ഇടുക്കിയിൽ റോഷി അഗസ്റ്റിൻ തന്നെ സ്ഥാനാർഥി; പ്രഖ്യാപനം നടത്തി ജോസ് കെ മാണി

#ന്യൂസ് ഡെസ്ക്
ജോസ് കെ.മാണിയും റോഷി അഗസ്റ്റിനും |ഫോട്ടോ:മാതൃഭൂമി
ജോസ് കെ.മാണിയും റോഷി അഗസ്റ്റിനും |ഫോട്ടോ:മാതൃഭൂമി

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ സിറ്റിങ് എംഎൽഎ റോഷി അഗസ്റ്റിൻ തന്നെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. കേരള കോൺഗ്രസ് എം ലീഡർ ജോസ് കെ മാണിയാണ് പ്രഖ്യാപനം നടത്തിയത്. കേരള കോൺഗ്രസ് എമ്മിന്റെ ആദ്യ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനമാണിത്. കട്ടപ്പനയിൽ 'വികസന മുന്നേറ്റ ജാഥ' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ് കെ.മാണി. 2001 മുതൽ ഇടുക്കിയെ റോഷിയാണ് പ്രതിനിധീകരിക്കുന്നത്. 2021-ൽ ഫ്രാൻസിസ് ജോർജിനെ 5573 വോട്ടുകൾക്കാണ് റോഷി പരാജയപ്പെടുത്തിയത്.

സിറ്റിങ് എംഎൽഎമാർ തുടരുമെന്ന് കേരള കോൺഗ്രസ് എം നേരത്തെ സൂചന നൽകിയിരുന്നു. എം.എൽ.എ.മാർ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയിട്ടുമുണ്ടായിരുന്നു. ജോസ് കെ.മാണി പാലായിൽ ഭവനസന്ദർശനം അടക്കമുള്ളവ നടത്തിവരുന്നുണ്ട്.

അതേസമയം സി.പി.എമ്മിന്റെ സ്ഥാനാർഥികളിൽ പാർട്ടി 13-ന് തീരുമാനം എടുക്കുമെന്നിരിക്കെ കേരള കോൺഗ്രസ് എമ്മിന്റെ അധിക സീറ്റ് ആവശ്യങ്ങളിൽ എന്തെന്നുള്ളതിൽ തീരുമാനമായിട്ടില്ല. കഴിഞ്ഞ തവണത്തെ 12 സീറ്റ് മാത്രമേ കേരള കോൺഗ്രസിന് കിട്ടൂ എന്നാണ് സൂചന. 13-ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതിനുമുമ്പ് ചർച്ചയുണ്ടാകുമെന്ന് കേരള കോൺഗ്രസിന് അറിയിപ്പും നൽകിയിട്ടില്ല.

മുന്നണി സീറ്റുധാരണ ഉണ്ടായശേഷമാകും പാർട്ടിക്കുള്ളിലെ സീറ്റുകൾ ആർക്കൊക്കെ എന്നതിൽ തീരുമാനമെടുക്കേണ്ടത്. കേരള കോൺഗ്രസിന്റെ ഹൈപവർ കമ്മിറ്റിയാണ് ഇക്കാര്യത്തിൽ ചേരേണ്ടത്. ഇടതുമുന്നണി വികസന സന്ദേശയാത്ര നടത്തുന്നതിന് മുമ്പ് സ്ഥാനാർഥി നിർണയത്തിന് ചെയർമാൻ ജോസ് കെ.മാണിയെ ചുമതലപ്പെടുത്തിയിരുന്നു.

Content Highlights: Roshy Augustine confirmed as LDF candidate for Idukki., Official announcement made by Jose K. Mani in Kattappana