അസ്ഥിത്വം നിലനിർത്താൻ ജയം അനിവാര്യം; നിയമസഭാ തിരഞ്ഞെടുപ്പ് ആർഎസ്പിക്ക് നിലനിൽപ്പിന്റെ പോരാട്ടം

#ന്യൂസ് ഡെസ്‌ക്‌
Photo: Screengrab/ mbi news
Photo: Screengrab/ mbi news

കൊല്ലം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ആർഎസ്പിക്ക് നിലനിൽപ്പിന്റെ പോരാട്ടമാണ്. കഴിഞ്ഞ തവണ മത്സരിച്ച അഞ്ചു സീറ്റിലും തോറ്റ പാർട്ടിക്ക് നിയമസഭയിൽ പ്രാതിനിധ്യം പോലുമില്ല. കൊല്ലം ജില്ലയിൽ നിന്ന് മൂന്ന് സീറ്റുകൾ ജയിക്കുക എന്നതാണ് ഇത്തവണ ആർഎസ്പിയുടെ ലക്ഷ്യം. നിയമസഭാ തിരഞ്ഞെടുപ്പിൽ ആർഎസ്പിയുടെ പ്രതീക്ഷയാണ് കൊല്ലം ജില്ല. കഴിഞ്ഞ തവണ മത്സരിച്ച അഞ്ചിടങ്ങളിലും ദയനീയമായി തോറ്റ ആർഎസ്പിക്ക് ഇത് സ്വന്തം അസ്ഥിത്വം നിലനിർത്താനുള്ള പോരാട്ടം കൂടിയാണ്.

കൊല്ലം എന്നാൽ ആർഎസ്പി, അങ്ങനെയൊരു കാലമുണ്ടായിരുന്നു. ബേബി ജോണിന്റെയും കെ. ബാലകൃഷ്ണന്റെയും എൻ. ശ്രീകണ്ഠൻ നായരുടെയും കെ. പങ്കജാക്ഷന്റെയും നേതൃത്വത്തിൽ ആർഎസ്പി കൊല്ലത്താകെ തഴച്ചു വളർന്നിരുന്ന കാലം. 1996-ലെ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ നിന്ന് നാല് സീറ്റ് വരെ നേടി. അതായത് കൊല്ലത്ത് അന്ന് സിപിഎമ്മിനോളം കരുത്തുണ്ടായിരുന്ന പാർട്ടിയായിരുന്നു ആർഎസ്പി. കാലം കടന്നുപോയി ആർഎസ്പി പലതായി പിളർന്നു.

2021-ൽ അഞ്ച് സീറ്റുകളിലാണ് ആർഎസ്പി മത്സരിച്ചത്. എന്നാൽ പാർട്ടിയുടെ ഈറ്റില്ലമമെന്ന വിളിപ്പേരുള്ള ചവറയിൽ പോലും പച്ച തൊടാനായില്ല. ഇരവിപുരത്തും കുന്നത്തൂരും മട്ടന്നൂരും ആറ്റിങ്ങലിലും ദയനീയ പരാജയം നേരിട്ടു. എൻ.കെ പ്രേമചന്ദ്രന്റെ വ്യക്തിപ്രഭാവത്തിൽ ലോക്‌സഭാ സീറ്റ് നിലനിർത്താനായത് ഒഴിച്ചാൽ, ആർഎസ്പിക്ക് ഇന്ന് കൊല്ലത്ത് രാഷ്ട്രീയ തിരിച്ചുവരവ് തേടുകയാണ്.

ഷിബു ബേബി ജോൺ

നിയമസഭാ തിരഞ്ഞെടുപ്പിൽ എന്തുകൊണ്ടും ആർഎസ്പിക്ക് ജയിച്ചേ മതിയാകൂ. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ നേതൃത്വത്തിലാണ് ഇത്തവണ ആർഎസ്പി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നും ജയം. തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം. ഷിബു ബേബി ജോണിന് മണ്ഡലത്തിലുള്ള സ്വീകാര്യത. ഇവ ചവറയിൽ വോട്ടായി മാറുമമെന്നാണ് ഇത്തവണ ആർഎസ്പിയുടെ പ്രതീക്ഷ. പക്ഷേ ഇതേ സ്ഥിതിയിലാണ് 2021-ലും ഷിബു ബേബി ജോൺ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് എൽഡിഎഫ് സ്വതന്ത്രൻ സുജിത്ത് വിജയൻ പിള്ളയോട് പരാജയപ്പെട്ടു.

മുമ്പില്ലാത്ത തരത്തിലുള്ള യുഡിഎഫിലെ കെട്ടൊരുക്കം നേട്ടമാകുമെന്നും ആർഎസ്പി വിലയിരുത്തുന്നു. ഷിബു ബേബിജോൺ കൊല്ലത്ത് മത്സരിക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗത്തിന് ആഗ്രഹമുണ്ട്. പക്ഷേ ആ ആഗ്രഹം നടക്കില്ലെന്ന് ഷിബു ബേബിജോൺ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. കുന്നത്തൂരിൽ യുവനേതാവ് ഉല്ലാസസ് കോവൂരിനെ രംഗത്തിറക്കാനാണ് പാർട്ടി ആലോചിക്കുന്നത്. പക്ഷേ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തൂർ മണ്ഡലത്തിൽ ആർഎസ്പി സ്ഥാനാർഥികൾ ദയനീയമായാണ് തോറ്റത്. ഇത് തിരിച്ചടിയാകുമോ എന്ന ആശങ്ക പാർട്ടിക്കുണ്ട്.

എൻ.കെ പ്രേമചന്ദ്രൻ

കഴിഞ്ഞതവണ ദയനീയമായി പരാജയപ്പെട്ട ഇരവിപുരത്ത് ഇക്കുറി യുവാക്കളെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാണ് നീക്കം. കൊല്ലം കോർപ്പറേഷൻ കൗൺസിലർ എം.എസ് ഗോപകുമാർ, ജില്ലാ പഞ്ചായത്ത് മുൻ അംഗം സി.പി സുധീഷ് കുമാർ എന്നിവരിൽ ഒരാളെ സ്ഥാനാർഥിയാക്കും. പക്ഷേ ഈ സീറ്റിനായി മുസ്ലിം ലീഗ് രംഗത്തുണ്ട്. അതായത് മുന്നണിക്കുള്ളിൽ ഇരവിപുരത്തിന്റെ പേരിൽ തർക്കമുണ്ട്. ഇരവിപുരത്ത് എം. നൗഷാദ് ഇടതുപക്ഷത്തിനു വേണ്ടി വീണ്ടും മത്സരിച്ചാൽ ആർഎസ്പി നന്നായി വിയർപ്പൊഴുക്കേണ്ടി വരും.

പഴയപ്രതാപത്തിലേക്ക് എത്താനുള്ള രാഷ്ട്രീയ സാഹചര്യയോ അതിനുവേണ്ടിയുള്ള അണികളോ ഇന്ന് ആർഎസ്പിക്ക് ഇല്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ മറ്റ് ഘടകകക്ഷികൾ മികച്ച വിജയം നേടിയപ്പോൾ അത്രത്തോളം വിജയം നേടാൻ ആർഎസ്പിക്ക് സാധിച്ചതുമില്ല. ഇക്കാര്യങ്ങളൊക്കെ പരിശോധിച്ചാകും നിയമസഭാ തിരഞ്ഞെടുപ്പിനെ ആർഎസ്പി നേരിടുക.

Content Highlights: RSP faces an existential battle in the upcoming Kerala Assembly elections. After a rout in 2021, the party aims for a comeback, focusing on Kollam district. Will they reclaim their lost ground?