ശബരിമല കേസ്: ഭരണഘടനാ ചോദ്യങ്ങൾക്ക് മറുപടിയുമായി യാക്കോബായ സഭാ വിശ്വാസികൾ

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | ഫോട്ടോ: സാബു സ്‌കറിയ
പ്രതീകാത്മക ചിത്രം | ഫോട്ടോ: സാബു സ്‌കറിയ

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനക്കേസിൽ ഭരണഘടനാ ചോദ്യങ്ങൾക്ക് മറുപടി നൽകി യാക്കോബായ സഭാ വിശ്വാസികൾ. ഒരു മതവിഭാഗത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ മറ്റു വിഭാഗങ്ങൾക്ക് ചോദ്യം ചെയ്യാൻ കഴിയില്ലെന്നാണ് യാക്കോബായ സഭ വിശ്വാസികളുടെ നിലപാട്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തയ്യാറാക്കിയ ഏഴ് ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് യാക്കോബായ സഭ വിശ്വാസികൾ നിലപാട് എഴുതി നൽകിയത്.

ശബരിമല യുവതീപ്രവേശനത്തിലെ വിധി സ്വാഗതം ചെയ്യുകയും തുടർന്ന് വനിതാ മതിലിലടക്കം സജീവമായി പങ്കെടുത്തവരാണ് യാക്കോബായ സഭാ  വിശ്വാസികൾ. ഒരു മതവിഭാഗത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ മറ്റുവിഭാഗങ്ങൾക്ക് ചോദ്യം ചെയ്യാൻ കഴിയില്ലെന്നാണ് യാക്കോബായ സഭ എടുത്തിരിക്കുന്ന നിലപാട്. മാത്രമല്ല, ആചാരപരമായ വിഷയങ്ങളിൽ കോടതികൾക്ക് എത്രത്തോളം ഇടപെടാൻ കഴിയുമെന്നത് ഭരണഘടനാ വിഷയമാണെന്നും എഴുതി നൽകിയ സത്യവാങ്മൂലത്തിൽ യാക്കോബായ സഭ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

യാക്കോബായ സഭയെ സംബന്ധിച്ചിടത്തോളം ഈ കേസിലെ വിധി നിർണായകമാണ്. ആചാരപരമായ വിഷയങ്ങളിൽ കോടതികൾക്ക് ഇടപെടാൻ കഴിയില്ലെന്ന് പറഞ്ഞാൽ മലങ്കരസഭാ തർക്കം സജീവമാക്കാൻ കഴിഞ്ഞേക്കും. അതിനാൽ യാക്കോബായ സഭ പ്രതീക്ഷയോടെയാണ് ശബരിമല യുവതീപ്രവശന വിഷയത്തിലെ സുപ്രീംകോടതി വിധിയെ നോക്കി കാണുന്നത്. മലങ്കരതർക്കത്തിൽ ഒരു ഭാഗത്ത് യാക്കോബായ സഭയും മറുഭാഗത്ത് ഓർത്തഡോക്‌സ് സഭയുമാണ് നിൽക്കുന്നത്.

കോടതികൾക്ക് മതങ്ങളുടെ ആചാരങ്ങളിൽ ഇടപെടാൻ കഴിയുമോ, ആചാരങ്ങളുമായി ബന്ധപ്പെട്ട തർക്കം ഉണ്ടാവുമ്പോൾ കോടതിക്ക് ഉത്തരവ് പുറപ്പെടുവിക്കാൻ വേണ്ടി സാധിക്കുമോ, ഇത്തരം തർക്കങ്ങളുണ്ടാകുമ്പോൾ ആ മതവിഭാഗത്തിന് പുറത്തുള്ളവർക്ക് അത് ചോദ്യംചെയ്ത് കോടതികളെ സമീപിക്കാൻ വേണ്ടി കഴിയുമോ തുടങ്ങിയ ചോദ്യങ്ങൾക്ക് സുപ്രീം കോടതി ഉത്തരം നൽകും. ഇത് സഭാതർക്കത്തിലടക്കം നിർണായകമായിരിക്കുമെന്നും യാക്കോബായ സഭ കരുതുന്നു.

Content Highlights: The Sabarimala verdict's outcome is viewed as a potential precedent for the Malankara church dispute.