കോളേജ് വിദ്യാർഥികൾ നൂറുവട്ടം എഴുതി, ‘ഇനി ഞാൻ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല’

മൂലമറ്റം (ഇടുക്കി): അറക്കുളം ആലിൻചുവട് ഭാഗത്ത് കുടിവെള്ളസ്രോതസ്സിന് സമീപം ഭക്ഷണമാലിന്യം വലിച്ചെറിഞ്ഞ കോളേജ് വിദ്യാർഥികൾക്ക് 1000 രൂപ പിഴയും നൂറുതവണ ഇംപോസിഷനും. അറക്കുളം പഞ്ചായത്തിന്റേതാണ് പുതുമയുള്ള ഈ ശിക്ഷ. ‘ഇനി ഞാൻ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല’ എന്ന സത്യവാചകമാണ് നൂറു തവണയെഴുതാൻ പഞ്ചായത്ത് നിർദേശിച്ചത്. പഞ്ചായത്തോഫീസിൽ വെച്ചുതന്നെ നൂറുപ്രാവശ്യം ഇത് എഴുതിക്കൊടുത്ത് ആയിരം രൂപ പിഴയുമടച്ച് വിദ്യാർഥികൾ മടങ്ങി.
കോളേജ് വിദ്യാർഥികൾ 10,000 രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. ഇത്രയും വലിയ തുക അടയ്ക്കാൻ ശേഷിയില്ലെന്ന് സൂചിപ്പിച്ച് വിദ്യാർഥികൾ നൽകിയ അപേക്ഷ പരിഗണിച്ചാണ് പിഴ പത്തിലൊന്നായി കുറച്ചതും പകരം സത്യവാചകം എഴുതിപ്പിച്ചതും.
വിദ്യാർഥികൾ ബൈക്കിലെത്തി മാലിന്യംതള്ളിയത് കണ്ടയാൾ ഇത് വീഡിയോയിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ജില്ലാ ഹരിതകേരളം മിഷൻ ഇത് ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് പഞ്ചായത്ത് ഭരണസമിതി നടപടിയെടുത്തത്. നൂറിലേറെ കുടുംബങ്ങൾ കുടിക്കാനും മറ്റും ഉപയോഗിക്കുന്ന ജലസ്രോതസ്സിന് സമീപമാണ് വിദ്യാർഥികൾ മാലിന്യംതള്ളിയത്.
Content Highlights: Rs 1000 fine and 100 times imposition for college students who throw away food waste-public space