ശബരിമല: മാസപൂജയ്ക്കുമാത്രം യുവതീപ്രവേശം, വിവരം ചോർന്നു, ഒത്തുതീർപ്പ് ശ്രമം പാളി

പത്തനംതിട്ട: ശബരിമല യുവതീപ്രവേശത്തിൽ 2018-ൽ പ്രക്ഷോഭനിരയിലുള്ള ഒരു വിഭാഗവുമായി ഒത്തുതീർപ്പിന് ശ്രമംനടന്നതായി വിവരം. എന്നാൽ, വിവരം ചോർന്നതിനെത്തുടർന്ന് പദ്ധതി പൊളിയുകയും പ്രക്ഷോഭം തുടരുകയുമാണുണ്ടായത്.
അന്നത്തെ ഭരണനേതൃത്വത്തിലുള്ളയാളാണ് സമവായത്തിനുള്ള നിർദേശം മുന്നോട്ടുവെച്ചത്. മണ്ഡലകാലംതുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോൾ, പ്രക്ഷോഭത്തിലുള്ള സംഘടനയുമായി ചർച്ചയ്ക്കുള്ള ധാരണയിലുമെത്തി. പ്രക്ഷോഭം മൂർച്ഛിച്ച്, കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഘട്ടത്തിലാണ് അന്നത്തെ സർക്കാർനേതൃത്വം സമവായത്തിന് ശ്രമിച്ചത്.
ചർച്ച നടക്കുംമുൻപുതന്നെ എന്തായിരിക്കണം തീരുമാനമെന്നതും ധാരണയിലെത്തിയിരുന്നു. മണ്ഡല മകരവിളക്ക് തീർഥാടനകാലത്ത് യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കാതെ നോക്കുക എന്നതായിരുന്നു പ്രധാനം. സർക്കാർ വിചാരിച്ചാൽ യുവതികൾ ആ സമയത്ത് എത്താതിരിക്കും. എന്നാൽ, പിന്നീടുവരുന്ന മാസപൂജകൾക്ക് യുവതികളെ പ്രവേശിപ്പിച്ച് സുപ്രീംകോടതിവിധി നടപ്പാക്കാമെന്നായിരുന്നു ധാരണ. അഞ്ചുദിവസമാണ് മാസപൂജ നടക്കുക. ഇതിൽ അഞ്ചാംദിവസം രാത്രി നടയടയ്ക്കുമ്പോൾ ശുദ്ധികലശം നടത്തിയാൽ മറ്റുപ്രശ്നങ്ങളില്ലെന്ന നിഗമനത്തിലെത്തുകയും ചെയ്തു.
ഈ ധാരണ നടപ്പാക്കാൻ തീരുമാനിച്ച് ബന്ധപ്പെട്ടവർ പിരിഞ്ഞെങ്കിലും ഭരണനേതൃത്വത്തിലുള്ളയാൾ ഒത്തുതീർപ്പ് നടക്കില്ലെന്ന് പിറ്റേന്ന് വ്യക്തമാക്കുകയായിരുന്നു. പ്രക്ഷോഭരംഗത്തുള്ള സംഘടനയുടെ ഒരു പ്രമുഖ നേതാവ് ഒത്തുതീർപ്പിന് വഴങ്ങില്ലെന്ന നിലപാടെടുത്തതിനെത്തുടർന്നായിരുന്നു ഇത്. ഈ നേതാവിന് പ്രക്ഷോഭരംഗത്തുള്ള സംഘടനയിലെ ചിലരിൽനിന്ന് ഒത്തുതീർപ്പ് വിവരം ചോർന്നുകിട്ടിയിരുന്നു. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും പറ്റില്ലെന്ന് അദ്ദേഹം നിലപാടെടുത്തതോടെയാണ്, സമവായനീക്കം വിജയിക്കില്ലെന്നുമനസ്സിലാക്കി, ഭരണനേതൃത്വത്തിലുള്ളയാൾ പിന്മാറിയത്.
അതിനുശേഷം സമരം പഴയതിലും ശക്തമായി. രഹ്ന ഫാത്തിമ ദർശനത്തിന് ശ്രമിച്ചുമടങ്ങി. അതിനുശേഷമാണ് ബിന്ദു അമ്മിണിയും കനകദുർഗയും 2019 ജനുവരി രണ്ടിന് പുലർച്ചെ സന്നിധാനത്തെത്തി ദർശനം നടത്തിയത്. പ്രക്ഷോഭകരും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ പടരുകയുംചെയ്തു.
Content Highlights: Details on the secret 2018 government-led compromise attempt during Sabarimala protests., The proposed plan to avoid women entry during Mandala-Makaravilakku season., How the deal collapsed due to internal leaks and organizational pressure., The sequence of events leading to the entry of Bindu Ammini and Kanakadurga in 2019.