3810 കോടിയുടെ ശബരി റെയിൽപാത പദ്ധതി; അസാധാരണ വിജ്ഞാപനം പുറപ്പെടുവിച്ച് സർക്കാർ, ജില്ലയിലെ 18 വില്ലേജുകളിൽ സർവേ

#ന്യൂസ് ഡെസ്ക്
ശബരി പദ്ധതിക്ക് വേണ്ടി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ ട്രാക്ക് കാടുകയറിയ നിലയില്‍
ശബരി പദ്ധതിക്ക് വേണ്ടി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ ട്രാക്ക് കാടുകയറിയ നിലയില്‍

കൊച്ചി: നിർദിഷ്ട അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത കടന്നുപോകുന്ന എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭൂമിയുടെ അതിർത്തി നിർണയിച്ച് സർവേ നടത്തും. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ വ്യാഴാഴ്ച അസാധാരണ വിജ്ഞാപനം പുറപ്പെടുവിച്ചു. ജില്ലയിലെ ആലുവ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ, താലൂക്കുകളിലെ 18 വില്ലേജുകളിലാണ് സർവേ നടക്കുക.

ആലുവ താലൂക്കിലെ അങ്കമാലി, നെടുമ്പാശ്ശേരി, കാലടി, മറ്റൂർ, വടക്കുംഭാഗം എന്നിവയും കുന്നത്തുനാട് താലൂക്കിലെ ചേലാമറ്റം, പെരുമ്പാവൂർ, കൂവപ്പടി, വേങ്ങൂർ വെസ്റ്റ്, രായമംഗലം, അശമന്നൂർ എന്നിവയും കോതമംഗലം താലൂക്കിലെ എരമല്ലൂർ, കോതമംഗലം എന്നിവയും മൂവാറ്റുപുഴ താലൂക്കിലെ മുളവൂർ, മൂവാറ്റുപുഴ, ഏനാനല്ലൂർ, വെള്ളൂർകുന്നം, മഞ്ഞള്ളൂർ എന്നിവയുമാണ് വില്ലേജുകളുടെ പട്ടികയിലുള്ളത്.

വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള ഈ വില്ലേജുകളുടെ സർവേ നമ്പറുകളിൽ ഉൾപ്പെടുന്ന ഭൂമികളുടെ അതിർത്തി തിരിച്ച് സർവേ നടത്താനാണ് സർക്കാർ നിർദേശം. ഭൂ ഉടമകൾ സർവേ ഉദ്യോഗസ്ഥർക്ക് ഇതിനുവേണ്ട വിവരങ്ങൾ നൽകണം. 15 ദിവസത്തിനകം നിശ്ചിത സർവേ നമ്പറുകളിലെ ഭൂമിയിൽ അളക്കുന്നതിനായി കാട് വൃത്തിയാക്കണമെന്നും വിജ്ഞാപനത്തിൽ ഉണ്ട്.

സർവേ നടപടികളുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ അതിർത്തി നിർണയിക്കുന്ന നടപടികളാണ് ഇനി നടക്കുക.

നീണ്ട കാത്തിരിപ്പ്

ശബരി പദ്ധതിക്ക് 3810 കോടി രൂപയാണ് ഇപ്പോഴുള്ള എസ്റ്റിമേറ്റ്. നിർമാണത്തിലെ തടസ്സങ്ങളും പ്രശ്‌നങ്ങളും മൂലം 2019 ലാണ് റെയിൽവേ ശബരി റെയിൽപ്പാത മരവിപ്പിച്ചത്. മരവിപ്പിച്ച നടപടി കഴിഞ്ഞവർഷം റദ്ദാക്കിയ റെയിൽവേ, തുടർനടപടികൾ എടുക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

നിർമാണ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന റെയിൽവേയുടെ ദീർഘകാല ആവശ്യം കഴിഞ്ഞ സർക്കാർ അംഗീകരിച്ചിരുന്നു. പുതിയ സർക്കാർ വന്നതിനുശേഷം ഇക്കാര്യങ്ങൾ വീണ്ടും അവലോകനം ചെയ്തുവരുകയായിരുന്നു. സർക്കാർ നിർദേശപ്രകാരം ശബരിപാതയുടെ നിലവിലുള്ള സ്ഥിതിയെക്കുറിച്ച് വിവിധ കളക്ടർമാർ റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു.

കാൽനൂറ്റാണ്ടിലേറെയായിട്ടും പൂർത്തിയാവാത്ത അങ്കമാലി-എരുമേലി ശബരി റെയിൽപ്പാതയ്ക്ക് 111 കിലോമീറ്റർ ആണ് ദൈർഘ്യം. 14 സ്റ്റേഷനുകൾ പാതയിലുണ്ട്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതി മൂലം ഈ മേഖലയിലെ ജനങ്ങളുടെ ദുരിതപൂർണമായ ജീവിതത്തെക്കുറിച്ച് 'മാതൃഭൂമി' രണ്ടു പരമ്പരകൾ ചെയ്തിരുന്നു. 

Content Highlights: The Kerala government has issued a notification to conduct a land boundary survey for the proposed Angamaly-Erumeli Sabari railway line across various villages in Ernakulam district. The survey will cover 18 villages across Aluva, Kunnathunadu, Kothamangalam, and Muvattupuzha taluks, with landowners required to provide necessary information and clear land within 15 days. The Sabari railway project, estimated at ₹3810 crore, has faced delays since 2019, with the state agreeing to cover half the construction costs; recent government actions aim to resume progress on the 111 km line with 14 stations.