വി.സിയും അംഗങ്ങളും തമ്മില്‍ വാഗ്വാദം; സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മില്‍ വാഗ്വാദം.
ഡോ. സജി ഗോപിനാഥ് വിരമിച്ചതിനെത്തുടര്‍ന്ന് നിയമിതനായ കുസാറ്റ് പ്രൊഫസര്‍ ഡോ. കെ. ശിവപ്രസാദിന്റെ അധ്യക്ഷതയില്‍ കൂടിയ ആദ്യ സിന്‍ഡിക്കേറ്റ് യോഗത്തിലായിരുന്നു സംഭവം.
കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനാ പ്രസിഡന്റ് ആര്. പ്രവീണിനെതിരായ അന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട്, വി.സിയുടെ പരിശോധനയോ അംഗീകാരമോ കൂടാതെ നേരിട്ട് സിന്‍ഡിക്കേറ്റ് യോഗ അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ചചെയ്യാന്‍ ശ്രമിച്ചത് വി.സി. അനുവദിച്ചില്ല. ഇതാണ് വി.സിയും സിന്‍ഡിക്കേറ്റ് അംഗങ്ങളുമായുള്ള വാഗ്വാദത്തില്‍ കലാശിച്ചത്. തുടര്‍ന്ന് യോഗം വി.സി. പിരിച്ചുവിടുകയായിരുന്നു.
യോഗം പിരിച്ചുവിട്ട ശേഷം അംഗങ്ങള്‍ കൂട്ടായി സിന്‍ഡിക്കേറ്റ് യോഗം ചേർന്നു. സിന്‍ഡിക്കേറ്റിന്റെ സെക്രട്ടറി കൂടിയായ രജിസ്ട്രാര്‍, യോഗം പിരിച്ചുവിട്ടശേഷം ചേര്‍ന്ന അനധികൃത യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ചട്ടവിരുദ്ധമായി സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നതും രജിസ്ട്രാര്‍ യോഗത്തില്‍ പങ്കെടുത്തതും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് വി.സി. ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്.
Content Highlights: ruckus in technological university syndicate meeting