ശബരിമല പ്രക്ഷോഭം;യുവതികളെ പ്രവേശിപ്പിക്കാൻ പദ്മകുമാറിനെയും ശ്രീജിത്തിനെയും സന്നിധാനത്തുനിന്ന് അകറ്റി

#ജി.രാജേഷ്‌കുമാർ
Photo: PTI
Photo: PTI

പത്തനംതിട്ട: ശബരിമലയിൽ മുമ്പ് പോലീസ് സംരക്ഷണത്തിൽ യുവതികൾ പ്രവേശിച്ച സമയത്ത് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറിനെ സന്നിധാനത്തുനിന്ന് ബോധപൂർവം മാറ്റിനിർത്തിയതായി വിവരം. അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തലാണിത്. തന്റെ വീട്ടിലെ യുവതികളാരും ശബരിമല ദർശനത്തിന് പോകില്ലെന്ന് പ്രക്ഷോഭസമയത്ത് പദ്മകുമാർ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ അകറ്റിയത്. ഇതേദിവസം ശബരിമലയിലെ സുരക്ഷാചുമതലയിലുണ്ടായിരുന്ന, അന്നത്തെ ഐ.ജി. എസ്. ശ്രീജിത്തിനെയും സന്നിധാനത്തുനിന്ന് മാറ്റി. പോലീസ് ആസ്ഥാനത്തേക്ക് അടിയന്തരമായി എത്താനാണ് ഇദ്ദേഹത്തോട് നിർദേശിച്ചത്.

2019 ജനുവരി ഒന്നിന് മകരവിളക്ക് തീർഥാടനം നടക്കുമ്പോഴായിരുന്നു സംഭവം. അന്ന് ഉച്ചയ്ക്കുശേഷം പദ്മകുമാർ സന്നിധാനത്തേക്ക് സ്വാമി അയ്യപ്പൻ റോഡിലൂടെ പോകുമ്പോഴാണ് അടിയന്തരമായി തിരുവനന്തപുരത്തേക്ക് ചെല്ലാൻ ഭരണനേതൃത്വത്തിലുള്ള ഓഫീസിലെ ഒരു ഉന്നതൻ ഫോണിൽ ആവശ്യപ്പെട്ടത്.

സന്നിധാനത്തേക്കുള്ള യാത്ര പകുതിദൂരം പിന്നിട്ടപ്പോഴായിരുന്നു ആ ഫോൺവിളി. തിരുവനന്തപുരത്ത് എത്തി, പാർട്ടിയിലും ഭരണത്തിലും ഒരേപോലെ സ്വാധീനമുള്ള പ്രധാനപ്പെട്ട ഒരാളിനെ കാണണമെന്നായിരുന്നു നിർദേശം.

യാത്ര അവസാനിപ്പിച്ച് പദ്മകുമാർ തിരുവനന്തപുരത്തേക്ക് തിരിച്ചു. രാത്രി ഒരുമണിയോടെ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ഉന്നതന്റെ വീടിന് മുന്നിൽ ചെന്നെങ്കിലും ഉള്ളിലേക്ക് കടത്തിവിട്ടില്ല. ഇപ്പോൾ പറ്റില്ലെന്നായിരുന്നു പോലീസിന്റെ നിർദേശം. തിരുവനന്തപുരത്തേക്ക് ചെല്ലാൻ നിർദേശിച്ചയാളിനെ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹവും ഫോണെടുത്തില്ല.

രാവിലെ അഞ്ചരയോടെ ഉന്നതൻ നടക്കാനിറങ്ങുമ്പോൾ കാണാമെന്ന് പോലീസ് അറിയിച്ചു. പദ്മകുമാർ തിരുവനന്തപുരത്തുള്ള തന്റെ വീട്ടിലേക്ക് പോയി. അവിടെനിന്ന് രാവിലെ അഞ്ചിന് ഇദ്ദേഹത്തെ വീണ്ടും കാണാനായി ഇറങ്ങുംമുമ്പ് ടി.വി. വെച്ചുനോക്കുമ്പോഴാണ് സന്നിധാനത്ത്, ബിന്ദു അമ്മിണി, കനകദുർഗ എന്നിവർ ദർശനം നടത്തിയെന്ന വാർത്ത കാണുന്നത്. ഉടൻ തന്നെ പദ്മകുമാർ, ഉന്നതനെ കണ്ടു. തന്നോട് ഈ ചതി വേണ്ടായിരുന്നുവെന്ന് പറഞ്ഞെന്നാണ് വിവരം. കൂടുതലൊന്നും പറയാതെ അവിടെനിന്ന് മടങ്ങിയ അദ്ദേഹം നാട്ടിൽ വളരെ അടുപ്പമുള്ള ഒരാളോട് ഇക്കാര്യങ്ങൾ പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള കത്തുമായാണ്, അടുപ്പമുള്ള ആളെ കാണാൻ ചെന്നത്. പക്ഷേ, രാജിവെക്കാൻ അദ്ദേഹം സമ്മതിച്ചില്ല. ഭരണനേതൃത്വവുമായി അകൽച്ചയിലായ പദ്മകുമാറിനെ പാർട്ടിയും ഘട്ടംഘട്ടമായി ഒതുക്കുന്നതാണ് പിന്നീട് കണ്ടത്.

Content Highlights: A. Padmakumar was allegedly sidelined during the Sabarimala women's entry incident., He was summoned to Thiruvananthapuram under false pretenses while women entered the shrine., Padmakumar attempted to resign following the incident but was persuaded not to., The account highlights the internal dynamics between the Devaswom Board and state leadership.