അരവണ സൂക്ഷിക്കുന്ന മുറിയിൽ ജലാംശം; മണ്ഡലകാലം പാളുമെന്ന് സർക്കാരിന് ആശങ്ക; ശബരിമലയിൽ പ്രത്യേക ടീം?

തിരുവനന്തപുരം: ശബരിമലയിൽ ഇടയ്ക്കിടെ പ്രശ്നങ്ങളുണ്ടാവുന്ന പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരേ കടുത്ത നിലപാടുമായി സർക്കാർ. കഴിഞ്ഞദിവസങ്ങളിലുണ്ടായ അരവണപ്രതിസന്ധിയാണ് ഒടുവിലത്തെ വിഷയം. മണ്ഡലകാല തീർഥാടനം പാളിയാൽ, ഉത്തരവാദിത്വം സർക്കാരിലേക്കെത്തിക്കാനുള്ള ശ്രമത്തെ തടയുകയെന്ന ലക്ഷ്യംകൂടി ഇതിനുപിന്നിലുണ്ട്.
മണ്ഡലകാലം തുടങ്ങാൻ 55 ദിവസംമാത്രമാണുള്ളത്. പ്രത്യേക ടീമിനെ തീർഥാടന നടത്തിപ്പിന് നിയോഗിക്കുന്നത് ആലോചിക്കുമെന്ന് ദേവസ്വംമന്ത്രി കെ. മുരളീധരൻ സൂചന നൽകി. തീർഥാടന നടത്തിപ്പാണോ മേൽനോട്ടമാണോ പ്രത്യേക ടീമിന്റെ ചുമതലയെന്നതിൽ തീരുമാനമുണ്ടായിട്ടില്ല.
കന്നിമാസപൂജയ്ക്കെത്തിയ തീർഥാടകർക്ക് കഴിഞ്ഞദിവസങ്ങളിൽ ഒരാൾക്ക് ഒരു ടിൻ അരവണ മാത്രമാണ് നൽകിയത്. ഈ സ്ഥിതി മണ്ഡലകാലത്തും ആവർത്തിക്കുമോ എന്ന ആശങ്ക മന്ത്രി മുരളീധരൻ വീണ്ടും ഉന്നയിച്ചു.
മുൻ എൽ.ഡി.എഫ്. സർക്കാരാണ് നിലവിലെ ദേവസ്വം ബോർഡിനെ നിയമിച്ചത്. അരവണ പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിച്ച് സി.പി.എം. നേതാവ് കെ.എസ്. അരുൺകുമാർ, ബിനീഷ് കോടിയേരി എന്നിവർ രംഗത്തെത്തി.
സ്വയംഭരണാധികാരമുള്ള ദേവസ്വം ബോർഡിനെ മാറ്റണമെങ്കിൽ നിയമസഭയിൽ ബിൽ കൊണ്ടുവരണം. അതിനുള്ള നീക്കം തത്കാലം ഇല്ലെന്നാണ് വിവരം. പക്ഷേ, തീർഥാടനം പാളിയാൽ തിരിച്ചടികിട്ടുമെന്നു കണ്ടുള്ള നീക്കങ്ങളാണ് മന്ത്രി രണ്ടുമാസം മുൻപുതന്നെ തുടങ്ങിയത്. ശർക്കര ലേലം അടക്കമുള്ളവ വൈകിയതിൽ പ്രതിഷേധം അറിയിച്ച് ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന് കത്തു നൽകുകയും ചെയ്തിട്ടുണ്ട്. മുന്നൊരുക്കങ്ങൾ പാളുന്നതായി കത്തിൽ വ്യക്തമാക്കിയിരുന്നു.
മണ്ഡലകാലത്തിന് മുന്നോടിയായി അരവണപ്ലാന്റിന്റെ ശേഷി കൂട്ടുന്നതിനാണ് ഇപ്പോൾ അടച്ചതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. നവീകരണം പൂർത്തിയാകുന്നതോടെ പ്രതിദിന ഉത്പാദനശേഷി മൂന്നരലക്ഷത്തിലെത്തിക്കുകയാണ് ലക്ഷ്യം.
സൂക്ഷിക്കുന്നിടത്ത് ജലാംശം; കരുതൽശേഖരം കുറച്ചു
സൂക്ഷിക്കുന്ന മുറിയിൽ അന്തരീക്ഷത്തിലുണ്ടായ ജലാംശം ശബരിമലയിൽ അരവണയുടെ കരുതൽശേഖരം കൂട്ടുന്നതിന് തടസ്സമായി. പ്ലാന്റിനോട് ചേർന്ന ഹാളിലാണ് നല്ലൊരു പങ്കും സ്റ്റോക്ക് ചെയ്യുന്നത്. പ്ലാന്റിൽനിന്നുള്ള നീരാവി തണുത്ത് ഇവിടേക്കെത്തും. ഇത് ഒഴിവാക്കാനുള്ള ബ്ലോവറുകൾ കൃത്യമായി പ്രവർത്തിക്കാത്തതിനാലാണ് ഈർപ്പം തങ്ങിനിൽക്കുന്നത്. ബ്ലോവർ നന്നാക്കിത്തുടങ്ങിയിട്ടുണ്ട്.
പരീക്ഷണത്തിന് നിന്നുകൊടുക്കാൻ കഴിയില്ല-മന്ത്രി മുരളീധരൻ
: പരസ്പരം കുറ്റപ്പെടുത്തി പ്രസ്താവന ഇറക്കിയിട്ട് കാര്യമില്ല. സർക്കാരിന് ഉത്തരവാദിത്വം നിർവഹിച്ചേ മതിയാവൂ. വേണ്ടിവന്നാൽ ഹൈക്കോടതിയിൽ സർക്കാരിന്റെ ആശങ്ക അറിയിക്കും. ഒരു പ്രത്യേക ടീമിനെവെച്ച് ഉത്സവം നടത്തണമെന്നുള്ള കാര്യമൊക്കെ ഹൈക്കോടതിയുടെ അനുമതിയോടെ നടപ്പാക്കുന്നത് മുഖ്യമന്ത്രിയുമായി സംസാരിക്കും. ഒരു കാരണവശാലും ഇങ്ങനെ പരീക്ഷണത്തിന് നിന്നുകൊടുക്കാൻ കഴിയില്ല.
Content Highlights: Kerala government expresses strong dissatisfaction with the Travancore Devaswom Board over the recent Aravana crisis at Sabarimala., Only 55 days remaining for the Mandalam pilgrimage season, raising concerns over inadequate preparations., Devaswom Minister K Muraleedharan hints at deploying a special team to manage pilgrimage operations., Board cites plant maintenance and capacity enhancement to 3.5 lakh tins daily as the reason for the shutdown., Humidity issues in storage rooms caused by malfunctioning blowers led to a reduction in the Aravana reserve stock.