ശബരിമലയിലെ സ്വർണ്ണ കിരീടം സ്ട്രോങ് റൂമിൽ സേഫാണ്, ഇത്തവണ അരവണ ക്ഷാമം ഉണ്ടാകില്ല- കെ. ജയകുമാർ

തിരുവനന്തപുരം: തുലാമാസ പൂജയിൽ ശബരിമലയിൽ അരവണ ക്ഷാമം ഉണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. വരാനിരിക്കുന്ന മണ്ഡലകാലത്തും ആവശ്യത്തിന് അരവണ ലഭ്യമാക്കും. തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയിലെ സ്വർണ്ണക്കീരീടം കാണാതായി എന്ന വാർത്തകൾ തെറ്റാണെന്നും കെ. ജയകുമാർ പറഞ്ഞു. 2012-ൽ ഭക്തൻ സമർപ്പിച്ച 55 പവന്റെ സ്വർണ്ണക്കീരീടം സന്നിധാനത്തിലെ സ്‌ട്രോങ് റൂമിലുണ്ട്. തിരുവാഭരണ കമ്മിഷണർ ഇത് നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്. സമാനമായ മറ്റൊരു വസ്തു ആറന്മുളയിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.
അരവണ പ്ലാന്റ് വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. നിലവിൽ പ്രതിദിനം 2.6 ലക്ഷം ടിൻ അരവണയാണ് ഉൽപ്പാദനം. പുതിയ പ്ലാന്റ് സജ്ജമാകുന്നതോടെ ഒരുലക്ഷം ടിൻ കൂടി അധികമായി ഉത്പാദിപ്പിക്കാൻ കഴിയും. അതോടെ പ്രതിദിന ഉത്പാദനം 3.6 ലക്ഷം ടിൻ ആയി ഉയരും. ഒക്ടോബർ പത്തോടെ പഴയ ഉത്പാദന ശേഷിയായ 2.6 ലക്ഷം ടിന്നിലേക്ക് ഉത്പാദനം തിരികെ എത്തും. ഒക്ടോബർ 31-ഓടെയാണ് പുതിയ പ്ലാന്റ് പ്രവർത്തനക്ഷമമാകുക. അന്ന് മുതൽ ദിവസവും 3.6 ലക്ഷം ടിന്നുകൾ ഉത്പാദിപ്പിക്കാൻ കഴിയും. തുലാമാസ പൂജയ്ക്ക് എട്ട് ലക്ഷം ടിൻ അരവണയുടെ ബഫർ സ്റ്റോക്ക് ഉണ്ടാകും. നട തുറക്കുന്ന നവംബർ 16-ന് 75 ലക്ഷം ടിൻ അരവണയുടെ ബഫർ സ്റ്റോക്ക് ഉറപ്പാക്കുമെന്നും ജയകുമാർ പറഞ്ഞു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് അരവണ പ്ലാന്റ് നവീകരിക്കുന്നത്. രണ്ട് പുതിയ കൂളിങ് ചേമ്പറുകൾ, രണ്ട് പുതിയ ബോയിലറുകൾ എന്നിവ സജ്ജമാക്കും. ഇത് ടിൻ പൊട്ടുന്നതും ഫംഗസ് വരുന്നതും ഒഴിവാക്കാൻ സഹായിക്കും. അരവണ പ്ലാന്റിനുള്ളിൽ ഉണ്ടായിരുന്ന പഴയ സ്‌ട്രോങ് റൂം പൊളിച്ചു മാറ്റി പ്ലാന്റ് വിപുലീകരിച്ചുവെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
അരവണ നിർമ്മാണത്തിനുള്ള ശർക്കര ലഭ്യമാക്കാൻ മൂന്ന് തവണ ടെൻഡർ വിളിച്ചു. പുണെയിൽ നിന്നുള്ള കമ്പനിയുടെ സാമ്പിൾ പരിശോധന വിജയിച്ചു. ദേവസ്വം വിജിലൻസ് എസ്പി പുണെയിലെത്തി കമ്പനിയുടെ പ്രാപ്തി പരിശോധന നടത്തും. ഈ കമ്പനിയിൽ നിന്ന് 50 ലക്ഷം കിലോ ശർക്കര വാങ്ങും. ബാക്കി 25 ലക്ഷം കിലോ ശർക്കര ജെം (ഗവ. ഇ മാർക്കറ്റ്-GeM) പോർട്ടൽ വഴി വാങ്ങും. ആദ്യമായാണ് ജെം പോർട്ടൽ വഴി വാങ്ങുന്നത്.
ലിഡ് വിതരണത്തിനുള്ള പ്രാപ്തി പരിശോധന പൂർത്തിയായി. പ്രധാനപ്പെട്ട അസംസ്‌കൃത വസ്തുക്കളുടെ കരാറുകൾ ഒക്ടോബർ അഞ്ചിനകം ഒപ്പിടും. ബാക്കി എല്ലാ സപ്ലൈ കരാറുകളും ഒക്ടോബർ 15-ഓടെ പൂർത്തിയാക്കും. ഒക്ടോബർ 15-ന് ശേഷം പുതിയ കരാറുകൾ ഉണ്ടാകില്ല.
ശബരിമലയിലെ കടകൾ നൽകാൻ ടെൻഡർ കം ഇ-ഓക്ഷൻ രീതി നടപ്പാക്കും. ലേലത്തിലെ 'അഡ്ജസ്റ്റ്‌മെന്റുകൾ' ഒഴിവാക്കാനാണ് ഈ തീരുമാനം. അപേക്ഷകർ 'സുമംഗലി' ഓഡിറ്റോറിയത്തിൽ തടിച്ചുകൂടേണ്ടതില്ല. സ്വന്തം കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ലേലത്തിൽ പങ്കെടുക്കാം. ഇക്കുറി 11 മാസത്തേക്കായിരിക്കും കരാറുകൾ നൽകുന്നത്.
ശബരിമലയിൽ ഡിജിറ്റൈസേഷൻ നടപ്പാക്കും. എല്ലാ പണമിടപാടുകളും ഡിജിറ്റലാക്കി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സന്നിധാനത്ത് വഴിപാടുകൾക്കായി പ്രത്യേക ഡിജിറ്റൽ കിയോസ്‌കുകൾ സ്ഥാപിക്കും. ഇതിനായി ഏഴോ എട്ടോ ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇത് നടപ്പായാൽ ഭക്തർക്ക് വരി നിന്ന് വഴിപാട് നടത്തേണ്ടിവരില്ല. ശബരിമല ഒരുക്കങ്ങളെക്കുറിച്ച് സർക്കാരിന് എല്ലാ ആഴ്ചയും പ്രോഗ്രസ് റിപ്പോർട്ട് നൽകും. തീർഥാടന സീസണിൽ മൂന്ന് ദിവസത്തിലൊരിക്കൽ പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കുമെന്നും ജയകുമാർ പറഞ്ഞു.
ഇത്തവണ എഐ ക്യാമറകൾ ഉപയോഗിച്ച് തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കും. പോലീസ് സ്വന്തം പണം അഞ്ച് കോടി രൂപ ഉപയോഗിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഇതിന്റെ എഐ അധിഷ്ഠിത കൺട്രോൾ റൂം നിലയ്ക്കലിലാകും. നിലയ്ക്കലിൽ ആറായിരം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാക്കും. പോലീസിനും ആരോഗ്യവകുപ്പിനും ദേവസ്വത്തിൽ നിന്ന് ലെയ്‌സൺ ഓഫീസറെ നൽകും. ശബരിമലയിലെ സിവിൽ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഒക്ടോബർ 31-നകം എല്ലാ ജോലികളും പൂർത്തിയാകും. ജോലികളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്താൻ നാലുപേരടങ്ങുന്ന പ്രത്യേകസംഘത്തിന് രൂപം നൽകിയിട്ടുണ്ട്. സംഘം ഓരോ ആഴ്ചയും മരാമത്ത് ജോലികളുടെ ഗുണനിലവാര പരിശോധന നടത്തും.
Content Highlights: Travancore Devaswom Board President K Jayakumar announced that daily Aravana production at Sabarimala will increase to 3.6 lakh tins with a upgraded plant to prevent shortages during the Mandalam-Makaravilakku season.