ശബരിമലയിൽ തിരക്ക് കൂടിത്തുടങ്ങി; തീർഥാടകർക്ക് വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കാനായി ‘അയ്യൻ 4.0’ ആപ്പ്

ശബരിമല: ആദ്യത്തെ നാലുദിവസത്തിൽനിന്ന് വ്യത്യസ്തമായി, ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണം കൂടുന്നതായി സൂചന. 16-ന് നടതുറന്നശേഷം ഇതുവരെയുള്ള ദിനങ്ങളിൽ കൂടുതൽ ഭക്തരെത്തിയത് വെള്ളിയാഴ്ചയാണ്-60,635 പേർ. വെർച്വൽ ക്യൂവഴി 64,000 പേരാണ് വെള്ളിയാഴ്ച ബുക്കുചെയ്തിരുന്നത്.
ശനിയാഴ്ച നാലുമണിക്കുള്ള കണക്കനുസരിച്ച് 46,266 പേരെത്തി. തുടർന്നുള്ള ദിവസങ്ങളിൽ, എല്ലാവർഷത്തെയുംപോലെ പ്രതിദിനം 70,000-ത്തിനും 80,000-ത്തിനും ഇടയിൽ തീർഥാടകരെത്തുമെന്നാണ് ദേവസ്വത്തിന്റെ പ്രതീക്ഷ.
വെർച്വൽ ക്യൂവഴി ബുക്കുചെയ്തതിനനുസരിച്ച് ആളുകളെത്താത്തത് ആദ്യനാലുദിവസവും ചർച്ചയായിരുന്നു. വൃശ്ചികം ഒന്നിന് 58,697 പേരാണ് വെർച്വൽ ക്യൂവഴി ബുക്കുചെയ്തതെങ്കിലും, പോലീസിന്റെ കണക്കനുസരിച്ച് ദർശനത്തിനെത്തിയത് 40,000-ത്തിൽ താഴെയായിരുന്നു.
വെള്ളിയാഴ്ചയോടെ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നതായാണ് സൂചന. വെർച്വൽ ക്യൂവിൽ പ്രതിദിനം 5000 സ്ലോട്ടുകൂടി അനുവദിച്ചതോടെ, ഇപ്പോൾ പ്രതിദിനം 85,000 പേർക്ക് ദർശനത്തിന് അവസരമുണ്ടാകും.
അയ്യൻ 4.0 ആപ്പ് പുറത്തിറക്കി
പത്തനംതിട്ട: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും വിരൽത്തുമ്പിലെത്തിക്കുന്നതിനായി വനം-വന്യജീവി വകുപ്പ് വികസിപ്പിച്ച ‘അയ്യൻ 4.0’ മൊബൈൽ ആപ്ലിക്കേഷൻ വനംവകുപ്പുമന്ത്രി ഷിബു ബേബി ജോൺ പ്രകാശനംചെയ്തു.
ശബരിമലയിലെ പ്രധാന തീർഥാടനപാതകൾ, ദൂരവിവരങ്ങൾ, പാർക്കിങ് സൗകര്യങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, ക്ഷേത്രദർശനസമയം, കാലാവസ്ഥാ മുന്നറിയിപ്പുകൾ, ഗതാഗതസൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാകും.
കാനനപാതകളിലെ സുരക്ഷാനിർദേശങ്ങൾ, വന്യജീവിസംബന്ധമായ മുൻകരുതലുകൾ, പാമ്പുകടിയേറ്റാൽ സ്വീകരിക്കേണ്ട അടിയന്തരനടപടികൾ, ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ വിവരങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
അടിയന്തരസഹായസംവിധാനവും ഹെൽപ്ലൈൻ നമ്പറുകളും നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തുന്നതിനുള്ള സഹായവും ആപ്പിന്റെ പ്രത്യേകതകളാണ്. തീർഥാടകരുടെ എണ്ണം, താവളങ്ങളിലെ തിരക്ക്, കാനനപാതകളിലൂടെയുള്ള യാത്ര തുടങ്ങിയവ നിരീക്ഷിക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥർക്കായി പ്രത്യേക അഡ്മിൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ലഭ്യമായ ആപ്പ് ഓൺലൈൻ, ഓഫ്ലൈൻ മോഡുകളിൽ പ്രവർത്തിക്കും. പെരിയാർ കടുവാസങ്കേതത്തിന്റെ ജൈവവൈവിധ്യവും വന്യജീവികളും സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ലിയോപാർഡ് ടെക് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതികസഹായത്തോടെയാണ് ആപ്പ് വികസിപ്പിച്ചത്.
തീർഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനൊപ്പം, വനസംരക്ഷണവും അടിയന്തരസേവനങ്ങളുടെ ഏകോപനവും ലക്ഷ്യമിട്ടാണ് അയ്യൻ 4.0 ആപ്പ് സജ്ജമാക്കിയത്.
വെർച്വൽ ക്യൂ ബുക്കിങ്
ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ്ങിൽ പ്രതിദിനം വർധിപ്പിച്ച 5000 സ്ലോട്ട് തുറക്കുക ഘട്ടംഘട്ടമായി. ഒറ്റയടിക്ക് സ്ലോട്ടുകൾ തുറക്കാതെ, എല്ലാവർക്കും ലഭിക്കുന്നതരത്തിൽ റെയിൽവേയുടെ തത്കാൽ മാതൃകയിലാണ് പ്രതിദിനം വർധിപ്പിച്ച സ്ലോട്ടുകൾ തുറക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.
നവംബർ 30 വരെ അനുവദിച്ച വർധിപ്പിച്ച സ്ലോട്ടുകളിൽ ബുക്കുചെയ്യാൻ sabarimalaonline.org എന്ന വെബ്സൈറ്റിൽ ദിവസവും രാവിലെ 10 മണിക്ക് കയറണം. ഓരോ അഞ്ചുദിവസത്തേക്കുമുള്ള സ്ലോട്ടുകളാണ്, തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ഘട്ടംഘട്ടമായി രാവിലെ 10-ന് തുറക്കുക. അന്ന് അനുവദിച്ച എണ്ണം പൂർത്തിയാകുംവരെ ബുക്കുചെയ്യാം.
വർധിപ്പിച്ച 5000 പ്രതിദിന സ്ലോട്ടിൽ ആദ്യത്തേത് നവംബർ 21-ലേക്കുള്ളതായിരുന്നു. അത് തുറന്നത് 20-നാണ്. 20-ന് 5000 മുഴുവനായും തുറന്നു. എന്നാൽ, 22-ലേക്കുള്ളത് 4000 ആണ് ആദ്യം തുറന്നത്, പിറ്റേന്ന് ബാക്കി 1000-വും. ഇതേമാതൃകയിൽ വരാൻപോകുന്ന അഞ്ചുദിവസത്തേക്കുള്ള സ്ലോട്ടുകൾ തുറക്കും-തിരുവിതാംകൂർ ദേവസ്വം പി.ആർ.ഒ. ജി.എസ്. അരുൺ പറഞ്ഞു.
Content Highlights: As Sabarimala pilgrim footfall surges past 60,000 daily and Virtual Queue slots expand to 85,000, Forest Minister Shibu Baby John launched the multilingual Ayyan 4.0 mobile app offering offline routes, wildlife alerts, and emergency aid.