അന്യസംസ്ഥാന രജിസ്‌ട്രേഷനുള്ള ബസുകളുടെ ഓട്ടം: തമിഴ്‌നാട് പരിശോധന കടുപ്പിച്ചു,യാത്രക്കാർക്ക് തിരിച്ചടി

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത സ്വകാര്യ ബസുകൾ യാത്രക്കാരുമായി തമിഴ്‌നാട്ടിലൂടെ ഓടുന്നതിനെതിരേ തമിഴ്നാട് മോട്ടോർവാഹന വകുപ്പ് പരിശോധന കർശനമാക്കി. കോയമ്പത്തൂർ, നാഗർകോവിൽ എന്നിവിടങ്ങളിൽ ബുധനാഴ്ച നടന്ന പരിശോധനയിൽ ഏഴു ബസുകൾ പിടികൂടിയിരുന്നു. ബുധനാഴ്ച രാത്രി െബംഗളൂരുവിലേക്കു പോയ തമിഴ്നാട് ബസുകൾ നാഗർകോവിൽ വടശ്ശേരി ബസ്‌സ്റ്റാൻഡിൽ തമിഴ്നാട് മോട്ടോർവാഹന വകുപ്പ്‌ അധികൃതർ തടഞ്ഞിരുന്നു. െബംഗളൂരുവിലേക്കു പോയ യാത്രക്കാർ ഇതോടെ പെരുവഴിയിലായി.

തമിഴ്‌നാട് ട്രാൻസ്‌പോർട്ട്, മോട്ടോർവാഹന വകുപ്പ് അധികൃതർ കൂടുതൽ സംഘത്തെ വ്യാഴാഴ്ച പരിശോധനയ്ക്കു നിയോഗിച്ചു. തമിഴ്നാട് രജിസ്ട്രേഷനില്ലാത്ത ബസുകൾ യാത്രക്കാരെ കയറ്റി തമിഴ്നാട്ടിലൂടെ ഓടരുതെന്ന മുന്നറിയിപ്പ് അധികൃതർ ആവർത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ 13-നാണ് മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത ബസുകൾ സംസ്ഥാനത്ത് ഓടുന്നതിൽ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയത്. എന്നാൽ, വിനോദസഞ്ചാരം, വിവാഹം, കുടുംബയാത്ര എന്നിവയ്ക്ക് യാത്രക്കാരുടെ വിവരം സൂക്ഷിച്ച് സർവീസ് നടത്താം. പൊതുഗതാഗതത്തിനു സമാനമായി ഒരിടത്തുനിന്ന്‌ ആളെ കയറ്റി മറ്റൊരിടത്ത് ഇറക്കുന്നതാണ് ഉത്തരവിലൂടെ തടഞ്ഞത്.

നിരവധി ബസുകളുള്ള തമിഴ്‌നാട് എക്സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് ഇതു നഷ്ടം വരുത്തുന്നുവെന്നാണ് നിഗമനം. സംസ്ഥാനത്തിനു ലഭിക്കേണ്ട വാഹനനികുതി മറ്റു സംസ്ഥാനങ്ങൾക്കു പോകുന്നതും തീരുമാനത്തിനു കാരണമാണ്.

ബസ് ഓപ്പറേറ്റർമാരുടെ ആവശ്യപ്രകാരം 18 വരെ നിയമം നടപ്പാക്കാൻ സമയപരിധി നൽകിയിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ട്രാൻസ്‌പോർട്ട് വകുപ്പ് ബസ് ഉടമകളെ ആവർത്തിച്ച് അറിയിച്ചിരുന്നു.

തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ദീർഘദൂര സർവീസുകളാണ് ഇനി ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്ക് ആശ്രയം.

കേരളത്തിൽനിന്ന്‌ സ്വകാര്യ ബസുകളിൽ യാത്രചെയ്യുന്ന വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് തമിഴ്‌നാടിന്റെ നടപടി തിരിച്ചടിയാകും.

Content Highlights: Running of buses with out of state registration, Tamil Nadu tightens checks