറുമെന്നുമാണ് ദേവസ്വം അധികൃതരുടെ കണക്കുകൂട്ടൽ.

Content Highlights: Sabarimala Sees Reduced Crowds