ശബരിമലയിൽ കോസ്റ്റ്ഗാർഡ് താഴ്ന്നുപറന്നത് അയ്യപ്പനെ തൊഴാനെന്ന് അന്വേഷണ റിപ്പോർട്ട്, ഉദ്യോഗസ്ഥനെ മാറ്റി

• ശബരിമല ക്ഷേത്രത്തിന് മുകളിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ
• ശബരിമല ക്ഷേത്രത്തിന് മുകളിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ

കൊച്ചി: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥനെതിരേ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ഈ ഉദ്യോഗസ്ഥന് ആകാശത്തുനിന്ന് അയ്യപ്പനെ തൊഴുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഹെലികോപ്റ്റർ താഴ്ത്തിപ്പറത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ്ഗാർഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇതിലുണ്ടായിരുന്നത്. ശബരിമല പോലുള്ള അതീവ സുരക്ഷാമേഖലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്നുപറന്നത് വിവാദമായതിനെ തുടർന്ന് ഉദ്യോഗസ്ഥനെ നെടുമ്പാശ്ശേരിയിലെ ചുമതലയിൽനിന്നുമാറ്റി കൊച്ചിയിലെ കോസ്റ്റ്ഗാർഡ് മേഖലാ ആസ്ഥാനത്തേക്ക് നിയമിച്ചു.

എന്നാൽ സംഭവത്തിലുള്ള ആഭ്യന്തര അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ് കോസ്റ്റ്ഗാർഡ് പറയുന്നത്. മോശം കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ വഴിമാറ്റിയതെന്ന വിശദീകരണത്തിൽ കോസ്റ്റ് ഗാർഡ് ഉറച്ചുനിൽക്കുകയാണ്. ഇതേ വിശദീകരണംതന്നെ ഹൈക്കോടതിയിലും നൽകിയ കോസ്റ്റ്ഗാർഡ് ഇത് സംബന്ധിച്ച കേസ് അവസാനിപ്പിക്കണമെന്നും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ആരോപണവിധേയനായ ഉദ്യോഗസ്ഥൻ നേരത്തേ ഗുരുവായൂർ ക്ഷേത്രത്തിനുമുകളിലൂടെയും ഇതേ ലക്ഷ്യത്തോടെ ഹെലികോപ്റ്റർ പറത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഡി.ജി.സി.എ.യിൽനിന്ന് വിവരങ്ങൾ തേടി കേരള പോലീസ്

പത്തനംതിട്ട: കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ക്ഷേത്രത്തിനുമുകളിൽ താഴ്‌ന്നുപറന്ന സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസ്, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻസിൽ (ഡി.ജി.സി.എ.) നിന്ന് വിവരങ്ങൾ തേടി. എയർ ട്രാഫിക് കൺട്രോളിൽ (എ.ടി.സി.) നിന്നുള്ള വിവരങ്ങളും തേടിയിട്ടുണ്ട്. അതീവ സുരക്ഷാമേഖലയായ ശബരിമലയിൽ ഉണ്ടായ ഈ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ഊർജിതമാക്കാനാണ് കേരള പോലീസിന്റെ തീരുമാനം.

ഏപ്രിൽ 23-ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സന്നിധാനത്ത് ഹെലികോപ്റ്റർ താഴ്‌ന്നുപറന്നതും ക്ഷേത്രത്തിനുമുകളിൽ നിശ്ചലമായിനിന്ന് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയതും. മൂന്ന് സേനാംഗങ്ങളാണ് അതിലുണ്ടായിരുന്നത്. ഒരാൾ മൊബൈലിൽ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് സന്നിധാനത്തുണ്ടായിരുന്ന ജീവനക്കാരാണ് മൊബൈലിൽ പകർത്തിയത്.

എയർ ട്രാഫിക് കൺട്രോൾ, ഡി.ജി.സി.എ. എന്നിവിടങ്ങളിൽനിന്നുള്ള ഡേറ്റ കിട്ടിയശേഷം കോസ്റ്റ് ഗാർഡിനെ സമീപിക്കാനാണ് നീക്കം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത് പമ്പാ പോലീസാണ്. ഡേറ്റ ചോദിച്ചെങ്കിലും ഡി.ജി.സി.എ.യിൽ നിന്നോ എ.ടി.സി.യിൽനിന്നോ ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.

Content Highlights: High-ranking Coast Guard officer under investigation for flying low over Sabarimala temple., Officer allegedly performed the stunt to view the deity from the air.