കൊച്ചിയിൽ ബാലവേല; ബിഹാറിൽ നിന്ന് എത്തിച്ച ഒമ്പത് കുട്ടികളെ രക്ഷിച്ച് RPF, രണ്ടുപേർ പിടിയിൽ

#മാതൃഭൂമി ന്യൂസ്
പ്രതീകാത്മകചിത്രം | Photo: AFP
പ്രതീകാത്മകചിത്രം | Photo: AFP

കൊച്ചി: കൊച്ചിയിൽ ബാലവേലയ്ക്കായി ബിഹാറിൽ നിന്ന് എത്തിച്ച ഒൻപത് കുട്ടികളെ ആർപിഎഫ് രക്ഷപ്പെടുത്തി. ട്രെയിനിലെ മനുഷ്യക്കടത്ത് തടയുന്നതിനുള്ള പതിവ് പരിശോധനയ്ക്കിടയിലാണ് പാറ്റ്‌ന-എറണാകുളം എക്സ്പ്രസ്സിൽ എത്തിയ കുട്ടികളെ ആർപിഎഫ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. 14 വയസ്സുള്ള എട്ടു കുട്ടികളെയും 17 വയസ്സുള്ള ഒരു കുട്ടിയെയുമാണ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് ട്രെയിൻ ഇറങ്ങിയ ഉടൻ തന്നെ ഇവരെ ആർപിഎഫ് സംഘം സുരക്ഷിതമായി മാറ്റുകയായിരുന്നു.

പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് ഫാക്ടറിയിൽ ജോലി ചെയ്യിക്കാനാണ് ഈ കുട്ടികളെ കൊണ്ടുവന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ ഗോപാൽഗഞ്ച് സ്വദേശിയായ സുനിൽ മോണ്ടൽ, സരൺ സ്വദേശിയായ ഡബ്ലുനാഥ് എന്നിവരെ ആർപിഎഫ് അറസ്റ്റ് ചെയ്തു. ഇവർ മുൻപും ഇത്തരത്തിൽ മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. നിലവിൽ ആർപിഎഫ് ഈ കേസ് തുടർനടപടികൾക്കായി റെയിൽവേ പോലീസിന് കൈമാറി.

രക്ഷപ്പെടുത്തിയ ഒൻപത് കുട്ടികളും ഇപ്പോൾ സംരക്ഷണ കേന്ദ്രത്തിലാണ് കഴിയുന്നത്. കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവർ എത്തുന്ന മുറയ്ക്ക് ആവശ്യമായ നിയമപരമായ നടപടികൾ പൂർത്തിയാക്കി കുട്ടികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുമെന്നും റെയിൽവേ പോലീസ് അറിയിച്ചു.

Content Highlights: Railway Protection Force rescues 9 children from human trafficking on the Patna-Ernakulam Express in Kochi.